Saturday, May 4, 2024
HomeGulfഅക്ഷരയോളങ്ങളുമായി 'ലോഗോസ് ഹോപ്'

അക്ഷരയോളങ്ങളുമായി ‘ലോഗോസ് ഹോപ്’

സ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയെന്ന് വിശേഷിപ്പിക്കുന്ന ‘ലോഗോസ് ഹോപ്’ കപ്പല്‍ മത്രയിലെ സുല്‍ത്താൻ ഖാബൂസ് തുറമുഖത്തെത്തി.

ബഹ്റൈനിലെ മനാമയില്‍നിന്നാണ് അക്ഷരയോളങ്ങളുമായി സുല്‍ത്താനേറ്റില്‍ എത്തുന്നത്. ജൂലൈ 24വരെ മത്ര സുല്‍ത്താൻ ഖാബൂസ് തുറമുഖത്തും 27 മുതല്‍ ആഗസ്റ്റ് മൂന്നുവരെ സലാല തുറമുഖത്തുമാണ് പുസ്തകങ്ങളുമായി കപ്പല്‍ നങ്കൂരമിടുക. പുസ്തക പ്രേമികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ പ്രവേശനം അനുവദിക്കും. നേരിട്ടെത്തിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് സ്വന്തമാക്കാം.

ഇവിടത്തെ പര്യടനം പൂര്‍ത്തിയാക്കി ലോഗോസ് ഹോപ് സീഷെല്‍സിലെ വിക്ടോറിയയിലേക്ക് പുറപ്പെടും. അവിടെ ആഗസ്റ്റ് 10 മുതല്‍ 17വരെ പ്രദര്‍ശനം നടത്തും. ഇതിനുശേഷം കെനിയയിലെ മൊംബാസയിലേക്ക് തിരിക്കും. പുസ്തക പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് നേരത്തെ 2011ലും 2013ലും കപ്പല്‍ ഒമാൻ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണയും ആയിരക്കണക്കിന് സന്ദര്‍ശകരാണ് കപ്പലിലെത്തിയത്.

5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തക പ്രദര്‍ശനം. റുമേനിയക്കാരനായ ലോനറ്റ് വ്ലോദ് ആണ് കപ്പലിന്റെ ക്യാപ്റ്റൻ. ഏഴുവര്‍ഷമായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം അദ്ദേഹം കപ്പലിലാണ് കഴിഞ്ഞുവരുന്നത്. കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സാംസ്കാരിക പരിപാടികളുമെല്ലാം കപ്പലില്‍ ഒരുക്കിയിട്ടുണ്ട്.

2005ല്‍ കപ്പല്‍ കമീഷൻ ചെയ്തതു മുതല്‍, 140,283 നോട്ടിക്കല്‍ മൈല്‍ യാത്ര ചെയ്യുകയും 77 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 132.5 മീറ്റര്‍ നീളമുള്ളതാണ് കപ്പല്‍. 9.34 ദശലക്ഷം സന്ദര്‍ശകര്‍ ഇതുവരെ ലോഗോസ് ഹോപ് സന്ദര്‍ശിച്ചതായാണ് കണക്ക്. 10 ദശലക്ഷത്തിലധികം പുസ്തകങ്ങള്‍ വില്‍ക്കുകയും ചെയ്തു. ജിബൂതി, സൗദി അറേബ്യ, ജോര്‍ഡൻ, ഈജിപ്ത്, ലബനാൻ, ഇറാഖ്, റാസല്‍ഖൈമ, ദുബൈ, അബൂദബി, ബഹ്റൈൻ എന്നിവിടങ്ങളിലും പുസ്തക പ്രദര്‍ശനം നടത്തിയതിനുശേഷമാണ് കപ്പല്‍ ബഹ്റൈനിലെത്തുന്നത്. ഏപ്രില്‍ പത്ത് മുതല്‍ റാസല്‍ഖൈമയില്‍ നിന്നാണ് കപ്പല്‍ മേഖലയിലെ പ്രയാണം ആരംഭിച്ചത്.

ഏറ്റവും വലിയ ബുക്സ്റ്റാള്‍ കപ്പലായ ലോഗോസ് ഹോപ് ലോകത്തിലെ പ്രധാന തുറമുഖങ്ങളില്‍ രണ്ടാഴ്ചയോളം നങ്കൂരമിടാറുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് സന്ദര്‍ശകരായും പുസ്തകം വാങ്ങാനും എത്തുന്നത്. ജീവനക്കാര്‍ മുഴുവൻ ശമ്ബളമില്ലാതെ സന്നദ്ധ സേവകരായാണ് സേവനമനുഷ്ഠിക്കുന്നത്. നാവികര്‍, എൻജിനീയര്‍മാര്‍, ഇലക്‌ട്രീഷ്യന്മാര്‍, നഴ്സുമാര്‍, അധ്യാപകര്‍, പാചകക്കാര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, പൊതുജന സംഘടനകള്‍ എന്നിവരില്‍നിന്ന് സ്പോണ്‍സര്‍ഷിപ് സ്വീകരിച്ചാണ് ഇവര്‍ കപ്പലില്‍ സേവനം ചെയ്യുന്നത്. ലോകത്തിലെ 70 രാജ്യങ്ങളിലെ 140 തുറമുഖങ്ങള്‍ കപ്പല്‍ സന്ദര്‍ശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular