Monday, May 20, 2024
HomeUSAകൃത്യമായ ധാരണകളോടെയാണ് സിലിൻസ്കി യുഎസിൽ എത്തിയതെന്നു വ്യക്തം

കൃത്യമായ ധാരണകളോടെയാണ് സിലിൻസ്കി യുഎസിൽ എത്തിയതെന്നു വ്യക്തം

ലണ്ടനിലേക്കോ ബെർലിനിലേക്കോ പാരിസിലേക്കോ അല്ല വോളോഡിമിർ സിലിൻസ്കി പോയത്. 300 ദിവസം മുൻപ് റഷ്യ ആക്രമണം തുടങ്ങിയതു മുതൽ സ്വന്തം ജനങ്ങളോടൊപ്പം ഉറച്ചു നിന്നു പോരാട്ടം നയിക്കയും ശത്രുവിനു പരുക്കേൽപിക്കയും ചെയ്ത  യുക്രൈൻ പ്രസിഡന്റ് വാഷിംഗ്‌ടണിലേക്കാണ് തന്റെ ആദ്യ യാത്രയിൽ എത്തിയതെങ്കിൽ അത് ആയുധങ്ങൾ കിട്ടുമെന്ന പ്രതീക്ഷ ഒന്നുകൊണ്ടു മാത്രമല്ല. യുക്രൈന്റെ ആവശ്യം എന്താണെന്നു യുഎസ് നന്നേ തിരിച്ചറിഞ്ഞു എന്നതാണ് സിലിൻസ്കിയെ ഈ സന്ദർശനത്തിനു പ്രേരിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് മിഖയിലോ പൊഡോല്യക് പറഞ്ഞു.

“റഷ്യ ഈ യുദ്ധം തോൽക്കണം, അതാണ്  ഞങ്ങളുടെ ഒന്നാമത്തെ ആവശ്യം,” അദ്ദേഹം പറഞ്ഞു. “യുഎസ് അതു കൃത്യമായി മനസിലാക്കി.”

രണ്ടാമത്, വ്യാജ ഒത്തു തീർപ്പുകൾക്കായി ഭൂമി വിട്ടുകൊടുക്കാൻ യുക്രൈൻ തയാറല്ല. മൂന്ന്, ആവശ്യമായ എല്ലാ സൈനിക സഹായവും യുക്രൈനു ലഭിക്കണം. നാല്, ചർച്ചയ്ക്കുള്ള റഷ്യയുടെ ക്ഷണം ഞങ്ങൾ അവഗണിക്കുന്നു.

യുഎസ് കോൺഗ്രസിൽ ഹർഷാരവങ്ങൾക്കിടയിൽ സിലിൻസ്കി പറഞ്ഞു: “യുഎസ് നൽകുന്ന പണം ഔദാര്യമല്ല. അത് ആഗോള സുരക്ഷയ്ക്കുള്ള നിക്ഷേപമാണ്.”

കോൺഗ്രസാണ് പണം നൽകുന്നതെന്നു നന്നേ മനസിലാക്കിയാണ് അദ്ദേഹം എത്തിയതെന്നു വ്യക്തം. യുക്രൈന് $44.9 ബില്യൺ സഹായം കൂടി ലഭ്യമാക്കാനുള്ള പ്രസിഡന്റ് ബൈഡന്റെ നിർദേശം കോൺഗ്രസ് പരിഗണിക്കയാണ്. ഈ വർഷം തന്നെ $50 ബില്യന്റെ സഹായം നൽകിക്കഴിഞ്ഞു. റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങൾക്ക് കൂടി യുക്രൈന്റെ ആവശ്യം മനസിലാക്കാൻ സഹായിക്കുന്ന രീതിയിൽ സംസാരിക്കണം എന്ന നിർദേശവും സിലിൻസ്കിക്ക് ഉണ്ടായിരുന്നു.

കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിക്കാനുള്ള അപൂർവ സന്ദർഭം തന്നെ ബഹുമതിയായി എന്നതിനു പുറമെ, കോൺഗ്രസിനോടു നേരിട്ട് സംസാരിക്കാനുള്ള അവസരമായി അത്. പ്രത്യേകിച്ച് യുക്രൈനു വേണ്ടി ബൈഡൻ ആവശ്യപ്പെടുന്ന പണം അപ്പാടെ നൽകാൻ കോൺഗ്രസ് തയാറല്ല എന്നതു  കൊണ്ടും. ജനുവരിയിൽ ആവട്ടെ, ഹൗസ് റിപ്പബ്ലിക്കൻ കൈകളിലേക്കു മാറുകയുമാണ്.

പ്രസംഗത്തിനിടയിൽ പലകുറി ഇരു പാർട്ടികളിൽ നിന്നുമുള്ള അംഗങ്ങൾ ഉച്ചത്തിൽ ഹർഷാരവം മുഴക്കുകയും എണീറ്റു നിന്നു കൈയടിക്കയും ചെയ്തു. “യുക്രൈൻ ഒരിക്കലൂം കീഴടങ്ങില്ല” എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഹർഷാരവത്തിൽ മുങ്ങി.

സ്ഥാനമൊഴിയുന്ന ഹൗസ് സ്പീക്കർ നാൻസി പെലോസി ഒക്ടോബറിൽ ക്രോയേഷ്യയിൽ വച്ച് യുക്രൈൻ പാർലമെന്റ് അധ്യക്ഷൻ റസ്ലാൻ സ്റ്റെഫാൻചുക്കുമായി കണ്ടുമുട്ടിയപ്പോഴാണ് സിലിൻസ്കിയെ ഈ പ്രസംഗത്തിനു ക്ഷണിക്കുക എന്ന ആശയം ഉണ്ടായത്.

അസ്തിത്വ പ്രശ്നമെന്നു ഒലീന  

യുക്രൈന്റെ നിലനില്പിന്റെ പ്രശ്നം തന്നെയാണ് ഈ യുദ്ധമെന്നു സിലിൻസ്കിയുടെ ഭാര്യ ഒലീന സിലിൻസ്ക അതിനിടെ പല രാജ്യങ്ങളെ പ്രഥമ വനിതാമാരുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ പറഞ്ഞു.

“ഇതു അസ്തിത്വത്തിന്റെ പ്രശ്നമാണെന്നു ആദ്യ മനസിലാക്കിയത് നിങ്ങളാണ്,” അവർ പറഞ്ഞു. ഫ്രാൻസ്, ലാത്വിയ, ലിത്വനിയ, ഐസ്ലൻഡ്, നോർത്ത് മാസിഡോണിയ, ബെൽജിയം, സെർബിയ, ബെർമുഡ, എസ്തോണിയ എന്നീ രാജ്യങ്ങളിലെ പ്രഥമ വനിതാമാരാണ് പങ്കെടുത്തത്.

അവരുടെയെല്ലാം സഹായത്തിനു ഒലീന നന്ദി പറഞ്ഞു. “നമുക്ക് ഒരേ മൂല്യങ്ങൾ ഉള്ളത് കൊണ്ടാണ് ഇതെല്ലം സാധ്യമായത്. ഏറ്റവും പ്രധാനം മനുഷ്യ ജീവനാണ്. സ്വാതന്ത്ര്യത്തിന്റെ സംരക്ഷണമാണ്.”

Zelensky had clear plans for US visit

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular