Friday, May 3, 2024
HomeKeralaകെ.റെയില്‍ പദ്ധതിക്കെതിരെ സമരാഹ്വാനവുമായി മേധാ പട്കര്‍

കെ.റെയില്‍ പദ്ധതിക്കെതിരെ സമരാഹ്വാനവുമായി മേധാ പട്കര്‍

സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. സില്‍വര്‍ ലൈന്‍ പദ്ധതി ജനാധിപത്യ വിരുദ്ധവും കോര്‍പ്പറേറ്റ് സൗഹൃദവുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ഹരിത പദ്ധതിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ഇത്രയധികം കൃഷിഭൂമി നശിപ്പിക്കുകയും ചെയ്യുന്ന ഒരു പദ്ധതി എങ്ങനെ ഹരിത പദ്ധതിയാകുമെന്ന് മേധാ പട്കര്‍ ചോദിച്ചു. തൃശൂരില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച ‘മേധ പട്കര്‍ ഇരകള്‍ക്കൊപ്പം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ വികസന പദ്ധതികള്‍ മൂലം കുടിയിറക്കപ്പെട്ടവര്‍ക്ക് വേണ്ടി സമരം ചെയ്യുന്നവരാണ് സിപിഎമ്മുകാര്‍. എന്നാല്‍ കേരളത്തില്‍ ഇത്രയും പേരെ ബാധിക്കുന്ന വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നില്ല. ഇത് ഇരട്ടത്താപ്പാണെന്ന് അവര്‍ പറഞ്ഞു. പ്രളയത്തിലും മഹാമാരിയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ കെ-റെയില്‍ ഒരു ഹരിത പദ്ധതിയാണെന്ന് പ്രസ്താവന നടത്തിയത് സങ്കടകരമാണ്. പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയോ നിയമസഭയില്‍ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. പദ്ധതിയിന്മേല്‍ ശരിയായ സാമൂഹിക സാമ്പത്തിക വിലയിരുത്തല്‍ നടത്തിയിട്ടില്ലെന്ന് മേധാ പട്കര്‍ ആരോപിച്ചു.
തികച്ചും ജനവിരുദ്ധമായ പദ്ധതി എതിര്‍ക്കപ്പെടണം. പാര്‍ട്ടികള്‍ക്ക് അതീതമായി എല്ലാവരും സില്‍വര്‍ ലൈനിനെതിരെ അണിനിരക്കണമെന്നും സംസ്ഥാനത്താകെ ജനകീയ പ്രതിഷേധം ശക്തമാക്കണമെന്നും മേധാ പട്കര്‍ ആഹ്വാനം ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular