Thursday, May 9, 2024
HomeUSAട്രംപ് 2024-ലേക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

ട്രംപ് 2024-ലേക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  ചൊവാഴ്ച  ഔപചാരികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഇതു വരെ മറ്റാരും 2024 നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു രംഗപ്രവേശം ചെയ്തിട്ടില്ല.

ഫ്‌ളോറിഡ പാം ബീച്ചിലുള്ള മാർ-ആ-ലാഗോ വസതിയിലെ നിറപ്പകിട്ടാർന്ന ബോൾ റൂമിൽ നൂറു കണക്കിനു അനുയായികളുടെ ആഹ്ളാദാരവങ്ങൾ ട്രംപ് ഏറ്റു വാങ്ങി. “അമേരിക്കയുടെ പുനരുജ്ജീവനം ഇതാ ആരംഭിക്കയായി,” 76 കാരനായ 45ആം പ്രസിഡന്റ് പറഞ്ഞു.

അതിനു അല്പം മുൻപ് ഫെഡറൽ ഇലെക്ഷൻ കമ്മീഷനു മുൻപാകെ മത്സരിക്കാനുള്ള രേഖകൾ അദ്ദേഹം സമർപ്പിച്ചു.

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതീക്ഷിച്ച ചുവപ്പു തരംഗം ഉണ്ടാവാതെ പോയതു ട്രംപിൻറെ തീവ്ര നിലപാടുകൾ മൂലമാണെന്ന ആരോപണം കത്തി നിൽക്കെയാണ് അദ്ദേഹത്തിന്റെ രംഗപ്രവേശം. 2020 ൽ താൻ തോറ്റ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ തട്ടിപ്പു നടത്തി എന്നാരോപിക്കുന്ന ട്രംപിന് 2024ൽ ബൈഡനെ വീണ്ടും എതിർത്തു തോൽപിച്ചു പക വീട്ടുക എന്നതാണ് ഒരു ലക്‌ഷ്യം. രണ്ടാമത്തേത്, തനിക്കെതിരായ നിയമനടപടികളിൽ നിന്നു തലയൂരുക.

എന്നാൽ ഇടക്കാല തിരഞ്ഞെടുപ്പിൽ അദ്ദേഹം നേരിട്ടു രംഗത്തിറക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ മിക്കവരും തോറ്റിരുന്നു. ഫ്ളോറിഡയുടെ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസ് തിളക്കമാർന്ന ജയത്തിലൂടെ പാർട്ടിയുടെ താരമാവുകയും ചെയ്തു. പിന്നീട് നടന്ന സർവേകളിലൊക്കെ ഡിസാന്റിസ് ആണ് മുന്നിൽ. നേരത്തെ കൂട്ടി പിടിമുറുക്കുക എന്നതാണ് ട്രംപിന്റെ ലക്‌ഷ്യം.

ജനുവരി 6 കലാപത്തിനു നേതൃത്വം നൽകി എന്നതുൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിടുന്ന ട്രംപിന് നിയമകുരുക്കുകൾ ഏറെയാണ്. എല്ലാ അന്വേഷണങ്ങളും നിയമ നടപടികളും രാഷ്ട്രീയമാണെന്നു സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നേരത്തെ ആരംഭിക്കുന്ന പ്രചാരണത്തിന്റെ ഒരു ലക്ഷ്യവും അതാണ്.

പ്രഖ്യാപനം നടത്തുമ്പോൾ ട്രംപ് തന്റെ നാലു വർഷത്തെ ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിക്കയും ബൈഡന്റെ ഭരണം അമേരിക്കയെ ദുരിതത്തിൽ ആഴ്ത്തിയെന്നു ആരോപിക്കയും ചെയ്‌തു. പാർട്ടിയിൽ വെല്ലുവിളി ആകാവുന്ന ഡിസാന്റിസിനു എതിരെയുള്ള ആക്രമണങ്ങൾ വഴിയേ പ്രതീക്ഷിക്കാം. നവംബർ 5 നു അദ്ദേഹത്തെ കപട പുണ്യാളൻ എന്ന് വിളിച്ച ട്രംപ് സ്ഥാനാർഥിയാവാൻ സാധ്യതയുള്ള വിർജീനിയ ഗവർണർ ഗ്ലെൻ യങിനെയും വെറുതെ വിട്ടില്ല. അദ്ദേഹത്തിന്റെ പേരിനൊരു ചൈനീസ് ചുവയുണ്ടെന്നു ട്രംപ് പറഞ്ഞു.

പാർട്ടിയിൽ എതിരാളികൾ ഇറങ്ങിയാൽ റിപ്പബ്ലിക്കൻ പ്രൈമറികൾ കലുഷിതമാവും. ട്രംപിന്റെ മതിപ്പു പാടെ ഇടിഞ്ഞു നിൽക്കെ എതിരാളികളെ ഇറക്കാൻ പാർട്ടി നേതാക്കൾ ശ്രമിക്കയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular