Friday, May 17, 2024
HomeGulfപ്രവാസികള്‍ രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷസേന -കുമ്ബളത്ത് ശങ്കരപ്പിള്ള

പ്രവാസികള്‍ രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷസേന -കുമ്ബളത്ത് ശങ്കരപ്പിള്ള

റിയാദ്: ലോകമാകെ പരന്നുകിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസിസമൂഹം രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷസേനയാണെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ കുമ്ബളത്ത് ശങ്കരപ്പിള്ള റിയാദില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെപോലെ തന്നെ രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷ ഉറപ്പു വരുത്തുന്നത് പ്രവാസികളാണ്. എന്നാല്‍, ആ അര്‍ഥത്തില്‍ ഇരു സര്‍ക്കാറുകളും അവരെ പരിഗണിക്കുന്നില്ല എന്നു മാത്രമല്ല, അവഗണിക്കുകയും ചെയ്യുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

ലോക കേരളസഭയില്‍നിന്ന് വാഗ്ദാനങ്ങളുടെ പെരുമഴ വര്‍ഷിക്കുന്നു എന്നല്ലാതെ പദ്ധതികളൊന്നും പ്രാബല്യത്തിലാകുന്നില്ല. മുഖ്യമന്ത്രി ലോകം ചുറ്റി പ്രഖ്യാപനങ്ങള്‍ നടത്തുന്നു എന്നതിലപ്പുറം പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും മുന്‍ ലോക കേരളസഭ അംഗംകൂടിയായ ശങ്കരപ്പിള്ള പറഞ്ഞു. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധിയില്‍ വിദേശത്തുനിന്ന് തൊഴില്‍ നഷ്‌ടപ്പെട്ട് തിരിച്ചുപോകാനാകാതെ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ക്കായി പൂട്ടിക്കിടക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ തുറന്ന് വിദഗ്ധരായ തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനായ ഒ.ഐ.സി.സിയുടെ മെംബര്‍ഷിപ് കാമ്ബയിന്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ അവസാനം വരെ കാമ്ബയിന്‍ തുടരാന്‍ കെ.പി.സി.സിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 2023ന്റെ ആദ്യ പകുതിക്ക് മുമ്ബായി പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. വോട്ടെടുപ്പിലൂടെ വരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. എന്നാല്‍, അതത് മേഖലകളില്‍നിന്ന് വിയോജിപ്പുകളില്ലാതെ കമ്മിറ്റി നിര്‍ദേശിക്കപ്പെട്ടാല്‍ സാഹചര്യത്തിനനുസരിച്ച്‌ ആ മാര്‍ഗവും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അംഗത്വമുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സുരക്ഷ പദ്ധതികള്‍ നടപ്പാക്കുന്നതിനെ കുറിച്ച്‌ കേരളത്തിലെ പ്രമുഖ കമ്ബനികളുമായി ചര്‍ച്ച തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അവരവരുടെ ഡി.സി.സിയില്‍ അര്‍ഹമായ പരിഗണ നല്‍കുന്നകാര്യം സജീവ ചര്‍ച്ചയിലുണ്ട്. കെ.പി.സി.സിയിലും പ്രവാസി പ്രതിനിധികള്‍ക്ക് അവസരം ഉണ്ടാക്കാന്‍ വേണ്ട ചര്‍ച്ചകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച ‘പൊളിറ്റിക്കല്‍ കഫെ’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയതായിരുന്നു അദ്ദേഹം. വാര്‍ത്തസമ്മേളനത്തില്‍ ഗ്ലോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്ബള, ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് സലിം കളക്കര, നാഷനല്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്ബന്‍ എന്നിവര്‍ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular