Monday, May 20, 2024
HomeIndiaപട്ടിയുടെ പാല്‍ കുടിക്കുന്ന കുട്ടി, കുഞ്ഞുമകളെ വില്‍പ്പനയ്‌ക്കുവച്ച മാതാവ്‌ , ഹൃദയം തകര്‍ത്ത കാഴ്‌ചകള്‍ രക്ഷിച്ചത്‌...

പട്ടിയുടെ പാല്‍ കുടിക്കുന്ന കുട്ടി, കുഞ്ഞുമകളെ വില്‍പ്പനയ്‌ക്കുവച്ച മാതാവ്‌ , ഹൃദയം തകര്‍ത്ത കാഴ്‌ചകള്‍ രക്ഷിച്ചത്‌ 67,000 കുട്ടികളെ

ചെറുപ്പത്തില്‍ മനസില്‍ വേരൂന്നിയതായിരുന്നു ദൈവവിശ്വാസം. കൊച്ചു യോഹന്നാന്‌ ഓരോ വയസ്‌ പിന്നിടുമ്ബോഴും, അമ്മ പകര്‍ന്ന വചനങ്ങളിലൂടെ അതു രൂഢമൂലമായി വന്നു.

പതിനാറാം വയസില്‍ പത്താം കാ്ലസ്‌ കഴിഞ്ഞ്‌ എട്ടു വര്‍ഷം സുവിശേഷവേലയ്‌ക്ക് ഇറങ്ങുമ്ബോള്‍ അതൊരിക്കലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക്‌ എത്തിച്ചേരുമെന്ന്‌ ഇന്നലെ അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച്‌ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത മോര്‍ യോഹന്‍ അത്താനാസിയോസ്‌ നിനച്ചിരുന്നില്ല.
എന്തുകൊണ്ട്‌ ജീവകാരുണ്യമേഖലയിലേക്കു തിരിഞ്ഞെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം രണ്ടു കഥകള്‍ പറഞ്ഞു. രണ്ടും വിമാനയാത്രകളില്‍ സംഭവിച്ചത്‌.

അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെ: ‘മുംബൈയിലെ ഒരു ചേരിയില്‍ ഒരു കുട്ടി പട്ടിയുടെ പാല്‍ കുടിക്കുന്ന ചിത്രം ഇംഗ്ലീഷ്‌ ദിനപത്രത്തിന്റെ ഒന്നാം പേജില്‍ കാണുന്നത്‌ വിമാനയാത്രയ്‌ക്കിടെയാണ്‌. ആ കാഴ്‌ച എന്നെ ചിന്തിപ്പിച്ചു. ആ കുട്ടിയുടെ സ്‌ഥാനത്ത്‌ ഞാനായിരുന്നെങ്കില്‍ എന്നു സങ്കല്‍പ്പിച്ചു നോക്കി. ദാരിദ്ര്യത്തിന്റെ വിഷമവൃത്തം ഭേദിക്കുക എന്ന ചിന്തമാത്രമായി പിന്നീട്‌. അങ്ങനെയാണ്‌ ഗ്രാമങ്ങളിലേക്കു പോയത്‌.

രാജസ്‌ഥാനിലെ ഒരു തോട്ടിപ്പണിക്കാരന്റെ കുടുംബത്തിലേക്കു ചര്‍ച്ചിന്റെ വളണ്ടിയര്‍മാര്‍ കടന്നുചെന്നത്‌ അയാളുടെ ദാരിദ്ര്യത്തെപ്പറ്റി മറ്റുള്ളവര്‍ പറയുന്നത്‌ കേട്ടായിരുന്നു. കക്കൂസ്‌ കൈകൊണ്ട്‌ തേച്ചു കഴുകുന്ന ജോലിയായിരുന്നു അയാള്‍ക്ക്‌. അതും നഷ്‌ടമായപ്പോള്‍ ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. ഭാര്യയും മക്കളുമുണ്ട്‌. നിങ്ങള്‍ക്ക്‌ എന്തു കിട്ടിയാല്‍ ജീവിക്കാന്‍ കഴിയുമെന്ന്‌ സന്നദ്ധപ്രവര്‍ത്തകര്‍ അയാളോടു ചോദിച്ചു. ഒരു എരുമയെ കിട്ടിയാല്‍ മതിയെന്നായിരുന്നു മറുപടി. സന്നദ്ധപ്രവര്‍ത്തകര്‍ അപ്പോള്‍തന്നെ കറവയുള്ള ഒരു എരുമയെയും കുട്ടിയെയും വാങ്ങിനല്‍കി. പൊട്ടിക്കരയുകയായിരുന്നു അയാള്‍. കരച്ചിലിനൊടുവില്‍ പറഞ്ഞു. ഞാന്‍ ഇന്നു രാത്രി സകുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കക്കൂസ്‌ കഴുകുന്ന ജോലിയായിരുന്നു ഏക വരുമാനം. അതും നിലച്ചപ്പോള്‍ പിന്നെ ജീവിക്കേണ്ടെന്നു കരുതി. ഇപ്പോള്‍ എന്നെ സ്‌നേഹിക്കുന്ന ഈശ്വരനുണ്ടെന്ന്‌ മനസിലായി. അങ്ങനെ ആ എരുമ അയാളുടെ ജീവന്‍ രക്ഷിച്ചു.

ബിലീവേഴ്‌സ് ചര്‍ച്ച്‌ 67000 കുട്ടികളെയാണ്‌ ആഹാരം നല്‍കി പഠിപ്പിക്കുന്നത്‌. അവര്‍ നശിച്ചുപോകേണ്ടവരായിരുന്നു. വഴി തെറ്റിപ്പോകേണ്ടവരായിരുന്നു. ചര്‍ച്ച്‌ ചെയ്യുന്നതു പുണ്യപ്രവൃത്തിയാണെന്നു പറയുന്നില്ല. ദൈവം നമുക്ക്‌ തന്ന സാഹചര്യം അവര്‍ക്കുകൂടി പകര്‍ന്നുനല്‍കുന്നുവെന്നേയുള്ളൂ. മുംബൈയിലുള്ളത്‌ ഒന്നേകാല്‍ ലക്ഷം തെരുവ്‌ കുട്ടികളാണ്‌. അവരെ സഹായിക്കേണ്ട ചുമതല നമുക്ക്‌ ഓരോരുത്തര്‍ക്കുമുണ്ട്‌. പാവങ്ങളെ സഹായിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കാന്‍ പാടില്ല. കൊടുക്കുക, സ്‌നേഹിക്കുക, കരുതുക അതിനപ്പുറമില്ല മറ്റൊന്നും.

മറ്റൊരു വിമാനയാത്രയിലാണ്‌ കുട്ടികളെ വില്‍പ്പനയ്‌ക്കു വച്ചിരിക്കുന്ന ഒരു ബംഗാള്‍ ഗ്രാമത്തിന്റെ കഥ അദ്ദേഹം ഇംഗ്ലീഷ്‌ പത്രത്തില്‍ വായിച്ചത്‌. മീനാട്ടി മുര്‍മു എന്ന യുവതി തന്റെ നാലാമത്തെ കുട്ടിയെയാണ്‌ വില്‍പ്പനയ്‌ക്ക് വച്ചത്‌. കുടുംബത്തിലെ ദാരിദ്ര്യമാണ്‌ കാരണം. കുട്ടിയെ കൊല്ലാനാണ്‌ ആദ്യം തീരുമാനിച്ചത്‌. സഹികെട്ട്‌ വില്‍പ്പനയ്‌ക്കുവയ്‌ക്കുകയായിരുന്നു. ഉടന്‍തന്നെ കൊല്‍ക്കത്തയിലുള്ള സഭയുടെ മേധാവികളെ വിവരമറിയിച്ചു. അവര്‍ ആ ഉള്‍നാടന്‍ ഗ്രാമത്തിലെത്തി. കുട്ടികളെ പഠിപ്പിക്കാനും മാതാവിന്‌ വരുമാനം കിട്ടാനുമുള്ള മാര്‍ഗങ്ങള്‍ ഒരുക്കിക്കൊടുത്തു.’

ബ്രിഡ്‌ജ് ഓഫ്‌ ഹോപ്പ്‌

ബ്രിഡ്‌ജ് ഓഫ്‌ ഹോപ്പ്‌ എന്ന സന്നദ്ധസംഘടന കുട്ടികളുടെ പോഷകാഹാരത്തിനും വിദ്യാഭ്യാസത്തിനുംവേണ്ടിമാത്രം രൂപവത്‌കരിച്ചതാണ്‌. ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മാത്രമല്ല, നേപ്പാളിലും ഭൂട്ടാനിലും വരെ ബ്രിഡ്‌ജ് ഓഫ്‌ ഹോപ്പ്‌ വ്യാപിച്ചു. മുംബൈയിലെ ചേരികളില്‍ ബ്രിഡ്‌ജ് ഓഫ്‌ ഹോപ്പിന്റെ സെന്ററുകളില്‍ വന്നിരുന്നത്‌ ഏറെയും മറ്റു മതസ്‌ഥരായ കുട്ടികളായിരുന്നു. ഈ ചേരിയെപ്പറ്റി വാര്‍ത്ത തയാറാക്കാന്‍ ചെന്ന മംഗളം ലേഖകന്‍ സഭയുടെ പ്രവര്‍ത്തകര്‍ കാണാതെ ഒരു മുസ്ലീം സ്‌ത്രീയോട്‌ ചോദിച്ചു. ഇവര്‍ ഇവിടെ മതപരിവര്‍ത്തനത്തിന്‌ നിര്‍ബന്ധിക്കുന്നുണ്ടോ? ഒരിക്കലുമില്ലെന്നായിരുന്നു അവരുടെ മറുപടി. ‘ഞങ്ങളുടെ കുട്ടികള്‍ ഇവിടെ വരുന്നു. മൂന്നു നേരം ഭക്ഷണം കഴിക്കുന്നു. പഠനത്തില്‍ അവരെ സഹായിക്കുന്നു. ഒരിക്കലും മറ്റു മതസ്‌ഥരെക്കുറിച്ചോ സ്വന്തം മതത്തെക്കുറിച്ചോ അവിടെ പറയുന്നില്ല.’

ബ്രിഡ്‌ജ് ഓഫ്‌ ഹോപ്പിന്റെ സെന്ററുകളിലൂടെ പതിനായിരക്കണക്കിന്‌ കുട്ടികള്‍ പോഷകാഹാരം കഴിച്ചുവളര്‍ന്നു. അവരുടെ അമ്മമാര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്തിക്കൊടുക്കാനും സഭയ്‌ക്ക് കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular