Tuesday, April 30, 2024
HomeUSAകെവിൻ മക്കാർത്തി ജി ഓ പിയുടെ സ്‌പീക്കർ സ്ഥാനാർഥി; വലതു പക്ഷം ഇടഞ്ഞു നില്കുന്നു

കെവിൻ മക്കാർത്തി ജി ഓ പിയുടെ സ്‌പീക്കർ സ്ഥാനാർഥി; വലതു പക്ഷം ഇടഞ്ഞു നില്കുന്നു

യുഎസ് ഹൗസ് സ്‌പീക്കർ സ്ഥാനാർഥിയായി കെവിൻ മക്കാർത്തിയെ റിപ്പബ്ലിക്കൻ അംഗങ്ങൾ തിരഞ്ഞടുത്തു. ഫലപ്രഖ്യാപനം പൂർത്തിയായിട്ടില്ലെങ്കിലും ജനുവരി 3 നു നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിനു തിരക്കിട്ടു സ്ഥാനാർത്ഥിയെ തീരുമാനിക്കയായിരുന്നു. അത്തരമൊരു നീക്കത്തിനെതിരെ പാർട്ടിയിലെ പ്രമുഖമാരായ പല നേതാക്കളൂം നൽകിയ താക്കീതുകൾ അവഗണിക്കപ്പെട്ടു.

മാത്രമല്ല, റിപ്പബ്ലിക്കൻ പാർട്ടിക്കു സെനറ്റും ചില ഗവർണർ സ്ഥാനങ്ങളും നഷ്ടപ്പെട്ട ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം നടന്ന ഈ തിരഞ്ഞെടുപ്പിൽ മക്കാർത്തിക്കെതിരെ വലതുപക്ഷ സ്ഥാനാർത്ഥിയും രംഗപ്രവേശം ചെയ്തു. സഭയിലെ ഫ്രീഡം കോക്കസ് അധ്യക്ഷനായ റെപ്. ആൻഡി ബിഗ്‌സിനെ മക്കാർത്തി തോല്പിച്ചത് 31നെതിരെ 188 വോട്ടുകൾക്കാണ്. എന്നാൽ ഈ ഭിന്നത ഹൗസ് നഷ്ടപ്പെട്ട ഡെമോക്രാറ്റുകൾക്കു പ്രയോജനമാവും എന്ന് റിപ്പബ്ലിക്കൻ നേതാക്കൾ തന്നെ താക്കീതു ചെയ്തു.

“കെവിൻ മക്കാർത്തിയെ നമ്മൾ ഒറ്റക്കെട്ടായി പിന്തുണച്ചില്ലെങ്കിൽ നമ്മുടെ ചില അംഗങ്ങളെ കൊണ്ട് പോകാൻ ഡെമോക്രാറ്റുകൾക്കു അവസരം ലഭിക്കയാവും ഫലം,” ജോർജിയയിൽ നിന്നുള്ള റെപ്. മജോറി ടെയ്‌ലർ ഗ്രീൻ പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്ര വലതു പക്ഷമായ  ഫ്രീഡം കോക്കസിന്റെ എതിർപ്പ് മൂലം ജനുവരി 3 നു 118 ആം കോൺഗ്രസ് സമ്മേളിക്കുമ്പോൾ നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ മക്കാർത്തിക്കു അടിയേൽക്കുമോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്. പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞാൽ പരമോന്നത സ്ഥാനമാണ് സ്‌പീക്കറുടേത്.

ചട്ടങ്ങളിലെ ഭേദഗതി ആവശ്യപ്പെട്ടത് അവഗണിക്കപ്പെട്ടതു കൊണ്ടാണു മത്സരിച്ചതെന്നു തിങ്കളാഴ്ച രാത്രി നാടകീയമായി രംഗപ്രവേശം ചെയ്ത ബിഗ്‌സ് പറഞ്ഞു. എന്നാൽ ഈ വിഭാഗത്തിന്റെ തുടർന്നുള്ള എതിർപ്പു മക്കാർത്തിക്കു ബുദ്ധിമുട്ടുണ്ടാക്കും. ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനായ സ്റ്റീവ് ബാനന്റെ ‘വാർ റൂം’ പോഡ്‌കാസ്റ്റിൽ ബിഗ്‌സ് നൽകിയ താക്കീതു ഗൗരവമുള്ളതാണ്: “മക്കാർത്തിക്കു സ്പീക്കർ ആവാൻ കഴിയുമോ എന്ന് ഡിസംബർ 16 ആവുമ്പോൾ നമുക്ക് മനസിലാവും.”

തനിക്കു വിജയത്തെ കുറിച്ച് ആശങ്കയൊന്നുമില്ലെന്നു മക്കാർത്തി മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ വെല്ലുവിളി ഉണ്ടെന്നു സമ്മതിക്കുന്നു. “ഭൂരിപക്ഷം ചെറുതായിരിക്കും. എല്ലാവർക്കും ചെവി കൊടുക്കേണ്ടി വരും.”

ബൈഡൻ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണം എന്ന ആവശ്യത്തിനു ചെവി കൊടുക്കാത്തതാണ് അദ്ദേഹത്തിനെതിരെ വലതുപക്ഷത്തിന്റെ ഒരു പരാതി. പ്രസിഡന്റ് ബൈഡന്റെ പുത്രൻ ഹണ്ടർ ബൈഡനും അവരുടെ ലക്ഷ്യമാണ്. ബൈഡനോടു കലി തീരാത്ത ട്രംപ് ആണ് മക്കാർത്തിക്കു ഏറ്റവും വലിയ തലവേദന സൃഷ്ടിക്കാവുന്നത്.

സഭയിൽ ഭൂരിപക്ഷത്തിനു 218 വേണം എന്നിരിക്കെ 219 എത്തിയപ്പോൾ തന്നെ വോട്ടെടുപ്പ് നടത്തുകയായിരുന്നു. പതിനാലു സീറ്റുകൾ എണ്ണിക്കൊണ്ടിരിക്കയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular