Sunday, May 5, 2024
HomeIndiaജനറല്‍ എം എം നരവനെ സംയുക്ത സൈനിക മേധാവിയായേക്കും

ജനറല്‍ എം എം നരവനെ സംയുക്ത സൈനിക മേധാവിയായേക്കും

ന്യൂഡൽഹി; അടുത്ത സംയുക്ത സൈനിക മേധാവിയായി കരസേനാ മേധാവി ജനറൽ മനോജ്‌ മുകുന്ദ്‌ നരവനെയെ പരിഗണിക്കുമെന്ന്‌ സൂചന. 2022 ഏപ്രിൽ വരെയാണ്‌ കരസേനാ മേധാവിയായി എം എം നരവനെയ്‌ക്ക്‌ ചുമതലയുള്ളത്‌. ഇക്കാര്യത്തിൽ പത്ത്‌ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ്‌ റിപ്പോർട്ടുകൾ.
 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്‌ച ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമതിയോഗം ഇക്കാര്യം ചർച്ച ചെയ്‌തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്‌.
കാർഗിൽ യുദ്ധത്തിനു പിന്നാലെയാണ്‌ സിഡിഎസ്‌ പദവി ഉണ്ടാക്കണമെന്ന്‌ വിദഗ്‌ധസമിതി ശുപാർശ ചെയ്‌തത്‌. സൈനികവിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ സിംഗിൾ പോയിന്റ്‌ അഡ്വസൈറാണ്‌ സംയുക്തസേനാ മേധാവി (സിഡിഎസ്‌).
മൂന്ന്‌ സേനാ വിഭാഗത്തെയും ഏകോപിപ്പിക്കുക, പ്രതിരോധമന്ത്രാലയത്തിന്‌ നിർണായക ഉപദേശങ്ങൾ നൽകുക, ആയുധസംഭരണ നടപടിക്രമം രൂപീകരിക്കുക തുടങ്ങിയ സുപ്രധാന ചുമതലകളാണ്‌ ബിപിൻ റാവത്ത്‌ വഹിച്ചിരുന്നത്‌.
2019 ഡിസംബര്‍ 31നാണ് ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി മനോജ് മുകുന്ദ് നരവനെ ഇന്ത്യന്‍ കരസേന മേധാവിയായി ചുമതലയേറ്റത്. അതിനു മുമ്പ്‌ ചൈനയുമായുള്ള അതിർത്തി സംരക്ഷിക്കുന്ന കിഴക്കൻ കമാൻഡന്റിനെ അദ്ദേഹം നയിച്ചിരുന്നു. കശ്‌മീരിലും കിഴക്കൻ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധനീക്കങ്ങൾക്ക്‌ നേതൃത്വം നൽകിയിട്ടുണ്ട്‌. ധീരതയ്‌ക്കുള്ള സേനാ പുരസ്‌കാരവും വിശിഷ്‌ഠസേവാ പുരസ്‌കാരവും നേടിയിട്ടുണ്ട്.
മ്യാൻമറിൽ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും, ഓപ്പറേഷന്‍ പവന്‍ എന്ന് പേരിട്ട ശ്രീലങ്കയിലെ ഇന്ത്യന്‍ സൈനിക ദൗത്യത്തിന്റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ നരവാനെ 1980 ജൂണില്‍ 20ാം വയസിലാണ് സൈന്യത്തിന്റെ ഭാഗമായത്. കരസേനാ മേധാവി പദവിയിലെത്തുന്നതിന് മുമ്പ്‌ കരസേനാ ഉപമേധാവി പദവിയും  വഹിച്ചിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular