Friday, May 17, 2024
HomeIndia321 ഏക്കറുള്ള രാഷ്ട്രപതി ഭവന്‍‍റെ അധിപയായി എത്തുമ്ബോഴും ദ്രൗപദി മുര്‍മു‍വിന്‍റെ ദുഖങ്ങള്‍ക്കുണ്ട് കടലാഴം

321 ഏക്കറുള്ള രാഷ്ട്രപതി ഭവന്‍‍റെ അധിപയായി എത്തുമ്ബോഴും ദ്രൗപദി മുര്‍മു‍വിന്‍റെ ദുഖങ്ങള്‍ക്കുണ്ട് കടലാഴം

ന്യൂദല്‍ഹി: സര്‍ എഡ്വിന്‍ ല്യൂട്ടെന്‍സും ഹെര്‍ബെര്‍ട്ട് ബേക്കറും രൂപകല്‍പന ചെയ്ത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ രാഷ്ട്രപതിയുടെ 321 ഏക്കര്‍ വരുന്ന വിശാലമായി രാഷ്ട്രപതി ഭവനിലേക്ക് വലതുകാല്‍വെച്ച്‌ കയറാന്‍ പോവുകയാണ് ദ്രൗപദി മുര്‍മു . പക്ഷെ ജീവിതത്തില്‍ ഇവിടെയെത്താന്‍ നടന്ന ദൂരങ്ങളില്‍ നിറയെ അളക്കാനാവാത്ത സങ്കടക്കടല്‍ ഉണ്ട് മുര്‍മുവിന്‍റെ ജീവിതത്തില്‍.

2009 മുതല്‍ 2015 വെരയുള്ള ആറ് വര്‍ഷത്തെ കാലയളവില്‍ മറ്റൊരു സ്ത്രീയും അനുഭവിയ്ക്കാത്ത അത്രയും വലിയ നഷ്ടങ്ങളിലൂടെ ദ്രൗപദി മുര്‍മു കടന്നുപോയി. ഭര്‍ത്താവ്, രണ്ട് ആണ്‍മക്കള്‍, അമ്മ, സഹോദരന്‍…ജീവിതത്തിലെ പ്രിയങ്കരരായ അഞ്ച് പേരാണ് ദ്രൗപദി മുര്‍മുവിനെ വേര്‍പിരിഞ്ഞുപോയത്. അതോടെ രാഷ്ട്രീയത്തോടൊപ്പം ദ്രൗപദി മുര്‍മു മറ്റൊരു വഴിയിലേക്ക് കൂടി കടന്നു. ആത്മീയതയും ധ്യാനവും. ബ്രഹ്മ കുമാരീസ് വഴിയാണ് അവര്‍ ധ്യാനം പഠിച്ചത്. അത് ജീവിതത്തില്‍ വിടാതെ പിന്തുടര്‍ന്നു.

വ്യക്തിജീവിതത്തിലെ നികത്താനാവാത്ത നഷ്ടങ്ങള്‍ സംഭവിച്ചതോടെ അവര്‍ ബ്രഹ്മകുമാരീസിനെയും ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചു. ശ്യാം ചരണ്‍ മുര്‍മുവാണ് ഭര്‍ത്താവ്. മക്കളായി മൂന്ന് പേര്‍ രണ്ടാണും ഒരു പെണ്ണും. 2009ല്‍ ദുരൂഹസാഹചര്യത്തിലാണ് ആദ്യമകന്‍ മരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം 2012ല്‍ രണ്ടാമത്തെ മകന്‍ റോഡപകടത്തില്‍ മരിച്ചു. ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മു ഹൃദയസ്തംഭനം മൂലം മരിച്ചു. വിഷാദത്തിന്‍റെ കടല്‍ നീന്താന്‍ മൗണ്ട് ആബുവിലെ ബ്രഹ്മകുമാരീസ് സന്‍സ്ഥാന്‍ എന്ന ആത്മീയ സംഘടനയുമായി വേര്‍പിരിയാത്ത ബന്ധം സ്ഥാപിച്ചു. സാമൂഹ്യസേവനങ്ങളില്‍ മനസ്സര്‍പ്പിച്ചു.

ഒഡിഷയിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന മകള്‍ മാത്രമാണ് ഇപ്പോള്‍ കൂടെയുള്ളത്. ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറാണ് മുര്‍മു. 1958ല്‍ ജനിച്ച മുര്‍മു ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച്‌ ആദ്യത്തെ രാഷ്ട്രപതി കൂടിയാകും. “അവര്‍ ഒട്ടേറെ വേദനകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയെങ്കിലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തകര്‍ന്നില്ല,” മുര്‍മുവിനെക്കുറിച്ച്‌ ഒഡിഷയിലെ ബിജെപി പ്രസിഡന്‍റ് മന്‍മോഹന്‍ സിങ്ങ് സമല്‍ പറയുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങും മുന്‍പ് റൈറംഗപൂരില്‍ അരബിന്ദോ ഇന്‍റഗ്രല്‍ എഡ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപികയായിരുന്നു.

സാന്താള്‍ എന്ന ആദിവാസി വിഭാഗത്തില്‍ ജനിച്ച മുര്‍മു സാന്താള്‍, ഒഡിയ ഭാഷകളില്‍ മികച്ച പ്രാസംഗികയാണ്. ആദിവാസി മേഖലകളില്‍ റോഡുകളും തുറമുഖങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് അക്ഷീണം പ്രയത്നിച്ച നേതാവാണ് ദ്രൗപദി മുര്‍മു. ജാര്‍ഖണ്ഡിലെ ഗവര്‍ണര്‍ പദവി ഒഴിഞ്ഞ ശേഷം രാഷ്ട്രീയവേദികളില്‍ നിന്നും വിട്ട് പൂര്‍ണ്ണമായും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ആത്മീയപ്രവര്‍ത്തനങ്ങളിലും മുഴുകി ജീവിക്കുകയായിരുന്നു. അതിനിടെയാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണം ലഭിയ്ക്കുന്നത്. ഗവര്‍ണര്‍ എന്നതിന് പുറമെ ദീര്‍ഘകാലം മന്ത്രിയായി അനുഭവപരിചയും ഉണ്ട്. ഇക്കാലയളവില്‍ ഗതാഗതം, വാണിജ്യം, ഫിഷറീസ്, മൃഗസംരക്ഷണം എന്നിങ്ങിനെ ഒട്ടേറെ വകുപ്പുകള്‍ ഒഡിഷ സര്‍ക്കാരില്‍ കൈകാര്യം ചെയ്തു.

എന്തായാലും മുര്‍മു രാഷ്ട്രപതിയാകുമെന്ന് ഉറപ്പായി. ജൂലായ് 18ന് നടക്കാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ 60 ശതമാനത്തില്‍ അധികം വോട്ട് ഉറപ്പാക്കിക്കഴിഞ്ഞു. ജയിച്ച്‌ രാഷ്ട്രപതി ഭവനില്‍ എത്തുമ്ബോള്‍ സങ്കുചിതമായ രാഷ്ട്രീയചേരിതിരിവുകളില്‍ ഒതുങ്ങാത്ത, സ്വന്തമായ അഭിപ്രായങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ പോന്ന പക്വതയുള്ള, ജീവിതത്തിന്‍റെ സമഗ്രമേഖലകളെയും സ്പര്‍ശിക്കുന്ന അനുഭവസമ്ബത്തുള്ള രാഷ്ട്രപതിയായിരിക്കും ദ്രൗപദി മുര്‍മുവെന്ന് തീര്‍ച്ച.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular