Tuesday, May 21, 2024
HomeIndiaപതഞ്‌ജലി കേസില്‍ ഐ.എം.എയ്‌ക്ക് സുപ്രീം കോടതിയുടെ താക്കീത്‌

പതഞ്‌ജലി കേസില്‍ ഐ.എം.എയ്‌ക്ക് സുപ്രീം കോടതിയുടെ താക്കീത്‌

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ മാപ്പപേക്ഷിച്ച പതഞ്‌ജലി ആയുര്‍വേദ്‌ കമ്ബനിയുടെ നിലപാടില്‍ പുരോഗതിയുണ്ടെന്നു സുപ്രീം കോടതി.

മാപ്പപേക്ഷയില്‍ പതഞ്‌ജലി സഹസ്‌ഥാപകനും യോഗാചാര്യനുമായ ബാബാ രാംദേവിന്റെ പേരും ഉള്‍പ്പെടുത്തിയതു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ പരാമര്‍ശം.
മുമ്ബ്‌ പൊതുസമൂഹത്തോടു നടത്തിയ മാപ്പപേക്ഷ സ്‌ഥാപനത്തിന്റെ പേരില്‍ മാത്രമായിരുന്നെന്നും ഇപ്പോള്‍ വ്യക്‌തികളുടെ പേരും ഉള്‍പ്പെടുത്തിയതിനെ അഭിനന്ദിക്കുന്നുവെന്നും ജസ്‌റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്‌സനുദ്ദിന്‍ അമാനുള്ളയും ഉള്‍പ്പെട്ട ബെഞ്ച്‌ വ്യക്‌തമാക്കി. മാപ്പപേക്ഷ പ്രസിദ്ധീകരിച്ച ഓരോ പത്രത്തിന്റെയും അസല്‍ ഹാജരാക്കാന്‍ രാംദേവിനോടും പതഞ്‌ജലിയുടെ മറ്റൊരു ഉടമയായ ആചാര്യ ബാലകൃഷ്‌ണയോടും കോടതി നിര്‍ദേശിച്ചു.
സുപ്രീം കോടതിയുടെ വിമര്‍ശനത്തിനെതിരേ രംഗത്തുവന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പ്രസിഡന്റ്‌ ആര്‍.വി. അശോകന്റെ നിലപാടില്‍ ഡിവിഷന്‍ ബെഞ്ച്‌ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. പതഞ്‌ജലിക്കു നേരേ ഒരു വിരല്‍ ചൂണ്ടുമ്ബോള്‍ മറ്റ്‌ നാല്‌ വിരലുകള്‍ ഐ.എം.എയ്‌ക്കു നേരേയാണെന്നു കഴിഞ്ഞ 23-നു കോടതി നടത്തിയ പരാമര്‍ശത്തിനെതിരേയാണ്‌ അശോകന്‍ രംഗത്തുവന്നത്‌.
ഐ.എം.എയേയും സ്വകാര്യ ഡോക്‌ടര്‍മാരുടെ പ്രാക്‌ടീസിനെയും സുപ്രീം കോടതി വിമര്‍ശിച്ചതു നിര്‍ഭാഗ്യകരമാണെന്നായിരുന്നു അശോകന്റെ പരാമര്‍ശം. പതഞ്‌ജലിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ്‌ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക്‌ അശോകന്‍ നല്‍കിയ അഭിമുഖം രേഖാമൂലം ഹാജരാക്കാന്‍ കോടതി മുകുള്‍ റോത്തഗിയോടു നിര്‍ദേശിച്ചു. ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും ഗുരുതരമായ കാര്യമാണിത്‌. കൂടുതല്‍ ഗൗരവതരമായ പ്രത്യാഘാതത്തിനു തയാറെടുക്കുക- ജസ്‌റ്റിസ്‌ അമാനുള്ള പറഞ്ഞു. കോടതി എന്താണു ചെയ്യേണ്ടതെന്നു നിങ്ങളാണോ തീരുമാനിക്കുന്നതെന്ന്‌ ഐ.എം.എയുടെ അഭിഭാഷകനോടു ഡിവിഷന്‍ ബെഞ്ച്‌ ചോദിച്ചു. കോവിഡ്‌ മഹാമാരിയോടു പൊരുതി ഒട്ടേറെ ഡോക്‌ടര്‍മാര്‍ ജീവന്‍ ബലി നല്‍കിയ മെഡിക്കല്‍ പ്രഫഷനെ കോടതി അടച്ചക്ഷേപിക്കുന്നതു ശരിയല്ലെന്നും കോടതി അവര്‍ക്കു മുന്നിലത്തിയ വിഷയമല്ല പരിഗണിക്കുന്നതെന്നുമായിരുന്നു അശോകന്റെ വിവാദപരാമര്‍ശം.
പതഞ്‌ജലിക്കെതിരേ നടപടിയെടുക്കാത്ത ഉത്തരാഖണ്ഡ്‌ ലൈസന്‍സിങ്‌ അതോറിറ്റിയുടെ നിഷ്‌ക്രിയത്വത്തെയും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ പതഞ്‌ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതു നിര്‍ത്തിവയ്‌ക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ഫെബ്രുവരി 27-നാണ്‌ ഉത്തരവിട്ടത്‌. പതഞ്‌ജലിയുടെ പരസ്യങ്ങള്‍ക്കെതിരേ കഴിഞ്ഞ നവംബറില്‍ ഐ.എം.എ. സുപ്രീം കോടതിയെ സമീപിച്ചതോടെയാണു കേസിന്റെ തുടക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular