Friday, May 3, 2024
HomeKeralaകോടാലിയില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു; നാല് സ്ഥാപനങ്ങള്‍ കത്തിനശിച്ചു

കോടാലിയില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു; നാല് സ്ഥാപനങ്ങള്‍ കത്തിനശിച്ചു

കൊടകര: തീപിടിത്തത്തെ തുടര്‍ന്ന് പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച്‌ കോടാലിയില്‍ ഗ്യാസ് സ്റ്റൗ റിപ്പയറിങ് സ്ഥാപനം തകര്‍ന്നു.

മറ്റ് ഒരു സ്ഥാപനം പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. കോടാലി കപ്പേള ജങ്ഷനിലെ മജീദ് സ്റ്റോഴ്സിലാണ് ബുധനാഴ്ച രാവിലെ പത്തരയോടെ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായത്. ഗ്യാസ് സ്റ്റൗ റിപ്പയര്‍ ചെയ്ത ശേഷം കത്തിച്ചുനോക്കുന്നതിനിടെ പാചകവാതകം ചോര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് പറയുന്നു. കടയിലെ ജീവനക്കാരി തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ജീവനക്കാരി പുറത്തേക്കോടി രക്ഷപ്പെട്ടു.

കടയിലുണ്ടായിരുന്ന മറ്റ് സിലിണ്ടറുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായത്. ആറ് സിലിണ്ടറുകളില്‍ നാലെണ്ണമാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. തൃശൂര്‍, ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളില്‍നിന്ന് എത്തിയ മൂന്നു യൂനിറ്റ് അഗ്നിരക്ഷ സേന ഏറെ സാഹസികമായാണ് തീയണച്ചത്. ഉച്ചക്ക് 12ഓടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഒരുമണിയോടെയാണ് പൂര്‍ണമായും അണക്കാനായത്. മജീദ് സ്റ്റോഴ്സിന്‍റെ മുകള്‍ നിലയിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനവും കത്തി നശിച്ചു. സമീപത്തെ മറ്റ് രണ്ടുസ്ഥാപനങ്ങളും ഭാഗികമായി കത്തി. സിലിണ്ടറുകള്‍ക്ക് തീപിടിച്ചതറിഞ്ഞ് ജനങ്ങള്‍ പരിഭ്രാന്തരായി. സമീപത്തെ കടകളിലും വീടുകളിലുമുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. ടൗണിലൂടെയുള്ള ഗതാഗതം ഒന്നരമണിക്കൂറിലേറെ തടസ്സപ്പെട്ടു. വെള്ളിക്കുളങ്ങര- കൊടകര റൂട്ടിലെ ബസ് സര്‍വിസ് വഴി തിരിച്ചു വിട്ടു. വെള്ളിക്കുളങ്ങര പൊലീസ് സ്ഥലത്തെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. കോടാലി പുഴങ്കര ഇല്ലത്ത് മജീദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച സ്ഥാപനം. അശ്രദ്ധമായി പാചകവാതകം കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular