Saturday, May 18, 2024
HomeKeralaമലയാളി സൈനികൻ പ്രദീപിന്റെ സംസ്‌കാരം; കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്താൻ അനുവദിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

മലയാളി സൈനികൻ പ്രദീപിന്റെ സംസ്‌കാരം; കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്താൻ അനുവദിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡൽഹി: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ സംസ്‌കാരം കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്താൻ അനുവദിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കുടുംബത്തിന്റെ ആഗ്രഹം പോലെ സംസ്‌കാര ചടങ്ങുകൾ നടത്താൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

എംപിമാരായ ടി.എൻ പ്രതാപനും ഹൈബി ഈഡനും ഇതുമായി ബന്ധപ്പെട്ട് രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃശൂർ പുത്തൂർ പൊന്നൂക്കര സ്വദേശിയാണ് വായുസേനയിൽ ജൂനിയർ വാറണ്ട് ഓഫീസറായിരുന്ന പ്രദീപ്. ഇന്നലെ സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പം സഞ്ചരിക്കവേയാണ് ഹെലികോപ്ടർ അപകടത്തിൽ പ്രദീപും മരിച്ചത്.

വൈകിട്ടോടെ ഡൽഹിയിലെത്തിക്കുന്ന മൃതദേഹം നാളെയോ ശനിയാഴ്ചയോ കേരളത്തിലെത്തിക്കുമെന്നാണ് വിവരം. പ്രദീപിന്റെ സഹോദരനും ഭാര്യാപിതാവും അപകടവിവരം അറിഞ്ഞ് ഇന്നലെ തമിഴ്‌നാട്ടിലേക്ക് തിരിച്ചിരുന്നു. ബിജെപി നേതാക്കൾ അടക്കമുളളവർ പ്രദീപിന്റെ വീട്ടിൽ സന്ദർശനം നടത്തി.

പ്രദീപിന്റെ അച്ഛൻ രോഗബാധിതനായി വീട്ടിൽ കഴിയുകയാണ്. അച്ഛനെ മരണവിവരം അറിയിച്ചിട്ടില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ബന്ധുക്കൾ പ്രദീപിന്റെ മരണവിവരം അറിഞ്ഞത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular