Monday, May 20, 2024
HomeIndia24 മണിക്കൂറും ശുദ്ധജലം; ഒഡീഷയിലെ 19 നഗരങ്ങളില്‍ 'ഡ്രിങ്ക് ഫ്രം ടാപ്പ്' പദ്ധതിയുമായി മുഖ്യമന്ത്രി നവീന്‍...

24 മണിക്കൂറും ശുദ്ധജലം; ഒഡീഷയിലെ 19 നഗരങ്ങളില്‍ ‘ഡ്രിങ്ക് ഫ്രം ടാപ്പ്’ പദ്ധതിയുമായി മുഖ്യമന്ത്രി നവീന്‍ പട്നായിക്

ഡീഷയിലെ 19 നഗരങ്ങളില്‍ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഡ്രിങ്ക് ഫ്രം ടാപ്പ്’ പദ്ധതി മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്ഘാടനം ചെയ്തു.

ഏകദേശം 5.5 ലക്ഷത്തോളം ആളുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് തന്റെ ദീര്‍ഘകാല സ്വപ്നമാണെന്നും അത് എപ്പോഴും തന്റെ സര്‍ക്കാരിന്റെ മുന്‍ഗണനയിലുള്ള കാര്യങ്ങളില്‍ ഒന്നായിരുന്നു എന്നും പരിപാടിയെ അഭിസംബോധന ചെയ്‌ത് നവീന്‍ പട്നായിക് പറഞ്ഞു.

”ജലം അമൂല്യമാണ്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഒരു പുതിയ ഒഡീഷ സൃഷ്ടിക്കാനും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മാതൃകാപരമായ ഭരണം നടത്താനും പൗര കേന്ദ്രീകൃതമായ സേവനങ്ങള്‍ നല്‍കാനും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ 19 നഗരങ്ങള്‍ ഈ പദ്ധതിയില്‍ ചേരുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്”, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വെള്ളം പാഴാക്കരുതെന്നും നവീന്‍ പട്നായിക് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജലം അമൂല്യമാമെന്നും ഏറെ പ്രാധാന്യമുള്ള ഒരു പ്രകൃതിവിഭവമാണെന്നും അതിനാല്‍ അത് വിവേകത്തോടെ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഇന്ത്യയ്ക്ക് ഒരു വലിയ വെല്ലുവിളി തന്നെയാണ്. 1.3 ബില്യണ്‍ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ ലഭ്യമായ ശുദ്ധജല സ്രോതസ്സുകള്‍ വെറും നാല് ശതമാനം മാത്രമാണ്. പൈപ്പ് ജലവിതരണത്തിന്റെ അഭാവവും കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യവും രാജ്യത്തെ ഏറിയ പങ്ക് ജനങ്ങളുടെയും സ്ഥിതി കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്.
എങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്ന കാര്യത്തില്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യ മെച്ചപ്പെട്ടിട്ടുണ്ട്.

ഗവണ്‍മെന്റിന്റെ ജല്‍ ജീവന്‍ മിഷന് കീഴില്‍ 2021 നവംബര്‍ 4 വരെ മൊത്തം 8.45 കോടി ഗ്രാമീണ കുടുംബങ്ങളില്‍ പൈപ്പ് വഴിയുള്ള ജല കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ കുടുംബങ്ങളില്‍ പൂര്‍ണമായും പൈപ്പ് വെള്ളം എത്തിച്ചിട്ടുണ്ട്. ഗോവ, തെലങ്കാന, ഹരിയാന, ദാദ്ര നഗര്‍ ഹവേലി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി എന്നിവയാണ് ഈ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും. എന്നാല്‍, എല്ലാവര്‍ക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്കിടയിലും, ഇപ്പോഴും പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ നിരവധി വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. അതിവേഗം കുതിച്ചുയരുന്ന ജനസംഖ്യ, ഉയര്‍ന്ന വ്യവസായവല്‍ക്കരണം, മലിനീകരണം എന്നിവ കാരണം ഇന്ത്യയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ നദികള്‍ ചുരുങ്ങുകയും മലിനമാകുകയും ചെയ്യുന്നുണ്ട്. ഇതും ഒരു വെല്ലുവിളിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular