Saturday, May 4, 2024
HomeKeralaഡെയറി ഫാമില്‍ വിജയം രചിച്ച്‌ ദമ്ബതികള്‍

ഡെയറി ഫാമില്‍ വിജയം രചിച്ച്‌ ദമ്ബതികള്‍

കുന്ദമംഗലം: കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മിക്കവാറും ചെറുകിട കര്‍ഷകരോ സ്വന്തമായി കൂടുതല്‍ ഭൂമിയില്ലാത്ത കര്‍ഷക തൊഴിലാളികളോ ആയിരിക്കും.

ഇതുപോലെ വിജയകരമായ രീതിയില്‍ പശുഫാം നടത്തുന്ന ഒരു കുടുംബമുണ്ട് കുന്ദമംഗലം കോട്ടാംപറമ്ബില്‍; വിഘ്നേഷും ശരണ്യയും നടത്തുന്ന ദക്ഷാസ് ഡെയറി ഫാം.

മൂന്നു വര്‍ഷം മുമ്ബാണ് ഫാം ആരംഭിക്കുന്നത്. ശരണ്യ കുടുംബശ്രീ മുഖേന മൂന്നു ലക്ഷത്തോളം രൂപയുടെ ലോണ്‍ എടുത്താണ് തുടക്കം. പിന്നീട് ബന്ധുക്കളില്‍നിന്നും മറ്റും കടം വാങ്ങിയും ആഭരണങ്ങള്‍ പണയംവെച്ചുമാണ് മുന്നോട്ടുപോയത്. വീടിന് തൊട്ടടുത്ത് ഭൂമി വാടകക്കെടുത്താണ് ഫാം നടത്തുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ ലോണിന് അപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും സ്വന്തമായുള്ള സ്ഥലത്തല്ല ഫാം എന്നതിനാല്‍ ലോണ്‍ ലഭിച്ചില്ല. നിലവില്‍ മറ്റുള്ള എല്ലാ കടങ്ങളും വീട്ടി. ലോണ്‍ ഇനത്തില്‍ മാത്രം ചെറിയ തുകയുംകൂടി ബാക്കിയുണ്ട്.

മറ്റേതെങ്കിലും തൊഴില്‍ മേഖല ആവശ്യപ്പെടുന്നതിലും അധികം അധ്വാനവും സ്ഥിരോത്സാഹവും ക്ഷീരോല്‍പാദന മേഖലക്ക് അത്യാവശ്യമാണ്. നിത്യേനയുള്ള കറവയും തീറ്റകൊടുക്കലും തൊഴുത്തു വൃത്തിയാക്കലുമെല്ലാം നമ്മുടെ സൗകര്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റിവെക്കാൻ കഴിയില്ലെന്നതിനാല്‍ ഈ മേഖലയോട് ഇഷ്ടവും വേണമെന്ന് ദമ്ബതികള്‍ പറയുന്നു. ഒരു പശുക്കുട്ടിയില്‍നിന്ന് തുടങ്ങിയ ദക്ഷാസ് ഡെയറി ഫാമില്‍ നിലവില്‍ 10 കറവപ്പശുക്കളും ഒരു ഗര്‍ഭിണി പശുവും മൂന്നു കുട്ടിപ്പശുക്കളും ഉണ്ട്.

എച്ച്‌.എഫ്, ജഴ്‌സി, ക്രോസ് ഇനങ്ങളിലുള്ളവയാണ് ഇവ. ബംഗളൂരു, ഊട്ടി, കോയമ്ബത്തൂര്‍, പൊള്ളാച്ചി, തെങ്കാശി, മധുരൈ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് പശുക്കളെ കൂടുതലായും കേരളത്തിലെത്തിക്കുന്നത്. ഫാം വിപുലീകരിക്കാൻ ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതിയാണ് പ്രശ്നമെന്ന് ഇവര്‍ പറയുന്നു.

ദിവസവും 120 ലിറ്ററില്‍ അധികം പാല്‍ ലഭിക്കുന്നുണ്ട്. സൊസൈറ്റിയിലും വീടുകളിലുമാണ് വില്‍പന. വിഘ്നേഷാണ് പാല്‍ വില്‍പന നടത്തുന്നത്. അച്ഛനും അമ്മയും ഇവരെ സഹായിക്കുന്നു. ലിറ്ററിന് 70 രൂപ ലഭിക്കുന്നുണ്ട്.

പശുക്കള്‍ക്ക് വയ്ക്കോല്‍, പച്ചപ്പുല്ല്, കാലിത്തീറ്റ, കാല്‍സ്യം എന്നിവ നല്‍കുന്നുണ്ട്. വയനാട്ടില്‍നിന്ന് വരുന്ന പച്ചപ്പുല്ല് ആറു ദിവസം കൂടുമ്ബോള്‍ ഒരു ലോഡ് വരും. 8000 രൂപയിലധികം വരും ഇതിന്. അതുപോലെ ഒന്നരച്ചാക്ക് കാലിത്തീറ്റയും ദിവസവും നല്‍കുന്നുണ്ട്. 3500 രൂപയിലേറെ ഒരു ദിവസം ചെലവ്‌ വരും.

പുലര്‍ച്ച നാലു മുതല്‍ വിഘ്നേഷും ശരണ്യയും ഫാമില്‍ ജോലി ആരംഭിക്കും. അഞ്ചു മണി കഴിഞ്ഞാല്‍ പശുക്കളുടെ പാല്‍ കറക്കും. ഈ ജോലി രാവിലെ 9.30 വരെ നീളും. വീണ്ടും ഉച്ചക്കുശേഷം ഒന്നര മണി മുതല്‍ രാവിലത്തേതുപോലെ തുടരും. പശുക്കളെ ദിവസവും രണ്ടു നേരം കുളിപ്പിക്കും. വെള്ളത്തിന്റെ ആവശ്യത്തിനായി ഫാമില്‍ കുഴല്‍ കിണര്‍ കുഴിച്ചിട്ടുണ്ട്. പശുക്കളുടെ ചികിത്സ സ്ഥിരമായി ചെയ്യുന്നത് ഡോ. ശിവൻ ആണ്.

ചാണകവും ചാണകപ്പൊടിയും ഇവര്‍ വില്‍ക്കുന്നുണ്ട്. മഴക്കാലത്താണ് ഇതിന് കൂടുതല്‍ ആവശ്യക്കാരെത്തുന്നത്. കൂടാതെ തൈര്, മോര് എന്നിവയും ആവശ്യാനുസരണം ഉണ്ടാക്കുന്നുണ്ട്. പച്ചപ്പുല്‍ കൃഷി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാല്‍ ചെയ്യുന്നില്ല.

ഫാം ഒന്നുകൂടി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് വിഘ്‌നേഷ്‌-ശരണ്യ ദമ്ബതികള്‍. ഫാമിനായി വാങ്ങിയ ഏതാണ്ടെല്ലാ കടങ്ങളും വീട്ടി. കുടുംബത്തിന്റെ ഉപജീവനം ഫാമുകൊണ്ട് നല്ല രീതിയില്‍ നടന്നുപോകുന്നുണ്ടെന്നും ശരണ്യ ‘മാധ്യമ’ത്തോട് പറഞ്ഞു. മക്കള്‍: ദക്ഷ ലക്ഷ്മി, ദയാല്‍ കൃഷ്ണ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular