Thursday, May 2, 2024
HomeKeralaഒരുവേഷവും മോഹിപ്പിച്ചിട്ടില്ല; വക്കീല്‍ കുപ്പായമൊഴിച്ച്‌

ഒരുവേഷവും മോഹിപ്പിച്ചിട്ടില്ല; വക്കീല്‍ കുപ്പായമൊഴിച്ച്‌

കോട്ടയം: അധികാരക്കുപ്പായവും വക്കീല്‍കോട്ടും ഒരുപോലെ മുന്നിലെത്തിയാല്‍ ഗൗണ്‍ അതിവേഗം എടുത്തണിയുമായിരുന്നു എം.പി.

ഗോവിന്ദന്‍ നായര്‍. എക്കാലവും അഭിഭാഷക കുപ്പായമായിരുന്നു ഗോവിന്ദന്‍ നായരെ മോഹിപ്പിച്ചത്. മന്ത്രി പദവി വിട്ടൊഴിഞ്ഞുടന്‍ വക്കീല്‍ കുപ്പായം എടുത്തണിയാന്‍ കഴിഞ്ഞതും ഈ മമത മൂലമായിരുന്നു.

സ്വപ്നതുല്യമായ രാഷ്ട്രീയത്തുടക്കമായിരുന്നു ബുധനാഴ്ച അന്തരിച്ച എം.പി. ഗോവിന്ദന്‍ നായരുടേത്. യൂത്ത് കോണ്‍ഗ്രസില്‍നിന്ന് 24ാം വയസ്സില്‍ പഞ്ചായത്ത് പ്രസിഡന്‍റ്, 34ാം വയസ്സില്‍ മന്ത്രി. പക്ഷേ, അധികാരത്തിനു പിന്നാലെ ഓടിയില്ല. 1950ല്‍ അണിഞ്ഞ വക്കീല്‍ കുപ്പായത്തില്‍ തീരെ അവശനാകുംവരെ അദ്ദേഹം തുടര്‍ന്നു.

യൂത്ത് കോണ്‍ഗ്രസില്‍ സജീവമായിരിക്കെയായിരുന്നു 24ാം വയസ്സില്‍ വിജയപുരം പഞ്ചായത്തിന്‍റെ പ്രസിഡന്‍റെന്ന വലിയ ചുമതല തേടിയെത്തിയത്. വിമോചന സമരകാലത്ത് ജയിലിലാകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി വാദിക്കാനുള്ള ചുമതല അന്നത്തെ ഡി.സി.സി പ്രസിഡന്‍റ് പി.ടി. ചാക്കോ നല്‍കിയിരുന്നത് ഗോവിന്ദന്‍ നായര്‍ക്കായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റായിരിക്കെ 1957ല്‍ കോട്ടയം മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് ആദ്യമത്സരത്തിന് അവസരം ലഭിച്ചു. പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി. വിമോചന സമരത്തിനു പിന്നാലെ 1960ലെ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അദ്ദേഹം വീണ്ടും സ്ഥാനാര്‍ഥിയായി. 1767 വോട്ടിനായിരുന്നു വിജയം.

തെരഞ്ഞെടുപ്പിനുമുമ്ബ് വീട്ടിലെത്തിയ മന്നത്ത് പത്മനാഭനാണ് സ്ഥാനാര്‍ഥിയാകണമെന്ന് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം അപ്രതീക്ഷിതമായിരുന്നുവെന്ന് പിന്നീട് ഗോവിന്ദന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, മന്നത്ത് പത്മനാഭന്‍ കേരള കോണ്‍ഗ്രസ് പ്രഖ്യാപിക്കുമ്ബോള്‍ പക്ഷേ, അദ്ദേഹം കൂടെപ്പോയില്ല. കൂടെയെത്തണമെന്ന് ഒരിക്കലും നിര്‍ദേശിച്ചിരുന്നില്ലെന്ന് പിന്നീട് അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പട്ടം താണുപിള്ള ഗവര്‍ണറായി നിയമിതനായതോടെ 1962ല്‍ വന്ന ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ പ്രഗല്ഭര്‍ക്കൊപ്പം ‘ബേബി’ മന്ത്രിയായി കോണ്‍ഗ്രസുകാരുടെ വക്കീലെത്തി. ആരോഗ്യം, വനം, ദേവസ്വം ഉള്‍പ്പെടെ എട്ടു വകുപ്പുമായി കോട്ടയത്തിന്‍റെ ആദ്യമന്ത്രിയായി. കോട്ടയം മെഡിക്കല്‍ കോളജിന്‍റെ പണി ആരംഭിക്കുന്നതും അക്കാലത്താണ്. ജില്ല ആശുപത്രി വികസനത്തിനും കോട്ടയത്തെ ആദ്യ ജലവിതരണ സംവിധാനത്തിനും പിന്നില്‍ ഗോവിന്ദന്‍ നായരുടെ കരങ്ങളുണ്ട്. 1964ല്‍ 15 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ആ മന്ത്രിസഭ പിരിച്ചുവിട്ടു. ഇവര്‍ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചെങ്കിലും ഗോവിന്ദന്‍ നായര്‍ കോണ്‍ഗ്രസുകാരനായി.

മന്ത്രി പദത്തില്‍നിന്ന് വക്കീല്‍ കുപ്പായത്തിലേക്ക് തന്നെയായിരുന്നു മടക്കം. മന്ത്രിയായിരുന്നപ്പോഴും സാധാരണക്കാരനായി തുടര്‍ന്ന അദ്ദേഹത്തിന് അധികാരത്തില്‍നിന്ന് കോടതിയിലേക്ക് എത്താന്‍ ഒട്ടും ആലോചിക്കേണ്ടിയും വന്നില്ല. മന്ത്രിസ്ഥാനം ഒഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ സമ്ബാദ്യം 16,000 രൂപ കടമായിരുന്നുവെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ വന്നുകയറുമ്ബോള്‍ ആധിയായിരുന്നു. എങ്ങനെ കടംവീട്ടും. അതിനായി അഭിഭാഷക മേഖലയില്‍ കൂടുതല്‍ സജീവമായി. പലപ്പോഴും പകലും രാത്രിയുമൊക്കെ കേസുകള്‍ക്കൊപ്പം തന്നെ ജീവിച്ചകാലമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതിനൊപ്പം കുമാരനല്ലൂര്‍ സഹകരണബാങ്കില്‍ ചിട്ടി ചേര്‍ന്നാണ് കടം വീട്ടിയത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും ’67ലെ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നീട് മത്സരരംഗത്തുനിന്ന് പിന്മാറിയ ഗോവിന്ദന്‍ നായര്‍ തിരക്കേറിയ അഭിഭാഷകനായി. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി തുടങ്ങിയവയുടെ അഭിഭാഷകനായി ഹൈകോടതിയിലും പ്രാക്ടീസ് ചെയ്തു.

കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ്, കേരള ബാര്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം തുടങ്ങിയ നിരവധി ചുമതലകള്‍ക്കൊപ്പം കോട്ടയത്തെ സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. അവസാന യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്രസിഡന്‍റുമായി. നീണ്ട അഭിഭാഷക കാലത്ത് നൂറോളം ജൂനിയര്‍മാരുടെ ഗുരുവും വഴികാട്ടിയുമായിരുന്നു ഇദ്ദേഹം. ഇവരില്‍ പലരും ജഡ്ജിമാരുമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular