Saturday, May 4, 2024
HomeIndiaഗുജറാത്ത് അങ്കത്തിനു മോദിക്കു പിന്നാലെ കെജ്‌രിവാളും

ഗുജറാത്ത് അങ്കത്തിനു മോദിക്കു പിന്നാലെ കെജ്‌രിവാളും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആഘോഷിക്കാൻ ഗുജറാത്ത് തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ സ്വന്തം നാടായതു കൊണ്ടു മാത്രമല്ല. ഗുജറാത്തും ഹിമാചൽ പ്രദേശുമാണ് അടുത്തു തെരഞ്ഞെടുപ്പുകൾ നടക്കാനുള്ള രണ്ടു സംസ്ഥാനങ്ങൾ. ആ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്തു തന്നെ പഞ്ചാബിൽ ചരിത്ര വിജയം കുറിച്ച ആം ആദ്‌മി പാർട്ടിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാളും അങ്ങോട്ട് കുതിക്കുന്നു. കൂട്ടിനു പഞ്ചാബ് മുഖ്യമന്ത്രിയാവുന്ന ഭഗവന്ത് മാനും.
നാലു സംസ്ഥാനങ്ങളെ കാവി പുതപ്പിച്ച വിജയത്തിനു തൊട്ടു  പിന്നാലെ വെള്ളിയാഴ്ച മോദി ഗുജറാത്തിൽ പറന്നിറങ്ങി റോഡ് ഷോ നടത്തി ഹരം  പകർന്നു. എണ്ണമറ്റ പൂക്കൾ കൊണ്ട് അലങ്കരിച്ച തുറന്ന വാഹനത്തിൽ നിന്ന് അദ്ദേഹം ജനങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്റര് അകലെ ബി ജെ പി ആസ്ഥാനമായ കമലം വരെ അദ്ദേഹം തുറന്ന വാഹനത്തിൽ സഞ്ചരിച്ചു.
ഒരു ലക്ഷത്തിലേറെ  പഞ്ചായത്തി രാജ് നേതാക്കൾ പങ്കെടുക്കുന്ന പഞ്ചായത്ത് മഹാസമ്മേളനത്തിൽ വെള്ളിയാഴ്ച്ച പങ്കെടുക്കുമെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു.
ശനിയാഴ്ച്ച രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയുടെ കെട്ടിടം അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കും.
കെജ്‌രിവാളും മാനും ഗുജറാത്തിൽ എത്തുക ഏപ്രിൽ ആദ്യമാണ്. സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം.
പത്തു വർഷം കൊണ്ട് രണ്ടാം സംസ്ഥാനം പിടിച്ച കെജ്‌രിവാളിന് ബി ജെ പിക്ക് പോലും കഴിയാത്ത നേട്ടം കൊണ്ട് പ്രതിപക്ഷ നിരയിൽ ഉന്നത സ്ഥാനമാണ് ലഭിച്ചത്. അടുത്തതായി ഗുജറാത്തും ഹിമാചൽ പ്രദേശും ലക്‌ഷ്യം വയ്ക്കുകയാണ് അദ്ദേഹം.
ഡൽഹിയിൽ എ എ അപി നേതാക്കൾ പറയുന്നത് പാർട്ടി പ്രവർത്തകർ രണ്ടു സംസ്ഥാനത്തും ജോലി തുടങ്ങിക്കഴിഞ്ഞു എന്നാണ്. ഈ രണ്ടു തെരഞ്ഞെടുപ്പുകൾ  ഈ വര്ഷം തന്നെ പ്രതീക്ഷിക്കുന്നു.
ഗുജറാത്തിൽ ബി ജെ പി യും കോൺഗ്രസും മാറി മാറി ഭരിച്ചിട്ടുണ്ട്. ഒരു മൂന്നാം കക്ഷി ഇത് വരെ അവിടെ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല.
കോൺഗ്രസ് ക്ഷയിക്കുന്നു എന്നതാണ് ഇപ്പോൾ എ എ പി കാണുന്ന ഒരു പഴുത്. രണ്ടാമതായി, പുതിയൊരു തലമുറ വോട്ടർമാർ മാറ്റത്തിന്റെ മന്ത്രം കാത്തിരിക്കുന്നു. ഡൽഹി അതിർത്തിയിൽ കർഷക സമരക്കാർക്കു എ എ പി നൽകിയ സഹായങ്ങൾ പഞ്ചാബിൽ വോട്ടായി എങ്കിൽ ഗുജറാത്തിലും അതിന്റെ അലയൊലി ഉണ്ടാവാം.
ബി ജെ പിയെ എതിര്കുന്നവർക് എ എ പിയോട് പ്രത്യേക മമതയുമുണ്ട്. ഡൽഹി ഭരണത്തിനു ബി ജെ പി കൂച്ചു വിലങ്ങിട്ടതും എ എ പി അതിനെ ശക്തമായി നേരിട്ടതും രാജ്യം മുഴുവൻ കണ്ടതാണ്.
പഞ്ചാബ് ഫലങ്ങൾ വന്നയുടൻ എ എ പി നേതാവ് രാഘവ് ചദ്ദ പറഞ്ഞു: “എ എ പി ദേശീയ കക്ഷിയാവുന്നു. കോൺഗ്രസിന് പകരം രാജ്യമൊട്ടാകെ പാർട്ടി പടരും.
“ഞങ്ങൾ ഇനി പ്രാദേശിക കക്ഷിയല്ല. കെജ്‌രിവാൾ ഒരു നാൾ രാജ്യത്തെ നയിക്കും.”
വിദ്യാഭ്യാസം, വൈദ്യുതി, ആരോഗ്യം, ശുദ്ധജലം എന്നിങ്ങനെ അത്യവശ്യ മേഖലകളിൽ എങ്ങും ഗുജറാത്തിലെ ബി ജെ പി സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്ന് എ എ പി പറയുന്നു. അത് കൊണ്ട് ഡൽഹി മാതൃക അറിയുന്ന ജനം എ എ പിയെ സ്വീകരിക്കും.
അടുത്തിടെ സൂറത്തിലും ഗാന്ധിനഗറിലും നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ എ എ പി നേട്ടമുണ്ടാക്കി. 18-20% വോട്ടു പിടിച്ചതോടെ പാർട്ടി സംസ്ഥാനത്തു വേരു  പിടിച്ചുനിന്നു വ്യക്തമായി.
ഡൽഹി മോഡൽ ഹിമാചലിലും ജനം ശ്രദ്ധിച്ചിട്ടുണ്ടെന്നു എ എ പി പറയുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular