Monday, May 20, 2024
HomeKeralaകൃഷി ഓഫിസറുടെ റിപ്പോര്‍ട്ട് മറികടന്നും വയല്‍ നികത്താൻ അനുമതി

കൃഷി ഓഫിസറുടെ റിപ്പോര്‍ട്ട് മറികടന്നും വയല്‍ നികത്താൻ അനുമതി

പെരിന്തല്‍മണ്ണ: കൃഷി ഓഫിസറുടെ റിപ്പോർട്ട് മറികടന്നും പെരിന്തല്‍മണ്ണ സബ് കലക്ടർ ഓഫിസില്‍ ഭൂമി തരം മാറ്റാൻ വ്യാപകമായി അനുമതി നല്‍കിയതായി വിജിലൻസ് പരിശോധനയില്‍ കണ്ടെത്തി.

പെരിന്തല്‍മണ്ണ, നിലമ്ബൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളാണ് പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷനില്‍. വിജിലൻസ് സി.ഐ ജോതീന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ കൃഷി, റവന്യൂ ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷൻ ഓഫിസില്‍ പരിശോധ നടത്തിയത്.

ഭൂമാഫിയയുടെ ഇടപെടലും സ്വാധീനവും പരിശോധനകളില്‍ തന്നെ വ്യക്തമായി. 2008ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് കൃഷിയോഗ്യമെന്ന് കൃഷി ഓഫിസർ റിപ്പോർട്ട് നല്‍കിയ കൃഷിയിടങ്ങള്‍ നികത്താൻ അനുമതി നല്‍കിയത്. ശ്രീധന്യ സുരേഷ് സബ് കലക്ടറായിരിക്കെയുള്ള സമയത്തെ ഫയലുകളാണ് സംഘം അധികവും പരിശോധിച്ചത്. കൃഷി ഓഫിസറുടെ റിപ്പോർട്ടുണ്ടെങ്കിലും ആവശ്യമെങ്കില്‍ ഫീല്‍ഡ് തല പരിശോധന നടത്തി തരംമാറ്റാൻ അനുമതി നല്‍കാവുന്നതാണെന്ന് കണ്ടാല്‍ ആർ.ഡി.ഒക്ക് അനുമതി നല്‍കാം. എന്നാല്‍, അത്തരത്തിലുള്ള പരിശോധനകള്‍ക്കപ്പുറത്ത് കണ്ണായ സ്ഥലങ്ങള്‍ ഭൂമാഫിയയുടെ സ്വാധീനത്തില്‍ നികത്താൻ അനുമതി നല്‍കിയതായാണ് കണ്ടെത്തിയത്.

ഏറനാട് താലൂക്കിലെ നറുകര വില്ലേജിലെ ചില അപേക്ഷകള്‍ക്ക് ഇത്തരത്തില്‍ നികത്താൻ അനുമതി നല്‍കി. പെരിന്തല്‍മണ്ണ താലൂക്കില്‍ മേലാറ്റൂർ വില്ലേജിലെ ഒരു കൃഷിയിടവും പെരിന്തല്‍മണ്ണ താലൂക്കിലെ പുളങ്കാവിനു സമീപത്തെ വയലും കൃഷി ഓഫിസറുടെ റിപ്പോർട്ട് മറികടന്നാണ് നികത്താൻ അനുവദിച്ചത്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത 50 സെന്റില്‍ കൂടുതലുള്ള കൃഷിയിടം നികത്താൻ അനുമതി നല്‍കുമ്ബോള്‍ പത്തു ശതമാനം ഭൂമി ജലവിന്യാസത്തിന് നിലനിർത്തണമെന്നത് ചട്ടമാണ്. ഇത് കടലാസില്‍ മാത്രമേയുള്ളൂ.

റാന്റം പരിശോധനയില്‍ എട്ട് അപേക്ഷകളില്‍ ചട്ടം മറികടന്ന് അനുമതി നല്‍കിയതായി കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ 11ന് തുടങ്ങിയ പരിശോധന വൈകീട്ട് അഞ്ചുവരെ തുടർന്നു. വിജിലൻസ് സി.ഐ ജ്യോതീന്ദ്ര കുമാറിനോടൊപ്പം തഹസില്‍ദാർ ഹക്കീം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, എസ്.ഐമാരായ ടി.ടി. ഹനീഫ, ഷിഹാബ്, സീനിയർ സി.പി.ഒ വിജയൻ, ധനേഷ് എന്നിവരായിരുന്നു സംഘത്തില്‍. റിപ്പോർട്ട് സർക്കാറിലേക്ക് നല്‍കും. തുടർ പരിശോധനകളുണ്ടാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular