Sunday, May 19, 2024
HomeKeralaനവകേരള ബസില്‍ ഒരു ഡ്രൈവര്‍ മാത്രം മതിയെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി

നവകേരള ബസില്‍ ഒരു ഡ്രൈവര്‍ മാത്രം മതിയെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി

കോഴിക്കോട്: ഏറെ വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ശേഷം കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സർവിസ് ആരംഭിച്ച നവകേരള ബസില്‍ ഒരു സർവിസിന് ഒരു ഡ്രൈവർ മാത്രം മതിയെന്ന നിർദേശവുമായി കെ.എസ്.ആർ.ടി.സി എം.ഡി.

കോഴിക്കോട് ഡി.ടി.ഒക്ക് അയച്ച ഫോണ്‍ സന്ദേശത്തിലാണ് ഗരുഡ പ്രീമിയം സർവിസില്‍ നിലവിലെ രണ്ട് ഡ്രൈവർ കം കണ്ടക്ടമാരുടെ ഡ്യൂട്ടി ഒഴിവാക്കി ഒരു ഡ്രൈവർ മാത്രമായി സർവിസ് നടത്തണമെന്ന് നിർദേശിക്കുന്നത്.

പുലർച്ച നാലിന് കോഴിക്കോടുനിന്ന് പുറപ്പെട്ട് ഉച്ചക്ക് ബംഗളൂരുവില്‍ എത്തുന്ന ഡ്രൈവർ അവിടെ താമസിച്ച്‌ പിറ്റേദിവസം ഉച്ചക്ക് വാഹനവുമായി തിരിച്ചു യാത്ര പുറപ്പെടുന്ന രീതിയില്‍ സർവിസ് ക്രമീകരിക്കണമെന്നാണ് നിർദേശം. ആധുനിക സംവിധാനങ്ങളോടെ റിസർവേഷൻ സർവിസ് നടത്തുന്ന ബസില്‍ ഒരു ഡ്രൈവർ മാത്രം മതിയെന്നും കണ്ടക്ടറുടെ ആവശ്യമില്ലെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തല്‍.

എന്നാല്‍ ഇത് സർവിസ് തകർക്കുന്ന മണ്ടൻ പരിഷ്‍കാരമാണെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂനിയനുകള്‍ പറയുന്നു. പുതിയ പരിഷ്കാരത്തിലൂടെ ഒരു ഡ്യൂട്ടി ലാഭിക്കാമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ വിലയിരുത്തല്‍. ഒരു ഡ്രൈവർ മാത്രമായി സർവിസ് നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. താമരശ്ശേരി, കല്‍പറ്റ, സുല്‍ത്താൻ ബത്തേരി, മൈസൂർ തുടങ്ങിയ പോയന്‍റുകളില്‍നിന്ന് യാത്രക്കാരെ കയറ്റാനുണ്ടാകും.

ടിക്കറ്റ് പരിശോധിച്ച്‌ യാത്രക്കാരെ കയറ്റാൻ ഡ്രൈവർ കാബിനില്‍നിന്ന് ഇറങ്ങിവരേണ്ടിവരും. മാത്രമല്ല റിസർവ് ചെയ്ത യാത്രക്കാർ ബസ് എവിടെയെത്തി എന്നറിയാൻ വിളിക്കുന്നതും ഡ്രൈവറുടെ ഫോണിലേക്കായിരിക്കും. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഇതിനെല്ലാം മറുപടി പറയാൻ കഴിയില്ല. ഇത് യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയും സർവിസ് നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും.

മുഖ്യമന്ത്രിയുടെ നവകേരള യാത്രക്കായി പരിശീലനം ലഭിച്ച ഡ്രൈവർമാർ തിരുവനന്തപുരത്ത് ഉണ്ടായിട്ടും അവരെ നിയോഗിക്കുകയോ കോഴിക്കോട്ടെ ഡ്രൈവർമാർക്ക് മതിയായ പരിശീലനം നല്‍കുകയോ ചെയ്യാതെയായിരുന്നു ഗരുഡ പ്രീമിയം സർവിസ് ആരംഭിച്ചത്. ഇത് കന്നിയാത്രയില്‍തന്നെ തിരിച്ചടിയായിരുന്നു.

യാത്രക്കാർ ബട്ടണ്‍ അമർത്തുകയും ഓട്ടോമാറ്റിക് ഡോർ തുറന്നുപോവുകയും തുടർന്ന് വാതില്‍ കെട്ടിവെച്ച്‌ യാത്രചെയ്യേണ്ട അവസ്ഥയുമുണ്ടായി. മടക്കയാത്രയില്‍ ശുചിമുറിയിലെ ഫ്ലഷ് പ്രവർത്തനരഹിതമായതായും പരാതിയുണ്ട്. ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കലും ഇനി വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ചുമതലയാവും. ഇത് യാത്ര വൈകാൻ ഇടയാക്കും.

ഒരു ഡ്യൂട്ടി കഴിഞ്ഞ് ബംഗളൂരുവില്‍ തങ്ങുന്ന ഡ്രൈവർക്ക് ഒരുദിവസത്തെ ഭക്ഷണത്തിന് മാത്രം 500 രൂപയില്‍ അധികം ചെലവ് വരുന്നത് അധിക സാമ്ബത്തിക ബാധ്യതയും വരുത്തിവെക്കും.

മാത്രമല്ല കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട ഒരുദിവസം ബംഗളൂരുവില്‍ നഷ്ടപ്പെടുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. പുതിയ പരിഷ്കാരം അംഗീകരിക്കാനാവില്ലെന്ന് കാണിച്ച്‌ കെ.എസ്.ആർ.ടി.സി എം.ഡിക്ക് കത്ത് നല്‍കിയിരിക്കുകയാണ് അംഗീകൃത യൂനിയനുകള്‍. പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‍കരിക്കുമെന്നും യൂനിയനുകള്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular