Friday, May 3, 2024
HomeIndiaജി 20: നരേന്ദ്ര മോദിയുടെ പ്രസ്താവന ആവര്‍ത്തിച്ച്‌ ഇന്ത്യ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി

ജി 20: നരേന്ദ്ര മോദിയുടെ പ്രസ്താവന ആവര്‍ത്തിച്ച്‌ ഇന്ത്യ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി

‘ഇത് യുദ്ധത്തിന്റെ യുഗമല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ആവര്‍ത്തിച്ച്‌ പറഞ്ഞ് വീണ്ടും റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ.

ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ വെച്ച്‌ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്നും എല്ലാ രാജ്യങ്ങളിലുമുള്ള വിദേശകാര്യ മന്ത്രിമാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധത്തെച്ചൊല്ലി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ, നിലവിലുള്ള ആഗോള വെല്ലുവിളികളെ നേരിടുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയില്‍ യോഗം ചേരുന്നത്. ഇന്നും നാളെയുമായിട്ടാണ് യോഗം നടക്കുന്നത്.

യോഗത്തില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് എന്നിവരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സ്വീകരിച്ചു. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ബ്ലിങ്കന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. മുന്‍പ് 2021 ജൂലൈയില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ ക്ഷണിച്ച 40 രാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നും. പുതുതായി ചുമതലയേറ്റ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. നേരത്തെ, മുന്‍ ചൈനീസ് മന്ത്രി വാങ് യി 2019ല്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചിരുന്നു.

ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായി ജയശങ്കറും റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്‌റോവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ജി-20 യില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചും ലാവ്‌റോവിനോട് സംസാരിച്ചതായി ജയശങ്കര്‍ പറഞ്ഞു.

മാര്‍ച്ച്‌ രണ്ടിന് നടക്കുന്ന ഉച്ചകോടിയില്‍ തീവ്രവാദികളെ സഹായിക്കുന്നതില്‍ ക്രിപ്‌റ്റോകറന്‍സിയുടെ പങ്കിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. റഷ്യ യുക്രെയ്ന്‍ യുദ്ധം യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് യോഗത്തില്‍ പങ്കെടുക്കാന്‍ ‍ഡല്‍ഹിയിലെത്തിയത്. ബുധനാഴ്ച അദ്ദേഹം എസ്. ജയശങ്കറുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജപ്പാന്‍ വിദേശകാര്യ മന്ത്രി യോഷിമസ ഹയാഷി പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കു കാരണം ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. ജി20 സമ്മേളനത്തോടനുബന്ധിച്ച്‌ ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പ്രത്യേകം ചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹയാഷിയുടെ വരവും ഏവരും ഉറ്റുനോക്കിയിരുന്നു. ആഭ്യന്തര കാരണങ്ങള്‍ മൂലം തങ്ങള്‍ക്കും യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ദക്ഷിണ കൊറിയയിലെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യയെ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular