Monday, May 20, 2024
HomeIndiaആരേയും പേടിയില്ല, അഭിഷേക് 'ഷോക്ക്' പിന്നില്‍ യുവി മാജിക്ക്; നന്ദി പറഞ്ഞ് യുവതാരം

ആരേയും പേടിയില്ല, അഭിഷേക് ‘ഷോക്ക്’ പിന്നില്‍ യുവി മാജിക്ക്; നന്ദി പറഞ്ഞ് യുവതാരം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ പല യുവതാരങ്ങളും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച്‌ കൈയടി നേടുകയാണ്.

അതില്‍ എടുത്തു പറയേണ്ട താരങ്ങളിലൊരാളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ. 12 മത്സരത്തില്‍ 401 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 36.45 ശരാശരിയില്‍ കളിക്കുന്ന അഭിഷേകിന്റെ സ്‌ട്രൈക്ക് റേറ്റ് 205.64 ആണ്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയ താരം 30 ബൗണ്ടറികളും 35 സിക്‌സുകളുമാണ് ഈ സീസണില്‍ നേടിയത്.

അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ 28 പന്തില്‍ 75 റണ്‍സാണ് പുറത്താവാതെ അഭിഷേക് ശര്‍മ നേടിയത്. 8 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ മിന്നും പ്രകടനം. അഭിഷേകിന്റെ വളര്‍ച്ചക്ക് പിന്നില്‍ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്ങിന്റെ ഉപദേശങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ലഖ്‌നൗവിനെതിരായ മത്സരശേഷം അഭിഷേക് ശര്‍മ നന്ദി പറഞ്ഞത് യുവരാജ് സിങ്ങിനോടായിരുന്നു.

അഭിഷേക് ശര്‍മക്ക് പരിശീലനം നല്‍കിയിരുന്നത് യുവരാജായിരുന്നു. അഭിഷേകിന് യുവരാജ് നല്‍കിയ ഉപദേശങ്ങള്‍ താരത്തിന്റെ ബാറ്റിങ് മനോഭാവത്തില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഹൈദരാബാദിനൊപ്പം മുന്‍ സീസണുകളില്‍ ഇത്രയും വെടിക്കെട്ട് പ്രകടനം നടത്താന്‍ അഭിഷേകിന് സാധിച്ചിരുന്നില്ല. എന്നാല്‍ യുവരാജിന്റെ ഉപദേശത്തിന് ശേഷം അഭിഷേക് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ അഭിഷേകിന് സാധിക്കുന്നു.

തന്റെ ബാറ്റിങ് മനോഭാവം മാറ്റിയത് യുവരാജാണെന്ന് അഭിഷേക് തുറന്ന് പറഞ്ഞിട്ടുണ്ട്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കുന്ന അഭിഷേക് ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കണമെന്ന അഭിപ്രായവും ആരാധകര്‍ ഉയര്‍ത്തുന്നു. മോശം ഫോമിലുള്ള രോഹിത് ശര്‍മയെ മാറ്റി യശ്വസി ജയ്‌സ്വാളും അഭിഷേക് ശര്‍മയും ഇന്ത്യക്കായി ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യണമെന്നാണ് ആരാധകര്‍ പറയുന്നത്. പവര്‍പ്ലേയില്‍ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം ആവശ്യമാണ്.

അഭിഷേകിനെപ്പോലെ വിക്കറ്റ് നഷ്ടമാകുമോയെന്ന ഭയമില്ലാതെ കളിക്കുന്ന താരത്തെയാണ് ഇന്ത്യക്ക് ഓപ്പണറായി വേണ്ടതെന്നും ആരാധകര്‍ പറയുന്നു. പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ മത്സരഫലത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ അഭിഷേകിന് സാധിക്കുന്നു. രോഹിത് ശര്‍മ മോശം ഫോമിലാണുള്ളത്. തുടര്‍ച്ചയായി ഫ്‌ളോപ്പായതിന് പിന്നാലെ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം കരയുന്ന വീഡിയോയടക്കം പുറത്തുവന്നിരുന്നു. ടി20 ലോകകപ്പില്‍ രോഹിത് കസറുമോയെന്നതാണ് കണ്ടറിയേണ്ടത്.

അഭിഷേകിനെപ്പോലെ മികച്ച യുവതാരങ്ങള്‍ ഇന്ത്യക്കായി കസറാന്‍ കാത്തിരിക്കുന്നുണ്ട്. ബാക്കപ്പ് താരമായി ശുബ്മാന്‍ ഗില്ലിനെ പരിഗണിച്ച സ്ഥാനത്ത് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ശേഷിയുള്ള അഭിഷേകിനെ പരിഗണിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനത്തിന് പിന്നില്‍ യുവരാജിന്റെ ഉപദേശങ്ങള്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്നുറപ്പ്. ഭാവിയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി അഭിഷേക് മാറുമെന്ന് നിസംശയം പറയാം.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഹൈദരാബാദിന്റെ ജയം ലോക റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യത്തെ 10 ഓവറിനുള്ളില്‍ ഏറ്റവും സ്‌കോര്‍ നേടുന്ന ടീമായി ഹൈദരാബാദ് മാറിയിരിക്കുന്നത്. ടി20 ചരിത്രത്തില്‍ 10 ഓവറിനുള്ളില്‍ നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്. 9.4 ഓവറില്‍ 167 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ട്രാവിസ് ഹെഡിന്റെ ബാറ്റിങ്ങും എടുത്തു പറയേണ്ടതാണ്. 30 പന്തില്‍ 89 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. 8 വീതം ഫോറും സിക്‌സുമാണ് ഹെഡ് നേടിയത്.

ആര്‍സിബിയുടെ ബെഞ്ചിലിരുന്ന ഹെഡിനെ ഹൈദരാബാദ് ഓപ്പണറാക്കിയപ്പോള്‍ വെടിക്കെട്ട് പ്രകടനത്തോടെ ഹെഡ് സീസണില്‍ കസറുകയാണ്. ഇത്തവണത്തെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് കൂട്ടുകെട്ടായി ഹെഡും അഭിഷേകും മാറിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular