Friday, May 3, 2024
HomeUSAഹിജാബ് വിധിയെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ അപലപിച്ചു

ഹിജാബ് വിധിയെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ അപലപിച്ചു

വാഷിംഗ്ടൺ, ഡിസി: ഹിജാബ്  നിരോധനം ശരിവച്ച കർണാടക ഹൈക്കോടതിയുടെ വിധിയെ   ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ (ഐഎഎംസി)   അസന്ദിഗ്ദ്ധമായി അപലപിച്ചു.  ഹിജാബ് ഇസ്ലാമിൽ അനിവാര്യമായ ഒരു ആചാരമല്ലെന്ന വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് നിരോധനം കോടതി ശരിവച്ചത്. യൂണിഫോം ധരിക്കണമെന്നും ഹിജാബിന് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നുമുള്ള കർണാടക സർക്കാർ ഉത്തരവും കോടതി ശരിവയ്ക്കുകയായിരുന്നു

ഭരണഘടനയിൽ ആലേഖനം ചെയ്തിട്ടുള്ള ബഹുസ്വരവും മതേതരവുമായ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യൻ ജനതയുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന ധർമ്മം കോടതി നടപ്പാക്കിയില്ല.
ഹിജാബ് നിരോധനം സ്കൂൾ യൂണിഫോം നിയമത്തിന് കീഴിലാണെന്നും അത് വിദ്യാർത്ഥികൾക്ക് എതിർക്കാൻ കഴിയില്ലെന്നും ഭരണഘടനാപരമായി അനുവദനീയമായ ന്യായമായ നിയന്ത്രണം മാത്രമാണെന്നും  കോടതി വിലയിരുത്തി.എന്നാൽ,  ഈ യുക്തി ഹിജാബിനെ വിവേചനപരമായ രീതിയിൽ വേറിട്ടുനിർത്തുക മാത്രമല്ല, വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന് വിരുദ്ധവുമാണ്.

വിദ്യാർത്ഥികൾ യൂണിഫോം ധരിക്കണമെന്ന്  നിർബന്ധിക്കുന്നത് അഭിപ്രായപ്രകടനത്തിനുള്ള മൗലികാവകാശത്തെ വ്രണപ്പെടുത്തുന്നുവെന്ന് വാദിക്കാൻ കഴിയില്ലെന്നാണ് കോടതിയുടെ വാദം.

ഹിജാബ് വിഭജനത്തിന്റെ ചിഹ്നമാണെന്ന സൂചന ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിന് വിരുദ്ധമാണ്. തലപ്പാവ്, താലി, സിന്ദൂരം, പൊട്ട്  തുടങ്ങി മറ്റ് മതപരമായ വസ്തുക്കൾ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള അതാത് വിശ്വാസികൾക്ക്   യഥേഷ്ടം ഉപയോഗിക്കാൻ അനുവാദമുണ്ട്. യഥാർത്ഥത്തിൽ ഭിന്നിപ്പിക്കുന്നത് ഹിജാബോ മറ്റു നിരുപദ്രവകാരികളായ മതപരമായ വസ്ത്രധാരണ രീതിയോ അല്ല.

രാഷ്ട്രീയ സ്വയംസേവക സംഘവും ഭരനപക്ഷമായ ഭാരതീയ ജനതാ പാർട്ടിയും അതിന്റെ അനുബന്ധ സംഘടനകളും നടത്തുന്ന മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും വിവേചനപരമായ നയങ്ങളുമാണ് മാറ്റേണ്ടത്. ഇസ്‌ലാം വിരുദ്ധമായ  മതാന്ധതയുടെ പക്ഷം ചേരാനുള്ള കോടതിയുടെ തീരുമാനം ഭിന്നതകൾ കൂടുതൽ വഷളാക്കുകയേയുള്ളൂ.

ഇന്ത്യയിലെ മുസ്‌ലിം പൗരന്മാർ അപകടകാരികൾ ആണെന്നും  ഹിന്ദു സമൂഹത്തിന് ഭീഷണിയാണെന്നുമുള്ള രീതിയിൽ വിചിത്രമായ മിഥ്യാധാരണകൾ നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥ  മുസ്ലീം വിരുദ്ധ അക്രമങ്ങളുടെയും പീഡനങ്ങളുടെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

ആചാരങ്ങളിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കുക എന്ന പേരിൽ, സ്ത്രീകൾക്ക് എന്ത് ധരിക്കാമെന്നും എന്ത് ധരിക്കാൻ കഴിയില്ലെന്നും  പറഞ്ഞുകൊണ്ട് അവരുടെ സ്വാതന്ത്ര്യത്തിൽ  കടന്നുകയറുകയും  അവരുടെ വിശ്വാസവും അവകാശവും പാലിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കുകയുമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ഹൂസ്റ്റൺ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സമീന സലിം പറഞ്ഞു.
മതേതര ജനാധിപത്യ രാജ്യത്ത് സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നത് ഹൈക്കോടതിയുടെയോ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിന്റെയോ ജോലിയല്ലെന്ന്  ഐഎഎംസി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. റഷീദ് അഹമ്മദ് അഭിപ്രായപ്പെട്ടു.

ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമാണോ അല്ലയോ എന്നതല്ല പ്രശ്നമെന്നും അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് വിഷയമെന്നും അവർ ചൂണ്ടിക്കാട്ടി. ഹിജാബിനെ മതപരമായ വസ്ത്രമായി ഉയർത്തിക്കാട്ടുന്ന വിവേചനപരമായ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട നിരവധി സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്ന് തടയാനോ ആഗ്രഹിക്കുന്നവരുടെ പക്ഷം ചേരുകയാണ്   കർണാടക ഹൈക്കോടതി ചെയ്തതെന്നും അവർ കുറ്റപ്പെടുത്തി.

സ്കൂളുകളിലും പൊതു ഇടങ്ങളിലും മുസ്ലീം സ്ത്രീകളെ കൂടുതൽ പീഡിപ്പിക്കാനും അപമാനിക്കാനും ഹിന്ദുത്വ മതഭ്രാന്തന്മാർക്ക് ധൈര്യം നൽകാൻ ഈ വിധിയിലൂടെ സാധ്യത വർദ്ധിച്ചിരിക്കുകയാണെന്ന്  വിദ്യാർത്ഥി ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമ ആശങ്ക പങ്കുവച്ചു.

.ഇന്ത്യൻ ഭരണഘടനയുടെ പവിത്രത ഉയർത്തിപ്പിടിക്കാനും  ദുർബലരായ ഒരു വിഭാഗത്തെ കൂടുതൽ പാർശ്വവത്കരിക്കാനും ശ്രമിക്കുന്നവരുടെ തീരുമാനം പിൻവലിക്കാനും ഐഎഎംസി  സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഈ തീരുമാനത്തിന്റെ ഇരകളായ മുസ്ലീം വിദ്യാർത്ഥികളോട് ഐക്യദാർഢ്യത്തോടെ നിൽക്കാൻ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളോട് ഐഎഎംസി അഭ്യർത്ഥിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular