Thursday, May 9, 2024
HomeIndiaകോടാലി കൊണ്ട് വോട്ടിങ് യന്ത്രം അടിച്ചുതകര്‍ത്ത് യുവാവ്; ഒരു ജോലിയുമില്ലാത്തതിനാല്‍ ചെയ്തതെന്ന് പൊലീസ്

കോടാലി കൊണ്ട് വോട്ടിങ് യന്ത്രം അടിച്ചുതകര്‍ത്ത് യുവാവ്; ഒരു ജോലിയുമില്ലാത്തതിനാല്‍ ചെയ്തതെന്ന് പൊലീസ്

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തി ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ കോടാലി കൊണ്ട് അടിച്ചുതകർത്ത് യുവാവ്.

മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ബിലോലിയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സംഭവത്തില്‍ 26കാരനായ ഭയ്യേസാഹേബ് എഡ്കെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിലോലി താലൂക്കിലെ റാംപുരിയിലെ പോളിങ് ബൂത്തിലാണ് ഇയാള്‍ വോട്ട് ചെയ്യാനെത്തിയത്. 3.53ഓടെ ഇവിഎമ്മിനടുത്തെത്തിയ ഇയാള്‍ പൊടുന്നനെ പാന്റിനുള്ളില്‍ ഒളിപ്പിച്ചിരുന്ന കോടാലിയെടുത്ത് അതിലടിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് പോളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഓടിയെത്തി. കൈയില്‍ കോടാലിയുമായി യുവാവ് നില്‍ക്കുന്നതു കണ്ട് എല്ലാവരും ഭയന്നു. എന്നാല്‍ ഉടനടി പാഞ്ഞെത്തിയ പൊലീസുകാർ യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു.

‘റാംപുരി ബൂത്തിലെ വോട്ടറാണ് പ്രദേശവാസിയായ എഡ്കെ. വോട്ട് ചെയ്യാനാണ് ഇയാള്‍ പോളിങ് ബൂത്തിലെത്തിയത്. എന്നാല്‍ ഒളിപ്പിച്ചുവച്ചിരുന്ന കോടാലിയെടുത്ത് വോട്ടിങ് യന്ത്രം തകർക്കുകയായിരുന്നു. പൊലീസുകാർ ഉടനടി ഇയാളെ പിടികൂടുകയും പുതിയ വോട്ടിങ് മെഷീനെത്തിച്ച്‌ അധികം താമസിയാതെ വോട്ടെടുപ്പ് തുടരുകയും ചെയ്തു’- നന്ദേഡ് പൊീസ് സൂപ്രണ്ട് ശ്രീകൃഷ്ണ കോകാടെ പറഞ്ഞു.

വിദ്യാസമ്ബന്നനായ എഡ്കെ തൊഴില്‍രഹിതനാണ്. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ജോലി ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നും പൊലീസ് പറയുന്നു.

“കർഷകർക്കും തൊഴിലാളികള്‍ക്കും അനുകൂലമായ സർക്കാർ വേണമെന്നാണ് അയാള്‍ പറയുന്നത്. ഇയാള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ്. യുവാവ് നന്നായി പഠിച്ചിട്ടുണ്ട്. നിയമത്തിലും ജേണലിസത്തിലും കോഴ്‌സുകള്‍ ചെയ്തിട്ടുണ്ട്”- എസ്പി കൂട്ടിച്ചേർത്തു.

അതേസമയം, കോടാലി കൊണ്ടുള്ള അടിയില്‍ ഇവിഎം തകർന്നെങ്കിലും വിവിപാറ്റ് മെഷീൻ പ്രവർത്തനക്ഷമമാണെന്നും അതിനുള്ളിലെ ഡാറ്റയെ ബാധിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നു. സംഭവം നടക്കുമ്ബോള്‍ പോളിങ് ബൂത്തില്‍ ആകെയുള്ള 379 വോട്ടർമാരില്‍ 185 പേർ വോട്ടവകാശം വിനിയോഗിച്ചിരുന്നു. സംഭവത്തിന് ശേഷം പുതിയ ഇവിഎം എത്തിച്ചതായും പോളിങ് പുനരാരംഭിച്ചതായും ഉദ്യോഗസ്ഥർ വിശദമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular