Saturday, May 4, 2024
HomeUSAരഹസ്യരേഖാ വിവാദം : ട്രംപിനെ അറസ്‌റ്റ് ചെയ്ത് വിട്ടയച്ചു, ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്‌റ്റിലാകുന്ന ആദ്യ...

രഹസ്യരേഖാ വിവാദം : ട്രംപിനെ അറസ്‌റ്റ് ചെയ്ത് വിട്ടയച്ചു, ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്‌റ്റിലാകുന്ന ആദ്യ മുന്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍: രഹസ്യരേഖകള്‍ അനധികൃതമായി സൂക്ഷിച്ചതിന് ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ മയാമിയിലെ ഫെഡറല്‍ കോടതിയില്‍ കീഴടങ്ങി.

ഇന്ത്യൻ സമയം ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അദ്ദേഹം ഹാജരായത്. കോടതി നടപടികളുടെ ഭാഗമായി ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിലങ്ങുവച്ചിരുന്നില്ല. ഫിംഗര്‍ പ്രിന്റ് ശേഖരിച്ചു. കോടതിയില്‍ കുറ്റപത്രം വായിച്ചു കേട്ട ശേഷം തനിക്കെതിരെ ചുമത്തിയ 37 കുറ്റങ്ങളും ട്രംപ് നിഷേധിച്ചു.

50 മിനിറ്റോളം നീണ്ട നടപട്രിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രംപിനെ കോടതി വിട്ടയച്ചു. തുടര്‍ന്ന് അദ്ദേഹം ന്യൂജേഴ്സിയിലെ ബെഡ്മിൻസ്റ്ററില്‍ ഗോള്‍ഫ് കോഴ്സിലേക്ക് തിരിച്ചു. 2024 യു.എസ് പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രംപിന് ഇവിടെ ഒരു റാലി നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് ട്രംപിന്റെ 77ാം പിറന്നാള്‍ കൂടിയാണ്. ഇതാദ്യമായാണ് ഒരു മുൻ പ്രസിഡന്റിനെതിരെ ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുന്നത്.

2021 ജനുവരിയില്‍ വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയ ശേഷവും രഹസ്യരേഖകള്‍ സൂക്ഷിച്ചതിനാണ് ട്രംപിനെതിരെ കേസ്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഇതിലുണ്ടെന്നും ചില രഹസ്യ ഫയലുകള്‍ പാര്‍ട്ടിക്കിടെ ട്രംപ് അതിഥികളെ കാണിച്ചെന്നും ആരോപണമുണ്ട്.

വൈറ്റ് ഹൗസ് വിട്ടശേഷം ട്രംപ് ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്നും അന്വേഷണത്തെ തടസപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് അടക്കമുള്ള ഫെഡറല്‍ ഉദ്യോഗസ്ഥര്‍ രഹസ്യരേഖകള്‍ നീക്കം ചെയ്യുകയോ അനധികൃത സ്ഥലത്ത് സൂക്ഷിക്കുകയോ ചെയ്യുന്നത് യു.എസില്‍ നിയമവിരുദ്ധമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ട്രംപിന്റെ ഫ്ലോറിഡയിലെ മാര്‍ – അ – ലാഗോ വസതിയില്‍ എഫ്.ബി.ഐ നടത്തിയ റെയ്ഡില്‍ 11,000 രേഖകള്‍ പിടിച്ചെടുത്തിരുന്നു.

അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ അശ്ലീലചിത്ര താരത്തിന് പണം നല്‍കിയെന്ന കേസില്‍ ഏപ്രിലിലും ട്രംപ് സമാന കോടതി നടപടികള്‍ നേരിട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular