Friday, May 3, 2024
HomeIndiaവായ്പകളുടെ തിരിച്ചടവ് മുടക്കിയവരുടെ ഫോട്ടോ മോര്‍ഫിങ് നടത്തി പ്രചരിപ്പിച്ചു; മലയാളി സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍

വായ്പകളുടെ തിരിച്ചടവ് മുടക്കിയവരുടെ ഫോട്ടോ മോര്‍ഫിങ് നടത്തി പ്രചരിപ്പിച്ചു; മലയാളി സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍

തിരുപ്പൂര്‍: ഓണ്‍ലൈന്‍ വായ്പകളുടെ തിരിച്ചടവ് മുടക്കിയവരുടെ ഫോട്ടോകള്‍ മോര്‍ഫിങ് നടത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ മലയാളി സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍.
തിരുപ്പൂരില്‍ കോള്‍ സെന്റര്‍ സ്ഥാപിച്ചു വായ്പ മുടക്കിയവരെ ഭീഷണിപ്പെടുത്തുകയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. അതേസമയം, അറസ്റ്റിലായവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചു തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി. നാലു വിദേശ വായ്പ ആപ്പുകളുടെ കോള്‍ സെന്റര്‍ തുറന്നാണു സംഘം ഭീഷണിയും നഗ്നചിത്രനിര്‍മാണവും നടത്തിയിരുന്നത്. പെരുമാനല്ലൂര്‍ സ്വദേശിയായ യുവതി സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നു എസ്.പിക്കു പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തിരുപ്പൂര്‍ കത്താര്‍പേട്ടിലെ കോള്‍ സെന്റര്‍ പൊലീസ് കണ്ടെത്തി. നടത്തിപ്പുകാരായ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അസ്കര്‍, അനീസ് മോന്‍, മുഹമ്മദ്ഷാഫി, സലീം, അഷ്റഫ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നു നിരവധി ഫോണുകള്‍, നാലു സിം ബോക്സുകള്‍, ആറു ഇന്റര്‍നെറ്റ് മോഡങ്ങള്‍, 500 സിമ്മുകള്‍ എന്നിവ പിടിച്ചെടുത്തു. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഫോട്ടോയും നല്‍കിയാല്‍ മുവായിരം രൂപ മുതല്‍ പതിനയ്യായിരം രൂപ വരെ വായ്പ നല്‍കുന്നതായിരുന്നു സംഘത്തിന്റെ രീതി.

രണ്ടാഴ്ചക്കകം പലിശ സഹിതം തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മുടക്കം വന്നാല്‍ ഭീഷണിപ്പെടുത്തും. തുടര്‍ന്നും തിരിച്ചടവ് മുടക്കിയാല്‍ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു ഫോണിലെ മുഴുവന്‍ നമ്ബറുകളിലേക്കും അയക്കുന്നതായിരുന്നു രീതി. അറസ്റ്റിലായവര്‍‍ക്കു വിദേശ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular