Sunday, May 19, 2024
HomeKeralaടെസ്റ്റിന് വാഹനം നല്‍കാതെ ഡ്രൈവിങ് സ്‌കൂളുകള്‍; സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

ടെസ്റ്റിന് വാഹനം നല്‍കാതെ ഡ്രൈവിങ് സ്‌കൂളുകള്‍; സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്.

ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിർദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

ലൈസൻസ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയ സർക്കുലർ പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധം കനത്തതിനെ തുടർന്ന് ചൊവ്വാഴ്ചയും ഡ്രൈവിങ് ലെസൻസ് ടെസ്റ്റ് തടസ്സപ്പെട്ടു. ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ ടെസ്റ്റിന് വിട്ടുനല്‍കാതെയാണ് പ്രതിഷേധം തുടരുന്നത്. പങ്കെടുക്കാൻ സന്നദ്ധരായവർക്കുപോലും ഇതുകാരണം ടെസ്റ്റില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ല.

ചൊവ്വാഴ്ച പത്തനംതിട്ട, തിരുവല്ല ഓഫീസുകളില്‍ മാത്രമാണ് ടെസ്റ്റ് നടന്നത്. ഇരുസ്ഥലത്തുമായി 11 പേർ പങ്കെടുത്തു. തിരുവനന്തപുരം മുട്ടത്തറയില്‍ വന്നവർക്ക് സാങ്കേതികപ്രശ്നങ്ങള്‍കാരണം മടങ്ങേണ്ടിവന്നു. നികുതിസംബന്ധമായ ഇടപാടുകള്‍ക്ക് മുൻഗണന നല്‍കുന്നതിനാല്‍, ബുധനാഴ്ച ആർ.ടി. ഓഫീസുകളില്‍ മാത്രമാണ് ഡ്രൈവിങ് ടെസ്റ്റുള്ളത്. സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ സംയുക്ത സമരസമിതിയും ഐ.എൻ.ടി.യു.സി. നേതൃത്വവും അറിയിച്ചു.

ഫെബ്രുവരിയില്‍ ഇറക്കിയ സർക്കുലറിലെ നിർദേശങ്ങള്‍ക്കെതിരേയാണ് സമരം തുടങ്ങിയത്. അതിലെ നിർദേശങ്ങള്‍ തത്കാലത്തേക്ക് മരവിപ്പിച്ച സാഹചര്യത്തില്‍ മറ്റൊരു വിട്ടുവീഴ്ചയ്ക്ക് മോട്ടോർവാഹനവകുപ്പും തയ്യാറല്ല. റോഡ് ടെസ്റ്റ് കടുപ്പിച്ചുവെന്നുപറഞ്ഞാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകളും ജീവനക്കാരും പരീക്ഷയ്ക്ക് എത്തുന്നവരെ പിന്തിരിപ്പിക്കുന്നത്. അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ നിർദേശങ്ങളോട് പൂർണമായും യോജിക്കുന്നതായി കേരള മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു.

പിൻവലിക്കണമെന്നാവശ്യപ്പെടുന്ന വ്യവസ്ഥകള്‍

• ഇടതുവശത്ത് ക്ലച്ചും ബ്രേക്കും ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ റോഡ് ടെസ്റ്റിന് ഉപയോഗിക്കരുത്.

• മോട്ടോർ സൈക്കിള്‍ വിത്ത് ഗിയർ വിഭാഗത്തില്‍ പാദത്താല്‍ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടോർ സൈക്കിളില്‍ മാത്രമാകും ടെസ്റ്റ്.

• 15 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കരുത്.

• ഓട്ടോമാറ്റിക് ഗിയർ/ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളും ടെസ്റ്റിന് അനുവദിക്കില്ല.

• ടെസ്റ്റ് വാഹനങ്ങളില്‍ ഡാഷ് ബോർഡ് ക്യാമറ, വെഹിക്കിള്‍ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം എന്നിവ ഉണ്ടായിരിക്കണം.

• മോട്ടോർ മെക്കാനിക്, മെക്കാനിക്കല്‍ എൻജിനിയറിങ് യോഗ്യതയുള്ളവരെ മാത്രമേ ഡ്രൈവിങ് സ്കൂള്‍ ഇൻസ്ട്രക്ടർമാരായി നിയമിക്കാവൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular