Saturday, May 18, 2024
HomeKeralaകടുവ ഭീതിയിൽ ജനം; തിരച്ചിൽ തുടരുന്നു, നിരീക്ഷണ ക്യാമറകൾ മാറ്റി സ്ഥാപിക്കും

കടുവ ഭീതിയിൽ ജനം; തിരച്ചിൽ തുടരുന്നു, നിരീക്ഷണ ക്യാമറകൾ മാറ്റി സ്ഥാപിക്കും

വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്ത്തിയ കടുവക്കായി തിരച്ചിൽ തുടരുന്നു. പ്രദേശത്തെ 17 ഓളം വളർത്തുമൃഗങ്ങളെ കൊന്ന കടുവ, പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിൽ എവിടെയോ ഉണ്ടെന്നാണ് നിഗമനം. ഇവിടങ്ങളിൽ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്ത് തിരച്ചിൽ നടത്തുകയാണ്.

നേരത്തെ കടുവയുടെ സാന്നിധ്യം ഉണ്ടായ കുറുക്കന്മൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ വനംവകുപ്പ് ഇന്ന് സ്വീകരിച്ചേക്കും. ജനവാസ മേഖലകളിൽ നിന്ന് കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോ എന്നും വനംവകുപ്പ് സംശയിക്കുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ മാനന്തവാടി നഗരസഭയിലെ എട്ട് വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.

അതേസമയം, കടുവയെ പിടികൂടാത്തതിൽ ക്ഷുഭിതരായി പ്രതിഷേധിച്ച നാട്ടുകാരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് ഇന്നലെ സംഘർഷങ്ങൾക്കിടയാക്കിയിരുന്നു. ഇന്നലെ പുലർച്ചെ നാട്ടുകാരിൽ ചിലർ കടുവയെ നേരിൽ കണ്ടിരുന്നു. ഇത് വനം വകുപ്പിനെ അറിയിച്ചെങ്കിലും കാര്യമായി തിരച്ചിൽ നടത്തിയില്ല എന്ന് നാട്ടുകാരുടെ പരാതിയിന്മേൽ ചർച്ച നടക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെ ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായാണ് ആരോപണം. സംഘർഷത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരിൽ ഒരാൾ അരയിൽ കരുതിയ കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular