Monday, May 20, 2024
HomeEuropeചാമ്ബ്യൻസ് ലീഗില്‍ റയല്‍ മാഡ്രിഡ് അല്ലാതാര്!! അവസാന നിമിഷ ഇരട്ട ഗോളില്‍ ഫൈനലില്‍

ചാമ്ബ്യൻസ് ലീഗില്‍ റയല്‍ മാഡ്രിഡ് അല്ലാതാര്!! അവസാന നിമിഷ ഇരട്ട ഗോളില്‍ ഫൈനലില്‍

യുവേഫ ചാമ്ബ്യൻസ് ലീഗില്‍ റയല്‍ മാഡ്രിഡ് അല്ലാതെ പിന്നെ ആര്. അവർ അത്ഭുതങ്ങള്‍ കാണിക്കും. അവർക്കായി അത്ഭുതങ്ങള്‍ നടക്കും.

ഇന്നും അങ്ങനെ ഒരു ചാമ്ബ്യൻസ് ലീഗ് രാത്രി ആയിരുന്നു. ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍ എന്ന് ഉറപ്പിച്ച സമയത്ത് നൂയർ പോലൊരു ഇതിഹാസ ഗോള്‍കീപ്പർ ഒരു അബദ്ധം നടത്തുകയും അതില്‍ നിന്ന് റയലിന്റെ തിരിച്ചടി വരികയും. 1-0ന് പിറകില്‍ നിന്ന് 2-1 അതും നിമിഷങ്ങള്‍ക്ക് അകം. ആദ്യ പാദത്തില്‍ കളി 2-2 എന്ന സമനിലയില്‍ ആയിരുന്നു അവസാനിച്ചത്. അഗ്രിഗേറ്റ് സ്കോറില്‍ 4-3ന് ജയിച്ചാണ് റയല്‍ ഫൈനലിലേക്ക് പോകുന്നത്.

ബെർണബെയുവില്‍ ഇന്ന് തുടക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ അറ്റാക്കുകള്‍ ആണ് കാണാൻ ആയത്. ആദ്യ പകുതിയില്‍ കൂടുതല്‍ അറ്റാക്കും റയല്‍ മാഡ്രിഡിന്റെ ഭാഗത്തു നിന്നായിരുന്നു വന്നത്. നൂയറിന്റെ മികച്ച സേവും വിനീഷ്യസിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുന്നതും ആദ്യ പകുതിയില്‍ കാണാൻ ആയി.

രണ്ടാം പകുതിയില്‍ 55ആം മിനുട്ടില്‍ വിനീഷ്യസിന്റെ ഒരു പാസില്‍ നിന്ന് റോഡ്രിഗോയുടെ ഗോള്‍ ശ്രമം ചെറിയ വ്യത്യാസത്തിലാണ് പുറത്ത് പോയത്. 60ആം മിനുട്ടില്‍ വിനീഷ്യസിന്റെ ഒരു ഷോട്ട് ഫുള്‍ സ്ട്രച്ച്‌ ഡൈവിലൂടെ നൂയർ രക്ഷപ്പെടുത്തി.

67ആം മിനുട്ടില്‍ റയലിനെ ഞെട്ടിച്ചു കൊണ്ട് അല്‍ഫോണ്‍സോ ഡേവിസിന്റെ ഫിനിഷ്. താരത്തിന്റെ ചാമ്ബ്യൻസ് ലീഗ് കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. ഹാരി കെയ്നിന്റെ ഒരു ഡയഗണല്‍ പാസ് സ്വീകരിച്ചായിരുന്നു ഈ ഗോള്‍.

71ആം മിനുട്ടില്‍ ഒരു കോർണറില്‍ നിന്ന് റയല്‍ മാഡ്രിഡ് സമനില നേടിയിരുന്നു. എന്നാല്‍ ഗോളിന് മുമ്ബ് നാചോ കിമ്മിചിനെ ഫൗള്‍ ചെയ്തെന്ന് വാർ പരിശോധനയില്‍ കണ്ടെത്തി. ഗോള്‍ നിഷേധിക്കപ്പെട്ടു. സ്കോർ 1-0ല്‍ തുടർന്നു.

റയല്‍ ചില മാറ്റങ്ങള്‍ നടത്തി നോക്കിയിട്ടും ബയേണ്‍ ഡിഫൻസ് ഭേദിക്കാൻ റയലിനായില്ല. അവസാനം 87ആം മിനുട്ടില്‍ നൂയറിന്റെ അബദ്ധത്തില്‍ നിന്ന് റയലിന്റെ സമനില ഗോള്‍ വന്നു. വിനീഷ്യസിന്റെ അനായസം കൈക്കലാക്കാവുന്ന ഒരു ഷോട്ട് നൂയറിന്റെ കയ്യില്‍ നിന്ന് സ്ലിപ്പ് ആയി‌. ഹൊസേലു ആ അവസരം മുതലെടുത്ത് ഫിനിഷ് ചെയ്തു. സ്കോർ 1-1.

അധികം വൈകാതെ റയല്‍ മാഡ്രിഡ് ലീഡും എടുത്തു. ഇഞ്ച്വറി ടൈമിന്റെ ആദ്യ മിനുട്ടില്‍ ഹൊസേലുവിലൂടെ രണ്ടാം ഗോള്‍. ആദ്യം ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചു എങ്കിലും വാർ പരിശോധനയില്‍ അത് ഗോളാണെന്ന് വിധിച്ചു.

81ആം മിനുട്ടില്‍ സബ്ബായി എത്തിയാണ് ഹൊസേലു ഇരട്ട ഗോളടിച്ച്‌ വിജയം ഉറപ്പിച്ചത്. ഈ സീസണില്‍ ഹൊസേലു ആകെ 16 ഗോളുകള്‍ റയലിനായി അടിച്ചിട്ടുണ്ട്.അതില്‍ ഏറ്റവും വലിയ രണ്ടു ഗോളുകള്‍ ആണ് ഇന്ന് വന്നത്.

ഈ രണ്ടു ഗോളുകള്‍ ബയേണെ ആകെ തകർത്തു. അവർക്ക് ഒരു തിരിച്ചുവരവിനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഫൈനല്‍ വിസില്‍ വന്നപ്പോള്‍ 14 തവണ ചാമ്ബ്യന്മാരായിട്ടുള്ള റയല്‍ മാഡ്രിഡ് ഫൈനലില്‍‌. ജർമ്മൻ ക്ലബു തന്നെ ആയ ഡോർട്മുണ്ടിനെ ആകും റയല്‍ ഇനി ഫൈനലില്‍ നേരിടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular