Friday, May 3, 2024
HomeKeralaകോവിഡിന്റെ മറവില്‍ 'പിന്‍വാതില്‍' വഴി 'രക്ഷപ്പെട്ടത്' 16 പേര്‍

കോവിഡിന്റെ മറവില്‍ ‘പിന്‍വാതില്‍’ വഴി ‘രക്ഷപ്പെട്ടത്’ 16 പേര്‍

തിരുവനന്തപുരം∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ പേരില്‍ 33 തടവുകാരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ, കോവിഡിന്റെ മറവില്‍ ‘പിന്‍വാതില്‍’ വഴി ‘രക്ഷപ്പെട്ടത്’ 16 പേര്‍.

2 വര്‍ഷത്തോളം നീണ്ട കോവിഡ് പരോളിനു ശേഷം തിരിച്ചു കയറാതെ 3 മാസത്തോളമായി ജയിലിനു പുറത്താണ് ഇത്രയും പേര്‍. ഇതില്‍ 5 പേര്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരാണ്.

രണ്ടാംഘട്ട കോവിഡ് വ്യാപനത്തില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരവും സര്‍ക്കാര്‍ വഴി നേരിട്ടും പ്രത്യേക പരോള്‍ ലഭിച്ചവര്‍ മേയ് 12ന് അകം തിരിച്ചു കയറണമെന്നു സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. 750 ലേറെപ്പേര്‍ തിരിച്ചെത്തിയപ്പോള്‍ 24 പേര്‍ വന്നില്ല. അതില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതായി പിന്നീടു വിവരം ലഭിച്ചു. തിരിച്ചു കയറാത്തവരെ പിടിച്ചുകൊണ്ടുവരാന്‍ ജയില്‍ വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 3 മാസം പൊലീസ് അന്വേഷിച്ചിട്ടും 16 പേര്‍ കാണാമറയത്താണ്.

സെന്‍ട്രല്‍ ജയിലുകളില്‍ കണ്ണൂരില്‍ 5 പേരും വിയ്യൂരില്‍ 4 പേരും തിരിച്ചെത്തിയില്ല. തുറന്ന ജയിലുകളില്‍ നെട്ടുകാല്‍ത്തേരിയില്‍ 5, ചീമേനിയില്‍ 2 പേരും വന്നിട്ടില്ല. ജീവപര്യന്തക്കാരില്‍ 5 പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ്. നാട്ടിലുണ്ടെന്നും രോഗികളായതിനാല്‍ ഉടന്‍ വരാന്‍ പറ്റില്ലെന്നും ഇതില്‍ 2 പേര്‍ പൊലീസിനെ അറിയിച്ചിരുന്നു. നെട്ടുകാല്‍ത്തേരിയിലെ 5 പേരില്‍ 2 പേര്‍ ബംഗാള്‍ സ്വദേശികളാണ്, ഒരാള്‍ തമിഴ് സ്വദേശി. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാന്‍ ലോക്കല്‍ പൊലീസും മെനക്കെട്ടില്ല.

10,000 രൂപ വീതം ബോണ്ട് കെട്ടിയാണു തടവുകാര്‍ പരോളില്‍ പോകുന്നത്. തിരിച്ചു വരാത്തവരുടെ ബോണ്ട് പിടിച്ചുവയ്ക്കാനേ കഴിയൂവെന്നും അറസ്റ്റ് ചെയ്തു ഹാജരാക്കേണ്ടതു പൊലീസാണെന്നും ജയില്‍ വകുപ്പ് പറയുന്നു. സെന്‍ട്രല്‍ ജയിലുകളില്‍ പരോളിന് ആള്‍ ജാമ്യം കൂടി വേണമെങ്കിലും ജാമ്യക്കാര്‍ക്കെതിരെ നടപടിയെടുക്കാറില്ല. ഫലത്തില്‍, തിരിച്ചു കയറണമെങ്കില്‍ തടവുകാര്‍ തന്നെ വിചാരിക്കണം. ജീവപര്യന്തം തടവെന്നാല്‍ ജീവിതാവസാനം വരെയെന്നു കോടതി പറഞ്ഞിട്ടുള്ളതിനാല്‍, പുറത്തു കഴിയുന്ന കാലം മുഴുവന്‍ അവര്‍ക്കു ബോണസ് ആണ്. എന്നാല്‍ അതില്‍ കുറഞ്ഞ ശിക്ഷ ലഭിച്ചവര്‍ തിരിച്ചുകയറിയാല്‍, പുറത്തുനിന്ന കാലം കൂടി അകത്തു കിടന്ന ശേഷമേ മോചനം കിട്ടൂ.

ഇതിനിടെ, കേരളപ്പിറവിയോടനുബന്ധിച്ചു കുറച്ചുപേരെക്കൂടി വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അര്‍ഹരായ തടവുകാരുടെ പട്ടിക തയാറാക്കാന്‍ ജയില്‍ വകുപ്പിനോടു നിര്‍ദേശിച്ചതായാണു വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular