Friday, May 3, 2024
HomeKeralaമായം കണ്ടെത്താന്‍ ലാബ് ഓടിയെത്തും

മായം കണ്ടെത്താന്‍ ലാബ് ഓടിയെത്തും

തൊടുപുഴ: ജില്ലയില്‍ ഭക്ഷ്യസുരക്ഷ പരിശോധന കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി സഞ്ചരിക്കുന്ന ലബോറട്ടറി പ്രവര്‍ത്തനം തുടങ്ങി.

കുടിക്കുന്ന വെള്ളത്തിലും പാലിലും കഴിക്കുന്ന എണ്ണയിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും മായം കലര്‍ന്നിട്ടുണ്ടോ എന്ന് ഇനി നാട്ടിലെത്തുന്ന മൊബൈല്‍ ലാബില്‍ പരിശോധിച്ചറിയാം. കഴിഞ്ഞദിവസം ആറ് ജില്ലകള്‍ക്കായി ഉദ്ഘാടനം ചെയ്ത മൊബൈല്‍ ലാബിലൊന്നാണ് ഇടുക്കിയിലെത്തിയത്. മീനും പാലുമടക്കം ഭക്ഷ്യവസ്തുക്കള്‍ ധാരാളമായി അതിര്‍ത്തി കടന്നെത്തുന്ന ജില്ലയില്‍ ലാബിന്‍റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയുമായി (എഫ്.എസ്.എസ്.എ) ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയ ലാബില്‍ പാല്‍, വെള്ളം, എണ്ണ തുടങ്ങിയവയുടെ പ്രാഥമിക പരിശോധനക്കുള്ള സംവിധാനമാണുള്ളത്. സാമ്ബിളില്‍ മായമോ കൃത്രിമ നിറങ്ങളോ ചേര്‍ത്തതായി കണ്ടെത്തിയാല്‍ വിശദ പരിശോധനക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ റീജനല്‍ ലാബിലേക്ക് അയക്കും.

ഭക്ഷ്യവസ്തുക്കളില്‍ എങ്ങനെ മായം കണ്ടെത്താം എന്നതിനെക്കുറിച്ച്‌ മൊബൈല്‍ ലാബിന്‍റെ സഹായത്തോടെ റെസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂളുകള്‍, കോളജുകള്‍, പൊതുജനങ്ങള്‍ കൂടുതലായി എത്തുന്ന മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണവും പരിശീലനവും സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ജില്ല അസി. ഭക്ഷ്യ സുരക്ഷ കമീഷണര്‍ എം.ടി. ബേബിച്ചന്‍ പറഞ്ഞു. അംഗന്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകരെയും പരിശീലനത്തില്‍ ഉള്‍പ്പെടുത്തും.

ജില്ലയില്‍ തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്ബന്‍ചോല, ഇടുക്കി എന്നിങ്ങനെ അഞ്ച് ഭക്ഷ്യസുരക്ഷ സര്‍ക്കിളുകളാണ് ഉള്ളത്. ഓരോ സര്‍ക്കിളിലും മൊബൈല്‍ ലാബ് എത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി അറിയിക്കും. മായം സംശയിക്കുന്ന സാമ്ബിളുകള്‍ ആളുകള്‍ക്ക് ലാബില്‍ എത്തിച്ച്‌ പരിശോധിക്കാം. രാവിലെ ഒമ്ബതര മുതല്‍ വൈകീട്ട് അഞ്ചര വരെയാകും പ്രവര്‍ത്തനം. ഒരു ടെക്നിക്കല്‍ അസി., ഒരു ലാബ് അസി., ഒരു ഡ്രൈവര്‍ എന്നിവരാണ് ലാബില്‍ ഉണ്ടാവുക. സംസ്ഥാനത്തെ മൊബൈല്‍ ലാബുകളെ ഡെപ്യൂട്ടി ഭക്ഷ്യസുരക്ഷ കമീഷണറുടെ നേതൃത്വത്തില്‍ ജി.പി.എസ് വഴി നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular