Monday, May 20, 2024
HomeKeralaഓഹരി വിപണി കൂടുതല്‍ നഷ്ടത്തിലേക്ക്; മുത്തൂറ്റും മണപ്പുറവും വന്‍ ഇടിവില്‍

ഓഹരി വിപണി കൂടുതല്‍ നഷ്ടത്തിലേക്ക്; മുത്തൂറ്റും മണപ്പുറവും വന്‍ ഇടിവില്‍

ചെറിയ നഷ്ടത്തില്‍ തുടങ്ങിയിട്ട് കൂടുതല്‍ നഷ്ടത്തിലേക്ക് വിപണി നീങ്ങി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്ബോള്‍ മുഖ്യ സൂചികകള്‍ 0.35 ശതമാനം താഴ്ചയിലാണ്.

മിഡ്ക്യാപ്പുകളും സ്‌മോള്‍ക്യാപ്പുകളും തുടക്കത്തില്‍ നേട്ടത്തിലായിരുന്നെങ്കിലും പിന്നീടു നഷ്ടത്തിലായി.

വാഹന കമ്ബനികളാണ് ഇന്നു കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. ടി.വി.എസ് മോട്ടോഴ്സും ഹീറോ മോട്ടോകോര്‍പ്പും ആറു ശതമാനത്തോളം കയറി.

എന്‍.ബി.എഫ്.സികള്‍ വായ്പ വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയത് ഫിനാന്‍സ് കമ്ബനികളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയവയുടെ ഓഹരികള്‍ക്കു വലിയ ആഘാതമായി. രണ്ട് ഓഹരികളും രാവിലെ എട്ടു ശതമാനത്തിലധികം താഴ്ന്നു. പിന്നീടു നഷ്ടം നാലു ശതമാനമായി കുറഞ്ഞു. പണമായി 20,000 രൂപയില്‍ കൂടുതല്‍ കൈമാറാന്‍ പാടില്ല എന്ന വ്യവസ്ഥ കര്‍ക്കശമാക്കുന്നത് ഇടപാടുകള്‍ ദുഷ്‌കരമാക്കും എന്ന് എന്‍.ബി.എഫ്.സികള്‍ കരുതുന്നു. എല്ലാ എന്‍.ബി.എഫ്.സികള്‍ക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് മുത്തൂറ്റും മണപ്പുറവും ചൂണ്ടിക്കാട്ടി.

ഇടിവില്‍ ഇസാഫ്, ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ഓഹരികള്‍

എല്‍ ആന്‍ഡ് ടിയുടെ വരുമാന വളര്‍ച്ചയും ലാഭമാര്‍ജിനും കുറവാകുമെന്ന മാനേജ്‌മെന്റ് വിലയിരുത്തല്‍ ഓഹരിയെ താഴ്ത്തി. ഓഹരി രാവിലെ അഞ്ചു ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു.

ലാഭമാര്‍ജിന്‍ കൂടുകയും അറ്റാദായം ഇരട്ടിയോളം ആകുകയും ചെയ്തതിനെ തുടര്‍ന്ന് കിര്‍ലോസ്‌കര്‍ ഓയില്‍ ഓഹരി 10 ശതമാനം കുതിച്ചു. പിന്നീടു നേട്ടം കുറഞ്ഞു.

പിരമള്‍ എന്റര്‍പ്രൈസസിന്റെ പലിശ മാര്‍ജിന്‍ ഗണ്യമായി കുറഞ്ഞു. ആസ്തിയും കുറഞ്ഞു. ഓഹരി അഞ്ചു ശതമാനം താഴ്ചയിലായി.

സുല വിന്യാഡ്‌സിന്റെ ലാഭ മാര്‍ജിനില്‍ 320 ബേസിസ് പോയിന്റ് ഇടിവുണ്ടായി. ഓഹരി നാലു ശതമാനത്തിലധികം താഴ്ന്നു.

ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റല്‍ ആപ്പിന് നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ മുഴുവന്‍ നീക്കിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്ക് ഓഹരി രണ്ടര ശതമാനം കയറി.

ബജാജ് കണ്‍സ്യൂമര്‍ കെയര്‍ 57.41 ലക്ഷം ഓഹരികള്‍ 290 രൂപ വീതം നല്‍കി തിരികെ വാങ്ങുമെന്നു പ്രഖ്യാപിച്ചു. വിപണിവിലയേക്കാള്‍ 10 ശതമാനം കൂടുതലാണിത്. ഓഹരി ആറു ശതമാനം താഴ്ന്നു.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നു രാവിലെ കരുത്തു കാണിച്ചു. ഡോളര്‍ നാലു പൈസ നഷ്ടത്തില്‍ 83.48 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 83.45 രൂപയായി.

സ്വര്‍ണം ലോകവിപണിയില്‍ 2,314 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 52,920 രൂപയായി.

ക്രൂഡ് ഓയില്‍ വില വീണ്ടും കയറ്റത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് 83.97 ഡോളര്‍ വരെ എത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular