Monday, May 20, 2024
HomeKeralaലഭ്യമാകുമായിരുന്ന 50000 കോടി ഇല്ലാതാക്കി കെഎസ്‌ഇബിയെ നശിപ്പിച്ച്‌ ഉപഭോക്താക്കാളെ ദ്രോഹിക്കുന്നതാരെന്ന് ഇനിയെങ്കിലും ജനം തിരിച്ചറിയണം

ലഭ്യമാകുമായിരുന്ന 50000 കോടി ഇല്ലാതാക്കി കെഎസ്‌ഇബിയെ നശിപ്പിച്ച്‌ ഉപഭോക്താക്കാളെ ദ്രോഹിക്കുന്നതാരെന്ന് ഇനിയെങ്കിലും ജനം തിരിച്ചറിയണം

കേരളം ഇപ്പോള്‍ നേരിടുന്ന വൈദ്യുതി പ്രതിസന്ധി ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാത്തതാണ്. ആവശ്യത്തിന് നദീജലവും ജലവൈദ്യുത പദ്ധതികളുമുള്ള കേരളം സ്വന്തമായി ഉത്പാദിപ്പിക്കുന്നത് ആവശ്യമുള്ളതിന്റെ വെറും 20 ശതമാനത്തില്‍ താഴെ വൈദ്യുതി മാത്രമാണ്.

80 ശതമാനം വൈദ്യുതിയും പുറത്തുനിന്ന് വിലകൊടുത്തു വാങ്ങുകയാണ്. വൈദ്യുതി പ്രതിസന്ധി പോലെ ഏറ്റവുമധികം വൈദ്യുതി നിരക്ക് ജനങ്ങളെ പിഴിഞ്ഞ് ഈടാക്കുന്നതും കേരളത്തില്‍ മാത്രമാണ്. മുൻകാല റിക്കാർഡുകള്‍ ഭേദിച്ച്‌ കേരളം കൊടുംചൂടില്‍ വെന്തുരുകുമ്ബോള്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 111.79 ദശലക്ഷം യൂണിറ്റെന്ന സർവകാല റിക്കാർഡിലെത്തി. വൈകിട്ട് 6 മണി മുതല്‍ രാത്രി 12 വരെയുള്ള സമയത്തെ വൈദ്യുതി ഉപഭോഗമാണ് കുതിച്ചുയരുന്നത്.

പ്രതിദിന വൈദ്യുതി ആവശ്യകത 5500ല്‍ നിന്ന് 5608 മെഗാവാട്ടിലെത്തിയതും സർവകാല റിക്കാർഡാണ്. ഉപഭോഗം കൂടുന്നതിനനുസരിച്ച്‌ പുറത്തുനിന്ന് വാങ്ങേണ്ട വൈദ്യുതിയുടെ തോതാണ് ഉയരുന്നത്. കേരളം ജലസമ്ബുഷ്ടമാണെങ്കിലും ജലവൈദ്യുത പദ്ധതികളില്‍ നിന്ന് കഴിഞ്ഞ 25 വർഷത്തിനിടെ ഒരു യൂണിറ്റ് വൈദ്യുതി പോലും സംസ്ഥാനത്ത് പുതുതായി ഉത്പാദിപ്പിച്ചിട്ടില്ല. യൂണിറ്റിന് ഒരു രൂപയില്‍ താഴെ മാത്രം ഉത്പാദന ചിലവ് വരുന്ന ജലവൈദ്യുത പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാതെ യൂണിറ്റിന് 4 രൂപ മുതല്‍ 12 രൂപ വരെ നല്‍കിയാണ് പുറത്തുനിന്ന് വാങ്ങുന്നത്. ഇത്രയേറെ പ്രതിസന്ധി നിലനില്‍ക്കുമ്ബോഴാണ് വൈദ്യുതി ബോർഡ് ഉപഭോക്താക്കളോട് വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം പാലിക്കണമെന്ന് ഉപദേശിക്കുന്നത്. ഉപയോഗിക്കുന്ന വൈദ്യുതിക്ക് ബോർഡ് കണക്കാക്കി നല്‍കുന്ന ബില്ല് തുക അതെത്രയായാലും ഒരു പ്രതിഷേധവും കൂടാതെ നല്‍കുന്ന ഉപഭോക്താവിനോട് വൈദ്യുതി ഉപഭോഗം കുറച്ചില്ലെങ്കില്‍ ലോഡ്ഷെഡിംഗ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ബോർഡിന്റെ ഭീഷണി.

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും വൈദ്യുതി ക്ഷാമമോ ലോഡ്ഷെഡിംഗ് പോലുള്ള നിയന്ത്രണമോ ഇല്ലാതിരിക്കെ കേരളത്തിലെ ഉപഭോക്താക്കളോടാണ് അവർ ചോദിക്കുന്ന തുക കൊടുത്തിട്ടും നിയന്ത്രണങ്ങള്‍ക്ക് വിധേയരാകാൻ ബോർഡ് അധികൃതർ ഉപദേശിക്കുന്നത്. ഈ കൊടും വേനലിലെ ഉപഭോഗ വർദ്ധനവുമായി ബന്ധപ്പെട്ട് ബോർഡില്‍ നിന്നും സർക്കാരില്‍ നിന്നും ഏറ്റവുമധികം പഴി കേള്‍ക്കേണ്ടി വന്ന രണ്ട് വൈദ്യുതി ഉപകരണങ്ങളാണ് എ.സിയും വൈദ്യുതി വാഹനങ്ങളും. ഇവ രണ്ടുമാണ് ഈ വേനലിലെ ഉപഭോഗ വർദ്ധനക്ക് കാരണമെന്നാണ് ബന്ധപ്പെട്ടവർ പ്രചരിപ്പിക്കുന്നത്. എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യാനും വൈദ്യുത വാഹനങ്ങള്‍ രാത്രിയില്‍ ചാർജ് ചെയ്യുന്നതൊഴിവാക്കാനുമാണ് പ്രചാരണം. കൊടും ചൂടില്‍ ആശ്വാസം തേടാൻ കേരളീയരുടെ എ.സി ഉപയോഗം വ്യാപകമായിക്കഴിഞ്ഞു. അതുപോലെ ഇലക്‌ട്രിക് വാഹനങ്ങളും. ഇതുരണ്ടും വരുംകാലത്തും കൂടുകയല്ലാതെ കുറയുന്ന പ്രശ്നമില്ല. ഇവിടെയാണ് കാര്യങ്ങള്‍ മുൻകൂട്ടി കാണാനുള്ള ബോർഡിന്റെ ആസൂത്രണമില്ലായ്മയും നിരുത്തരവാദിത്വവും പ്രകടമാകുന്നത്. സ്വന്തം കഴിവുകേടിന് ഉപഭോക്താക്കളെ പഴിക്കുന്ന വിഡ്ഡിത്തം !

ഒന്നുമാകതെ കേന്ദ്ര വൈദ്യുതി നിയമം

രാജ്യത്താകെ വൈദ്യുതി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 2003ല്‍ പാർലമെന്റ് പാസാക്കിയ വൈദ്യുതി ഭേഗതി നിയമം നടപ്പാക്കാത്ത ഏകസംസ്ഥാനമാണ് കേരളം. സംസ്ഥാനം സാമ്ബത്തികമായി കുത്തുപാളയെടുത്തതിനു സമാനമാണ് കേന്ദ്രവിരുദ്ധതയുടെ പേരില്‍ വൈദ്യുതി ഭേദഗതി നിയമം നടപ്പാക്കാത്തതും. വൈദ്യുതമേഖലയില്‍ മൂലധന നിക്ഷേപവും മത്സരവും വർദ്ധിപ്പിക്കുന്നതിലൂടെ കുറഞ്ഞ വിലയില്‍ വൈദ്യുതി നല്‍കുന്ന ഏത് കമ്ബനിക്കും വൈദ്യുതി വാങ്ങുകയും വില്‍ക്കുകയും ചെയ്യാമെന്നതിനാല്‍ വൈദ്യുതി ബോർഡുകളുടെ കുത്തക അവസാനിക്കും. ഉപഭോക്താവിന് ആവശ്യാനുസരണം സേവനദാതാവിനെ തിരഞ്ഞെടുക്കാം.

വൈദ്യുതി രംഗത്തെ രാഷ്ട്രീയ അതിപ്രസരവും മാനേജ്മെന്റിനെപ്പോലും വരുതിയില്‍ നിറുത്തിയുള്ള ട്രേഡ് യൂണിയനുകളുടെ അഴിമതി ഭരണവും മൂലമാണ് ബോർഡ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. കേന്ദ്രനിയമം നടപ്പാക്കാത്തതുമൂലം കേരളത്തിന് വൈദ്യുതി രംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായ നഷ്ടം 50,000 കോടിയിലേറെയാണ്. വൈദ്യുതി രംഗത്ത് കാലാനുസൃതമായ സാങ്കേതികതയും അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കാൻ ഇതുമൂലം കഴിയുന്നില്ല.

സ്മാർട്ട് മീറ്ററും വേണ്ട

കേന്ദ്ര നയത്തിന്റെ ഭാഗമായ സ്മാർട്ട് മീറ്റർ പദ്ധതി യൂണിയനുകളുടെ പിടിവാശിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. അതുമൂലം കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട കോടികളുടെ സബ്സിഡിയാണ് വൈദ്യുതി ബോർഡിന് നഷ്ടമായത്. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയാല്‍ മാത്രം ഒരു വർഷം വൈദ്യുതി വാങ്ങുന്നതില്‍ 1000 കോടി വീതം ലാഭിക്കാമെന്നാണ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്മാർട്ട്മീറ്റർ പദ്ധതി നടപ്പാക്കിയെങ്കിലും കേരളത്തില്‍ മാത്രമാണ് അതിന് വിലക്ക്. 3600 കോടിയുടെ കേന്ദ്രസഹായം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നീക്കമാണ് സ്മാർട്ട് മീറ്റർ പദ്ധതിയെ എതിർത്തതിലൂടെ യൂണിയനുകള്‍ ചെയ്തത്.

വൈദ്യുതി ഉപഭോഗത്തിന്റെ 150ലധികം വ്യത്യസ്ഥ സ്വഭാവ സവിശേഷതകള്‍ മനുഷ്യ ഇടപെടലില്ലാതെ വൈദ്യുതി ബോർഡിന്റെ സർവറില്‍ എത്തിക്കുന്നതാണ് സ്മാർട്ട് മീറ്റ‌ർ. പ്രീപെയ്ഡ് സംവിധാനം വരുന്നതോടെ വൈദ്യുതി ഉപഭോഗം ഉപയോക്താക്കള്‍ക്ക് നിരീക്ഷിക്കാനാകും. ഓഫീസില്‍ ഇരുന്നു തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനും എത്ര വൈദ്യുതി ഉപയോഗിച്ചുവെന്ന് കണക്കാക്കാനും ബോർഡ് അധികൃതതർക്ക് കഴിയും. ഇപ്പോള്‍ വൈദ്യുതി ഉപയോഗിച്ച്‌ ഒരു മാസം കഴിയുമ്ബോഴാണ് ബോർഡിന് പണം ലഭിക്കുന്നത്. പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ വന്നാല്‍ പണം അഡ്വാൻസായി ലഭിക്കും. ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച്‌ വ്യത്യസ്ഥ നിരക്കും നിലവില്‍ വരും. അതിനാല്‍ വൈദ്യുതിയില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്താനും നിരക്ക് കൂടിയ സമയത്ത് ഉപഭോക്താവിന് വേണമെങ്കില്‍ ഉപയോഗം കുറയ്ക്കാനുമാകും.

സംസ്ഥാനത്ത്‌ ആദ്യഘട്ടത്തില്‍ 37 ലക്ഷം സ്‌മാർട്ട് വൈദ്യുതി മീറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പദ്ധതിയെ സ്വകാര്യവത്ക്കരണമായി വ്യാഖ്യാനിച്ച്‌ ഇവിടെ അതനുവദിക്കുകയില്ലെന്ന നിലപാടാണ് യൂണിയനുകള്‍ സ്വീകരിച്ചത്. സ്മാർട്ട് മീറ്ററുകള്‍ നടപ്പായാല്‍ പ്രീപെയ്ഡ് സംവിധാനം നിലവില്‍ വരും. അതോടെ മീറ്റർ റീഡർ, ബില്ലിംഗ് സെക്ഷൻ തസ്തികകളിലെ ജീവനക്കാർ ഇല്ലാതാകുമെന്നതാണ് യൂണിയനുകള്‍ ഉന്നയിക്കുന്ന മറ്റൊരു വാദം. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ കേന്ദ്രം 15 ശതമാനം ഗ്രാന്റും അടിസ്ഥാന വികസനത്തിന് 60 ശതമാനം ഗ്രാന്റും നല്‍കും. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്രത്തിന്റെ ഗ്രാന്റ് ലഭിക്കുകയില്ല. ചുരുക്കത്തില്‍ വൈദ്യുതി ചോർച്ച തടയാൻ കഴിയാതാകുന്നതോടെ 400 കോടിയും കേന്ദ്ര ഗ്രാന്റ് ലഭിക്കാതെ 3600 കോടിയും കേരളത്തിന് നഷ്ടപ്പെടുന്ന സ്ഥിതിയാണ്. അഴിമതിയും ധൂർത്തും ആസൂത്രണമില്ലായ്മയും തൊഴിലാളി സംഘടനകളുടെ ധാർഷ്ട്യവും കൊണ്ട് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന സർക്കാർ സ്ഥാപനമായി ബോർഡ് മാറി. പൊതുഖജനാവ് മുടിച്ചുകൊണ്ട് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സി യുടെ വഴിയിലേക്കാണ് വൈദ്യുതി ബോർഡിന്റെയും പോക്കെന്ന് ചുരുക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular