Monday, May 20, 2024
HomeIndiaഉടമ പരസ്യമായി അപമാനിച്ചു, ലഖ്‌നൗ വിടാന്‍ രാഹുല്‍! പുതിയ തട്ടകം മുംബൈയോ?

ഉടമ പരസ്യമായി അപമാനിച്ചു, ലഖ്‌നൗ വിടാന്‍ രാഹുല്‍! പുതിയ തട്ടകം മുംബൈയോ?

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്.

ഹൈദരാബാദിന്റെ തട്ടകത്തില്‍ 10 വിക്കറ്റിനാണ് ലഖ്‌നൗ നാണംകെട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 4 വിക്കറ്റിന് 165 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റ് നഷ്ടമാവാതെ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.

ട്രാവിസ് ഹെഡിന്റേയും (89*) അഭിഷേക് ശര്‍മയുടേയും (75*) വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിന് അനായാസ ജയമൊരുക്കിയത്. നായകനെന്ന നിലയില്‍ കെ എല്‍ രാഹുല്‍ തീര്‍ത്തും ദുരന്തമായതാണ് ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണമായത്. നായകനായും ബാറ്റ്‌സ്മാനായും രാഹുല്‍ നിരാശപ്പെടുത്തിയത് ലഖ്‌നൗവിന്റെ തോല്‍വിയുടെ മുഖ്യ കാരണമായി. മത്സരശേഷം വലിയ വിമര്‍ശനം രാഹുലിനെതിരേ ഉയര്‍ന്നിരുന്നു. ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയന്‍ക രാഹുലിനെ പരസ്യമായി ശാസിച്ചു.

രണ്ട് പേരും തമ്മില്‍ വലിയ തര്‍ക്കമാണ് മത്സര ശേഷം ഉണ്ടായത്. സഞ്ജീവ് വളരെ ദേഷ്യത്തോടെ രാഹുലിനോട് സംസാരിക്കുന്നതും രാഹുല്‍ ഇതിന് വിശദീകരണം നല്‍കാന്‍ ശ്രമിക്കുന്നതുമാണ് മൈതാനത്ത് കണ്ടത്. എന്നാല്‍ രാഹുലിന്റെ വാക്കുകള്‍ കേള്‍ക്കാതെ സഞ്ജീവ് ദേഷ്യപ്പെടുമ്ബോള്‍ നിരാശയോടെ നില്‍ക്കുന്ന രാഹുലിനേയും കാണാനായി. രാഹുലിനെ പരസ്യമായി അപമാനിക്കുന്ന നീക്കമാണ് ലഖ്‌നൗ ഉടമ നടത്തിയിരിക്കുന്നത്.

മൈതാനത്ത് നടന്ന സംഭവങ്ങള്‍ക്ക് ശേഷം ഡ്രസിങ് റൂമിലും ടീം ഉടമ രാഹുലിനെ വിമര്‍ശിച്ചുവെന്നാണ് വിവരം. രാഹുലിനെ സഞ്ജീവ് ശകാരിക്കുന്ന വീഡിയോ വൈറലാണ്. നായകനെന്ന നിലയില്‍ രാഹുലിനെ പരസ്യമായി അപമാനിക്കുന്ന നീക്കമാണ് സഞ്ജീവ് നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ രാഹുല്‍ ലഖ്‌നൗ വിടാന്‍ തയ്യാറെടുക്കുകയാണെന്ന് സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാഹുല്‍ സഞ്ജീവിനോട് തിരിച്ച്‌ തര്‍ക്കിക്കുന്നതും വീഡിയോയിലുണ്ട്.

ഇൗ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ രാഹുല്‍ കളിക്കുന്ന കാര്യവും സംശയമാണെന്നാണ് വിവരം. നിക്കോളാസ് പുരാനെ ലഖ്‌നൗ നായകനാക്കി രാഹുലിനെ പ്ലേയിങ് 11ല്‍ നിന്നേ ഒഴിവാക്കാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്. രാഹുലിനും ലഖ്‌നൗവില്‍ തുടരാന്‍ താല്‍പര്യം ഇല്ലെന്നാണ് വിവരം. ടീം ഉടമ പരസ്യമായി ദേഷ്യപ്പെട്ടത് സീനിയര്‍ താരമായ രാഹുലിനെ അപമാനിച്ചതായി വിലയിരുത്താം. ഡ്രസിങ് റൂമില്‍ ആയിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നമുണ്ടാവില്ലായിരുന്നു.

എന്നാല്‍ സഞ്ജീവ് പരസ്യമായി ഇത്തരത്തില്‍ രാഹുലിനോട് കയര്‍ത്തത് നായകനെന്ന നിലയിലും താരമെന്ന നിലയിലും രാഹുലിനെ അപമാനിക്കുന്ന നീക്കമാണ്. രാഹുലിന് ടി20 ലോകകപ്പ് ടീമിലും ഇടം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ലഖ്‌നൗ നായകനാക്കുന്നത് ടീമിന്റെ മൂല്യത്തേയും ബാധിക്കും. രാഹുലുമായി മുന്നോട്ട് പോകാന്‍ ലഖ്‌നൗ ടീം മാനേജ്‌മെന്റിന് താല്‍പര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെ വന്നാല്‍ രാഹുലിന്റെ കൂടുമാറ്റം ഉണ്ടായേക്കും.

രാഹുല്‍ മുംബൈ ഇന്ത്യന്‍സിലേക്ക് പോകാനുള്ള സാധ്യതയാണ് കൂടുതല്‍. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ അടുത്ത സീസണിന് മുമ്ബ് വലിയ ഉടച്ചുവാര്‍ക്കലിന് തയ്യാറെടുക്കുകയാണ്. ഹാര്‍ദിക്കും രാഹുലും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ രാഹുലിനെ ഒപ്പം കൂട്ടാന്‍ ഹാര്‍ദിക് നേരത്തെ ശ്രമം നടത്തുന്നുണ്ടായിരുന്നു. എന്തായാലും ലഖ്‌നൗ ഉടമയുമായുള്ള ഉടക്ക് രാഹുലിന്റെ കൂടുമാറ്റത്തിന് വഴിയൊരുക്കുമെന്നുറപ്പായിരിക്കുകയാണ്.

രാഹുലിന്റെ പവര്‍പ്ലേയിലെ മെല്ലപ്പോക്ക് ബാറ്റിങ് ലഖ്‌നൗവിന് ബാധ്യതയാണ്. ഹൈദരാബാദിനെതിരേ 33 പന്തില്‍ 29 റണ്‍സാണ് രാഹുല്‍ നേടിയത്. ട്രാവിസ് ഹെഡ് 30 പന്തില്‍ 89 റണ്‍സടിച്ച പിച്ചിലാണ് രാഹുലിന്റെ ഈ പ്രകടനം.

അതിവേഗം റണ്‍സുയര്‍ത്താന്‍ രാഹുല്‍ തയ്യാറാവുന്നില്ല. ഇത് ലഖ്‌നൗവിനെ കാര്യമായി ബാധിക്കുന്നു. പവര്‍പ്ലേയില്‍ രാഹുല്‍ മെല്ലപ്പോക്ക് നടത്തുമ്ബോള്‍ ടീമിന്റെ സ്‌കോറിനെ അത് കാര്യമായി ബാധിക്കുന്നു. രാഹുല്‍ കളിക്കാതിരിക്കുന്നതാണ് ലഖ്‌നൗവിന് നല്ലതെന്ന് നിലവിലെ പ്രകടനം വിലയിരുത്തുമ്ബോള്‍ പറയാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular