Saturday, May 18, 2024
HomeKeralaസ്വകാര്യ ബസുകള്‍ക്ക് പകരം സൂപ്പര്‍ ക്ലാസ് ബസുകള്‍; ടിക്കറ്റ് ഇളവ്, കൂടുതല്‍ സര്‍വീസുമായി കെഎസ്‌ആര്‍ടിസി

സ്വകാര്യ ബസുകള്‍ക്ക് പകരം സൂപ്പര്‍ ക്ലാസ് ബസുകള്‍; ടിക്കറ്റ് ഇളവ്, കൂടുതല്‍ സര്‍വീസുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: 140 കിലോമീറ്ററിലേക്ക് യാത്രചുരുക്കുന്ന സ്വകാര്യ ബസുകള്‍ക്കുപകരം കെഎസ്‌ആര്‍ടിസി സൂപ്പര്‍ക്ലാസ് ബസുകള്‍ ഓടിക്കും.

സ്വകാര്യബസുകള്‍ ഓടിയിരുന്ന പാതയിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ഇളവും നല്‍കും. സ്വകാര്യ ബസുകള്‍ 140 കിലോമീറ്ററായി ചുരുക്കുമ്ബോഴുള്ള യാത്രാ ക്ലേശം ഒഴിവാക്കാനും കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുമാണ് നടപടി.

സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ മാര്‍ച്ച്‌ മുതല്‍ കെഎസ്‌ആര്‍ടിസി 260ല്‍ അധികം സര്‍വീസുകള്‍ ഓടിച്ചിരുന്നു. പെര്‍മിറ്റില്ലാത്ത സ്വകാര്യ ബസുകള്‍ കെഎസ്‌ആര്‍ടിസി ഓടുന്ന റൂട്ടുകളില്‍ മത്സരിച്ചോടുകയും കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കുകയും ചെയ്യുകയാണ്. ഇതേത്തുടര്‍ന്ന് നിര്‍ത്തിയ സര്‍വീസുകള്‍ പുനരാരംഭിക്കും. അനധികൃതമായി ഓടുന്ന സ്വകാര്യ ബസുകളാണ് മോട്ടോര്‍വാഹനവകുപ്പ് തടയുന്നത്.

131 പുതിയ സൂപ്പര്‍ഫാസ്റ്റ് ബസുകളും പുതിയപാതകളിലേക്ക് വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ സൂപ്പര്‍ക്ലാസ് ബസുകള്‍ ഉടനെത്തും. സംസ്ഥാനത്തെ എല്ലാ റൂട്ടുകളിലും കൂടുതല്‍ സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ ആരംഭിക്കും. യാത്രാസൗകര്യം കുറയുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശനനടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് നീങ്ങുമെന്ന് കഴിഞ്ഞ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാനത്ത് 250 ഓളം ബസുകള്‍ 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ താത്കാലിക പെര്‍മിറ്റില്‍ ഓടുന്നുണ്ട്. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി കോടതി ഉത്തരവ് മറികടന്നാണെന്നാണ് ബസ് ഉടമകളുടെ വാദം.

ലിമിറ്റഡ് സ്റ്റോപ്പ് അനുമതി റദ്ദാക്കല്‍, പെര്‍മിറ്റ് വിഷയം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ തിരുവനന്തപുരത്ത് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെകെ തോമസ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയപ്പോളാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച്‌ പെര്‍മിറ്റ് കാര്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നത്.

140 കിലോമീറ്ററിലധികമുള്ള റൂട്ട് ദേശസാത്കരിച്ചുകൊണ്ട് ഒക്ടോബറില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, മലയോര മേഖലയിലേക്കുള്ള യാത്രാക്ലേശം പരിഗണിച്ച്‌ മാര്‍ച്ച്‌ വരെ താത്കാലിക പെര്‍മിറ്റിന് കാലാവധി അനുവദിച്ചു. പിന്നീട് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നും അറിയിച്ചിരുന്നു. ഇതിനെതിരേ ബസ് ഉടമകള്‍ കോടതിയെ സമീപിച്ച്‌ ഓഗസ്റ്റ് വരെ താത്കാലിക പെര്‍മിറ്റ് കാലാവധി നേടി.

ഇതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പാടില്ലായെന്ന് നോട്ടിഫിക്കേഷന്‍ നല്‍കി. ഇതിനെതിരേ ചില ബസ് ഉടമകള്‍ കോടതിയെ സമീപിച്ച്‌ താത്കാലിക സ്റ്റേ വാങ്ങി. കേസ് മാറ്റിവെച്ചിരിക്കുകയുമാണ്. ഇത് മറ്റ് ബസുകള്‍ക്ക് ബാധകമല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular