Monday, May 20, 2024
HomeIndia'അയാള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വര്‍ഗീയ വിഷം ചീറ്റുന്ന തിരക്കില്‍'; മോദിക്കെതിരെ രാഹുലിന്റെ വിഡിയോ പങ്കുവെച്ച്‌ സി.കെ....

‘അയാള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വര്‍ഗീയ വിഷം ചീറ്റുന്ന തിരക്കില്‍’; മോദിക്കെതിരെ രാഹുലിന്റെ വിഡിയോ പങ്കുവെച്ച്‌ സി.കെ. വിനീത്

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ നിരന്തരം വർഗീയ പരാമർശങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്ത്യൻ ഫുട്ബാള്‍ താരം സി.കെ.

വിനീത്. അദാനിയും അംബാനിയും കോണ്‍ഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നല്‍കിയെന്നും ടെമ്ബോവാൻ നിറയെ കോണ്‍ഗ്രസിന് നോട്ടുകെട്ട് നല്‍കിയോ എന്നുമുള്ള മോദിയുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പുറത്തുവിട്ട വിഡിയോ ‘എന്തൊരു മറുപടി’ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചായിരുന്നു വിനീതിന്റെ പ്രതികരണം. അന്വേഷണങ്ങള്‍ക്ക് പകരം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വർഗീയ വിഷം ചീറ്റുന്ന തിരക്കിലാണ് അദ്ദേഹമെന്നും വിനീത് കൂട്ടിച്ചേർത്തു.

‘എന്തൊരു മറുപടി. അന്വേഷണങ്ങള്‍ക്ക് പകരം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വർഗീയ വിഷം ചീറ്റുന്ന തിരക്കിലാണ് അദ്ദേഹം. നാണക്കേട്’ -എന്നിങ്ങനെയായിരുന്നു വിഡിയോ പങ്കുവെച്ച്‌ സി.കെ. വിനീതിന്റെ കുറിപ്പ്. ഐ-ലീഗില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബ് താരമായ വിനീത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും കളത്തിലിറങ്ങിയിരുന്നു.

ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ തന്റെ നിലപാടുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി പങ്കുവെക്കുന്ന സി.കെ. വിനീത്, മണിപ്പൂർ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന കായിക താരങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ദേശീയ ഫുട്ബാള്‍ ടീമിലെ മണിപ്പൂര്‍ സ്വദേശികളായ പല താരങ്ങളുടെയും വീടുകള്‍ പൂർണമായും തകർന്നെന്നും ഇവരില്‍ പലരും സുഹൃത്തുക്കളുടെ വീടുകളില്‍ അഭയം തേടിയിരിക്കുകയാണെന്നും എന്നാല്‍ ഇതുസംബന്ധിച്ച യാതൊരു വാർത്തകളും മാധ്യമങ്ങള്‍ ചർച്ച ചെയ്യുന്നില്ലെന്നുമായിരുന്നു താരം എക്സില്‍ കുറിച്ചത്.

അദാനിയും അംബാനിയും കോണ്‍ഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നല്‍കിയെന്നും ടെമ്ബോവാൻ നിറയെ കോണ്‍ഗ്രസിന് നോട്ടുകെട്ട് നല്‍കിയോ എന്നുമുള്ള മോദിയുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി വിഡിയോയിലൂടെ മറുപടി നല്‍കിയത്. അവര്‍ ടെമ്ബോയില്‍ പണം നല്‍കിയെന്ന് താങ്കള്‍ക്ക് എങ്ങനെ അറിയാമെന്നും അത് സ്വന്തം അനുഭവം ആണോയെന്നുമായിരുന്നു മോദിയോട് രാഹുലിന്റെ ചോദ്യം. ‘നമസ്കാരം മോദിജി. താങ്കള്‍ പേടിച്ചു പോയോ? സാധാരണ അടച്ചിട്ട മുറികളിലാണ് താങ്കള്‍ അദാനി-അംബാനി കാര്യങ്ങള്‍ സംസാരിക്കാറുള്ളത്. ഇതാദ്യമായി പൊതുയിടത്തില്‍ താങ്കള്‍ അദാനി, അംബാനി എന്നൊക്കെ പറയുന്നു. ടെമ്ബോയിലാണ് പൈസ എത്തിക്കുന്നത് എന്നൊക്കെ താങ്കള്‍ക്ക് അറിയാം അല്ലേ..! താങ്കളുടെ സ്വന്തം അനുഭവമാണോ അത്?. ഒരു കാര്യം ചെയ്യൂ, സി.ബി.ഐയെയും ഇ.ഡിയെയും ഇവരുടെ (അദാനി- അംബാനി) അടുത്തേക്ക് അയക്കൂ. മുഴുവൻ കാര്യങ്ങളും അന്വേഷിക്കൂ. പെട്ടന്ന് തന്നെ ചെയ്യൂ… ഇങ്ങനെ പേടിക്കല്ലേ മോദിജി’ -എന്നിങ്ങനെയായിരുന്നു രാഹുലിന്റെ വാക്കുകള്‍.

‘ഞാൻ രാജ്യത്തോട് ഉറപ്പിച്ച്‌ പറയുന്നു: എത്ര പൈസ മോദിജി ഇവർക്ക് (കോടീശ്വരൻമാർക്ക്) നല്‍കിയോ, അത്രയും പണം ഞങ്ങള്‍ രാജ്യത്തെ പാവപ്പെട്ടവർക്ക് നല്‍കാൻ പോവുകയാണ്. മഹാലക്ഷ്മി യോജന, പെഹ്‍ലി നൗകരി യോജന എന്നിവയിലൂടെ കോടിക്കണക്കിന് ആളുകളെ ലക്ഷാധിപതികളാക്കും. ഇവർ 22 കോടിപതികളെ ഉണ്ടാക്കി, ഞങ്ങള്‍ കോടിക്കണക്കിന് ലക്ഷാധിപതികളെ ഉണ്ടാക്കും’ -രാഹുല്‍ വിഡിയോയില്‍ തുടർന്നു.

അംബാനിക്കും അദാനിക്കുമെതിരായ വിമർശനം രാഹുല്‍ നിർത്തിയത് പണം ലഭിച്ചത് കൊണ്ടാണന്നും അവരുമായി ഉണ്ടാക്കിയ ‘ഡീല്‍’ വെളിപ്പെടുത്തണമെന്നും തെലങ്കാനയിലെ കരിംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മോദി പ്രസംഗിച്ചത്. ‘തെലങ്കാനയുടെ മണ്ണില്‍ നിന്ന് ഞാൻ ചോദിക്കുകയാണ്: ഈ തെരഞ്ഞെടുപ്പില്‍ അംബാനിയില്‍നിന്നും അദാനിയില്‍ നിന്നും ഷെഹ്‌സാദ (രാഹുല്‍ ഗാന്ധി) എത്ര വാങ്ങി? അയാള്‍ക്ക് ഇവരില്‍നിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകള്‍ നിറച്ച ടെമ്ബോവാൻ കോണ്‍ഗ്രസിന്റെ അടുത്ത് എത്തിയോ? ഒറ്റരാത്രികൊണ്ട് അംബാനിയെയും അദാനിയെയും പറയുന്നത് നിർത്താൻ എന്ത് കരാറാണ് ഉണ്ടാക്കിയത്? അഞ്ച് വർഷമായി നിങ്ങള്‍ അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് ഇപ്പോള്‍ ഒറ്റരാത്രികൊണ്ട് നിർത്തി. അതിനർത്ഥം നിങ്ങള്‍ക്ക് എന്തെങ്കിലും ലഭിച്ചു എന്നാണ്. ഇക്കാര്യത്തില്‍ നിങ്ങള്‍ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും” -എന്നായിരുന്നു മോദിയുടെ പ്രസംഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular