Saturday, May 11, 2024
HomeIndiaഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ല: ധനമന്ത്രി നിര്‍മലാ സീതാരാമന്‍

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ല: ധനമന്ത്രി നിര്‍മലാ സീതാരാമന്‍

ഡിജിറ്റല്‍ പണമിടപാടുകള്‍ പൊതുജനങ്ങള്‍ക്ക് ഗുണകരമാണെന്നും അവയ്ക്ക് ചാര്‍ജ് ഈടാക്കാനുള്ള സമയമിതല്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
ഡിജിറ്റൈസേഷനിലൂടെ ഇന്ത്യക്ക് സുതാര്യത കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡിജിറ്റല്‍ ഇടപാടുകള്‍, ഡിജിറ്റൈസേഷന്‍, മികച്ച ആക്‌സസ് സാധ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ കൂടുതല്‍ മുന്നേറാനാണ് നാം ശ്രമിക്കുന്നതെന്നും സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

യുപിഐ പേയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് അടുത്തിടെ ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രി നേരിട്ട് അഭിപ്രായ പ്രകടനം നടത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് പങ്കാളികളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരുന്നു.

പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായതും സമ്ബദ്‌വ്യവസ്ഥയ്‌ക്ക്‌ ഉത്‌പാദനക്ഷമത നല്‍കുന്നതുമായ ഡിജിറ്റല്‍ സേവനമാണ് യുപിഐ. യുപിഐ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലില്ല. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്ബോള്‍ സേവന ദാതാക്കള്‍ക്കുണ്ടാകുന്ന ചെലവുകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് ധനമന്ത്രാലയം ഓഗസ്റ്റ് 21ന് പോസ്റ്റ് ചെയ്ത ട്വിറ്ററില്‍ കുറിച്ചു.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സാമ്ബത്തിക സഹായം നല്‍കിയിരുന്നു. ഡിജിറ്റല്‍ പേയ്‌മെന്‍റുകളും സാമ്ബത്തിക ശേഷിയുള്ളതും ഉപയോക്തൃ-സൗഹൃദവുമായ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷവും സാമ്ബത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

“ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമെന്ന നിലയില്‍ യുപിഐ ഐഎംപിഎസിന് സമാനമാണ്. അതിനാല്‍, ഫണ്ട് ട്രാന്‍സ്ഫര്‍ ഇടപാടുകള്‍ക്ക് ഐഎംപിഎസിലെ നിരക്കുകള്‍ക്ക് സമാനമായിരിക്കണം യുപിഐ നിരക്കുകള്‍ എന്ന് വാദിക്കാം. വ്യത്യസ്ത തുക അടിസ്ഥാനമാക്കി ചാര്‍ജ് ചുമത്താവുന്നതാണെന്നാണ് ” റിസര്‍വ് ബാങ്കിന്റെ അഭിപ്രായം. എന്നാല്‍ വിഷയങ്ങളില്‍ ആര്‍ബിഐ ഒരു തീരുമാനമോ പ്രത്യേക നിലപാടോ സ്വീകരിച്ചിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

യുപിഐ ഇടപാടുകളില്‍ രാജ്യത്ത് റെക്കോര്‍ഡ് വര്‍ധനവാണുണ്ടായിരിക്കുന്നത്. മെയ് മാസത്തില്‍ 10 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇന്ത്യയില്‍ യുപിഐ വഴി നടന്നതെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (National Payments Corporation of India) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് യുപിഐ ഇത്രയും വലിയ ഇടപാട് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്‍പിസിഐ വെബ്‌സൈറ്റില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ 10,41,506.60 കോടി രൂപയുടെ യുപിഐ ഇടപാടുകള്‍ നടന്നിട്ടുണ്ട്. 2021 മെയ് മാസത്തെ അപേക്ഷിച്ച്‌ ഇരട്ടി തുകയുടെ ഇടപാടുകളാണ് നടന്നത്. വര്‍ഷം തോറും, യുപിഐ ഇടപാടുകളുടെ തോതില്‍ 117 ശതമാനം വര്‍ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച്‌ ഇടപാടുകളുടെ മൂല്യം 5.91 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular