Friday, May 17, 2024
HomeIndiaഉത്തരാഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി കോണ്‍ഗ്രസ് വളരുന്നു

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി കോണ്‍ഗ്രസ് വളരുന്നു

ഉത്തരാഖണ്ഡ് ബി ജെ പി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്ന യശ്പാല്‍ ആര്യ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തിയത് ബി ജെ പിക്ക് വലിയ തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസുമായി കലഹിച്ച് 2017 ല്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ എത്തിയ നേതാവായിരുന്നു യശ്പാല്‍. കോണ്‍ഗ്രസ് ക്യാമ്പിലേക്ക് അദ്ദേഹം മടങ്ങിയതോടെ യശ്പാലിനൊപ്പം 2017 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ 10 എം എല്‍ എമാരില്‍ പലരും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പല നേതാക്കളും ചര്‍ച്ച നടത്തുകയാണെന്നും മടങ്ങി വരവിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കളും അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്. പുഷ്‌കര്‍ സിങ് ദാമി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായ ഹരക് സിംഗ് റാവത്ത് ഉടന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നാണ് സൂചന.

വെള്ളിയാഴ്ച കാബിനറ്റ് യോഗത്തില്‍ നിന്നും ഹരക് സിംദ് റാവത്ത് ഇറങ്ങി പോയതോടെയാണ് ഹരക് പാര്‍ട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. ഡെറാഡൂണില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമിയുടെ വസതിയില്‍ യോഗം ചേരവേയായിരുന്നു മന്ത്രിയുടെ നാടകീയമായ നീക്കങ്ങള്‍. തന്റെ മണ്ഡലമായ കോട്ധ്വാറില്‍ മെഡിക്കല്‍ കോളേജ് എന്ന ആവശ്യത്തോട് നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹരക് സിംഗിന്റെ ഇറങ്ങി പോക്ക്.നല്ല സമീപനമല്ല നേതൃത്വം തന്നോട് കാണിക്കുന്നതെന്നും താന്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ക്ക് സര്‍ക്കാര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നുമാണ് ഹരക് സിംഗിന്റെ ആരോപണം. എന്നാല്‍ ഓരോ ജില്ലയിലും ഒന്നില്‍ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കില്ല എന്നാണ് സര്‍ക്കാരിന്റെ നയപരമായ തിരുമാനമെന്നും അതാണ് ഹരകിന്റെ ആവശ്യം അംഗീകരിക്കാത്തതെന്നുമാണ് ബി ജെ പി വാദം. 25 കോടി രൂപ ഫണ്ടാണ് റാവത്ത് ആവശ്യപ്പെട്ടതെന്നും ബി ജെ പി നേതൃത്വം പറയുന്നു.

അതേസമയം ഹരക് സിംഗിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ബി ജെ പി നേതൃത്വം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് ഹരക് സിംഗുമായി ബി ജെ പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ത്‌ന്റെ പരാതികള്‍ നേതൃത്വം പരിഹരിച്ചെന്ന് ഹരക് പിന്നാലെ പ്രതികരിച്ചു.

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് തന്നെ പോലെ തന്നെ ഒരു സൈനികന്റെ മകനാണെന്നും കാരുണ്യവും കാരുണ്യവും നിറഞ്ഞ ഹൃദയമുള്ള ആളാണെന്നും ഹരക് പറഞ്ഞു. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന് മൂത്ത സഹോദരനെന്ന നിലയില്‍ താന്‍ അദ്ദേഹത്തെ അനുഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ട ഓഡിയോയില്‍ ഹരക് സിംഗ് വ്യക്തമാക്കി.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular