Friday, May 3, 2024
HomeIndiaവിഴിഞ്ഞം പദ്ധതി കേരളം ഏറ്റെടുക്കുന്നോ? കേന്ദ്രം

വിഴിഞ്ഞം പദ്ധതി കേരളം ഏറ്റെടുക്കുന്നോ? കേന്ദ്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും അദാനിയെ ക്ഷണിച്ചുവരുത്തി താലത്തില്‍ വെച്ചുകൊടുത്ത വിഴിഞ്ഞം തുറമുഖം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാറിന് ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ചട്ടങ്ങള്‍ അനുസരിച്ച്‌ മുന്നോട്ടുപോയി വിഴിഞ്ഞം തുറമുഖം ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ചോദിച്ചു. ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചക്ക് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അവര്‍.

വിഴിഞ്ഞം തുറമുഖം പൊതുമേഖല തുറമുഖമായി വികസിപ്പിക്കാനല്ലേ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആഗ്രഹിച്ചതെന്ന് സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ചോദിച്ചതിന് മറുപടിയായിട്ടാണ് കേരളം ഏറ്റെടുക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടത്.

വിഴിഞ്ഞം തുറമുഖം കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും അദാനിക്ക് താലത്തില്‍ വെച്ചു നീട്ടിയതാണെന്നും മോദി സര്‍ക്കാര്‍ പദ്ധതികള്‍ അംബാനിക്കും അദാനിക്കും നല്‍കുന്നെന്ന് പറഞ്ഞവര്‍ തന്നെയാണിത് ചെയ്തതെന്നും നിര്‍മല പരിഹസിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ചേര്‍ന്ന് ഒരു തുറമുഖം ഏറ്റവും വലിയ കോര്‍പറേറ്റിന് താലത്തില്‍ വെച്ച്‌ നല്‍കുകയായിരുന്നു. വരൂ, വരൂ ഈ തുറമുഖമൊന്ന് വികസിപ്പിച്ചു തരൂ എന്നു പറഞ്ഞാണ് ആ കോര്‍പറേറ്റിനെ കോണ്‍ഗ്രസ് കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത്. കോര്‍പറേറ്റിനെ കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്നത് ശരി.

അതിനുശേഷം കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ തുറമുഖം വികസിപ്പിക്കാന്‍ അവര്‍ക്കും ആ കോര്‍പറേറ്റു തന്നെ വേണം. ആ കോര്‍പറേറ്റിനായി കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും നടത്തുന്ന സൗഹൃദമത്സരമല്ലേ കേരളത്തില്‍ നടക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസിനെ പേരെടുത്ത് പറഞ്ഞ് നിര്‍മല സീതാരാമന്‍ ചോദിച്ചു.

കോണ്‍ഗ്രസുകളും കമ്യൂണിസ്റ്റുകളും പരസ്പരം പോരടിക്കുമ്ബോള്‍ കോര്‍പറേറ്റുകളെ വലിച്ചെറിയും. എന്നാല്‍, അവര്‍ ക്ഷണിച്ചുകൊണ്ടുവന്നാല്‍ മൗനം പാലിക്കുകയും കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും തമ്മിലുള്ള സൗഹൃദമത്സരം തുടരുകയും ചെയ്യും. ബി.ജെ.പി ചെയ്യുമ്ബോള്‍ മാത്രം തെറ്റ് എന്നാണിവര്‍ പറയുന്നത്. മോദി സര്‍ക്കാര്‍ ഈ തരത്തില്‍ ചെയ്താല്‍ അദാനിക്കും അംബാനിക്കും കൊടുത്തതാണെന്ന് ഇവര്‍ പറയും.

വിഴിഞ്ഞം തുറമുഖം സ്വകാര്യതുറമുഖമെന്നതിലുപരി പൊതുമേഖല തുറമുഖമാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആഗ്രഹിച്ചത് എന്നതല്ലേ വസ്തുതയെന്ന് ജോണ്‍ ബ്രിട്ടാസ് നിര്‍മലയോട് ചോദിച്ചു. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്ത് വികസിപ്പിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ഷണിച്ചുകൊണ്ടുവന്നതാണ് കോര്‍പറേറ്റിനെ എന്നതാണ് വസ്തുത.

തുടര്‍ന്ന് കമ്യൂണിസ്റ്റുകളുടെ ഇടതുപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ ഒന്നും ചെയ്തില്ല. ബ്രിട്ടാസ് പറയുന്നതുപോലെ സംസ്ഥാന സര്‍ക്കാറിന് ഇപ്പോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ചട്ടങ്ങള്‍ അനുസരിച്ച്‌ മുന്നോട്ടുപോയി ഏറ്റെടുക്കണം. അങ്ങനെ അത് ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്നും നിര്‍മല ചോദിച്ചു.

വിഴിഞ്ഞം കൊടുത്തതില്‍ തെറ്റ് എന്തെന്ന് ബ്രിട്ടാസ്

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖം കോര്‍പറേറ്റിനു കൊടുത്തതില്‍ വല്ല തെറ്റുമുണ്ടോ എന്ന് സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസ്. ബ്രിട്ടാസില്‍നിന്ന് ഇത് കേട്ടതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബ്രിട്ടാസാണിത് പറയുന്നതെന്ന് രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെ നിര്‍മല ഓര്‍മിപ്പിച്ചു.

നിങ്ങള്‍ക്ക് പദ്ധതികളുണ്ടാകുമ്ബോള്‍ തുറന്ന ടെന്‍ഡര്‍ നടപടികളിലൂടെ ഒരു പ്രത്യേക കോര്‍പറേറ്റിന് പദ്ധതി കിട്ടിയാല്‍ അതിലെന്തെങ്കിലും തെറ്റുണ്ടോ എന്നാണ് ബ്രിട്ടാസ് ചോദിക്കുന്നത്. എന്നാല്‍, മോദി സര്‍ക്കാര്‍ ഈ തരത്തില്‍ ചെയ്താല്‍ അദാനിക്കും അംബാനിക്കും കൊടുത്തതാകും എന്നു നിങ്ങള്‍ പറയും. രാജസ്ഥാനും ഒരു കോര്‍പറേറ്റിന് ഭൂമി നല്‍കി. മറ്റു സംസ്ഥാനങ്ങളും അതുപോലെ ചെയ്തു. കോര്‍പറേറ്റുകളെ അവര്‍ ക്ഷണിച്ചാല്‍ മൗനമാണെന്നും നിര്‍മല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular