Friday, May 3, 2024
HomeKeralaകെട്ടുകെട്ടായി കേസുകള്‍ ; ഒറ്റക്കെട്ടായി കോണ്‍ഗ്രസ്‌ , തമ്മിലടി മാറ്റിവച്ച്‌, സുധാകരനും സതീശനുമൊപ്പം

കെട്ടുകെട്ടായി കേസുകള്‍ ; ഒറ്റക്കെട്ടായി കോണ്‍ഗ്രസ്‌ , തമ്മിലടി മാറ്റിവച്ച്‌, സുധാകരനും സതീശനുമൊപ്പം

തിരുവനന്തപുരം/കോട്ടയം: പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനുമെതിരായ സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഗ്രൂപ്പ്‌ കളിയും തമ്മില്‍ത്തല്ലും മാറ്റിവച്ച്‌ കോണ്‍ഗ്രസ്‌ ഒന്നിക്കുന്നു.

ഹൈക്കമാന്‍ഡ്‌ വിചാരിച്ചിട്ടും മെരുങ്ങാതിരുന്ന ഗ്രൂപ്പുകളാണു നേതാക്കള്‍ക്കെതിരായ കേസുകളേത്തുടര്‍ന്നു പാളയത്തിലെ പടയ്‌ക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്‌.

സതീശനും സുധാകരനുമെതിരായ കേസുകള്‍ രാഷ്‌ട്രീയലക്ഷ്യത്തോടെയാണെന്നു ഗ്രൂപ്പ്‌ ഭേദമന്യേ കോണ്‍ഗ്രസ്‌ നേതാക്കള്‍ വിലയിരുത്തുന്നു. സര്‍ക്കാരിനെതിരേ പ്രതിപക്ഷം നിരന്തരം അഴിമതിയാരോപണങ്ങളുയര്‍ത്തി രംഗത്തുവന്നതോടെയാണ്‌ ഇരുവര്‍ക്കുമെതിരായ പരാതികള്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും പൊടിതട്ടിയെടുത്തത്‌. സുധാകരന്‍-സതീശന്‍ നേതൃത്വത്തിനെതിരേ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ട തക്കംനോക്കിയാണു സര്‍ക്കാരിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌’ എന്നതും ശ്രദ്ധേയമാണ്‌. അതുകൊണ്ടുതന്നെ സംഘടനാതലത്തിലുള്ള ഭിന്നത മറന്ന്‌, തത്‌കാലം പാര്‍ട്ടിയുടെ രക്ഷയ്‌ക്കെത്താനാണു കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞ ധാരണ.

കേസുകളെ നിയമപരമായും രാഷ്‌ട്രീയമായും നേരിടും. അതേസമയം, പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട നിലപാടുകളില്‍ വിട്ടുവീഴ്‌ചയുണ്ടാവില്ലെന്നും ഗ്രൂപ്പ്‌ നേതൃത്വങ്ങള്‍ പറയുന്നു.
പറവൂര്‍ മണ്ഡലത്തിലെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട്‌ അഞ്ചുവര്‍ഷം മുമ്ബുള്ള പരാതിയാണു സതീശനെതിരെ വിജിലന്‍സ്‌ പൊടിതട്ടിയെടുത്ത്‌. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട്‌ സുധാകരനെതിരായ പരാതിക്കും ഒന്നരവര്‍ഷത്തിലേറെ പഴക്കമുണ്ട്‌. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ രാഷ്‌ട്രീയപ്രചാരണം നടത്തും. യു.ഡി.എഫിലെ ഘടകകക്ഷികളെയും രംഗത്തിറക്കും. സോളാര്‍, ബാര്‍ കോഴ കേസുകള്‍ ഉയര്‍ന്നുവന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പ്രതിപക്ഷത്തേക്കാളേറെ സ്വന്തം പാളയത്തില്‍നിന്നാണു കൂടുതല്‍ ആക്രമണം നേരിടേണ്ടിവന്നത്‌. അത്‌ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനു ദോഷംചെയ്‌തു. ഈ അനുഭവം മുന്‍നിര്‍ത്തിയാകും ഇക്കുറി കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷനേതാവിനുമെതിരായ കേസുകളെ കോണ്‍ഗ്രസ്‌ പ്രതിരോധിക്കുക.

ഓലപ്പാമ്ബ്‌ കാട്ടി വിരട്ടേണ്ട: കെ.സി. ജോസഫ്‌ പുനഃസംഘടനാവിഷയത്തില്‍ സുധാകരനോടും സതീശനോടും ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്നനേതാവ്‌ കെ.സി. ജോസഫാണ്‌ ഇരുവര്‍ക്കും പ്രതിരോധം തീര്‍ത്ത്‌ ആദ്യം രംഗത്തുവന്നത്‌. രാഷ്‌ട്രീയപ്രതികാരനടപടികളെ കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി നേരിടുമെന്നു ജോസഫ്‌ പറഞ്ഞു. ഓലപ്പാമ്ബിനെ കാട്ടി ഭയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. മാധ്യമപ്രവര്‍ത്തകരെയും പ്രതിപക്ഷനേതാക്കളെയും മോദി മാതൃകയില്‍ നിശബ്‌ദരാക്കാനുളള പിണറായിയുടെ നീക്കം ഫാസിസ്‌റ്റ്‌ ശൈലിയുടെ ഉദാഹരണമാണെന്നും ജോസഫ്‌ പറഞ്ഞു.

വായടപ്പിക്കാമെന്ന്‌ കരുതേണ്ട: ചെന്നിത്തല തൊട്ടുപിന്നാലെ രമേശ്‌ ചെന്നിത്തലയും രംഗത്തുവന്നു. അഴിമതിയിലും കെടുകാര്യസ്‌ഥതയിലും മുഖം നഷ്‌ടപ്പെട്ട സര്‍ക്കാരും സി.പി.എമ്മും ജനശ്രദ്ധ തിരിക്കാന്‍ നടത്തുന്ന പൊറാട്ടുനാടകമാണു പ്രതിപക്ഷനേതാക്കള്‍ക്കെതിരായ കേസെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവിനും കെ.പി.സി.സി. അധ്യക്ഷനുമെതിരേ കേസെടുത്താല്‍ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ കഴിയുമെന്നാണു പിണറായി വിജയനും എം.വി. ഗോവിന്ദനും കരുതുന്നതെങ്കില്‍ തെറ്റിപ്പോയെന്നും ചെന്നിത്തല താക്കീതുനല്‍കി.

ആര്‍. സുരേഷ്‌/ഷാലു മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular