Saturday, May 18, 2024
HomeKeralaഉറ്റ സുഹൃത്ത്

ഉറ്റ സുഹൃത്ത്

ന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു ഉമ്മൻചാണ്ടി. വയലാര്‍ രവി കെ.എസ്.യു പ്രസിഡന്റും ഞാൻ ട്രഷററും ആയിരുന്ന കാലത്താണ് ഉമ്മൻചാണ്ടിയെ അടുത്തറിയുന്നത്.

1964 ല്‍ ഞാൻ കെ.എസ്.യു പ്രസിഡന്റായപ്പോള്‍ ജനറല്‍ സെക്രട്ടറിമാരായത് ഉമ്മൻചാണ്ടിയും എ.സി. ഷണ്‍മുഖദാസുമാണ്. വയലാര്‍ രവിയും ഉമ്മൻചാണ്ടിയും ഞാനും ഒരുമിച്ച്‌ പ്രവര്‍ത്തിച്ച കാലം. 1964 മുതല്‍ ഉറ്റ സുഹൃത്താണ് ഉമ്മൻചാണ്ടി. 1970 സെപ്തംബര്‍ 17ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പശ്ചാത്തലമുള്ള അഞ്ച് പേര്‍ക്കാണ് കോണ്‍ഗ്രസ് മത്സരിക്കാൻ അവസരം നല്‍കിയത്. അന്ന് കോണ്‍ഗ്രസിനു വേണ്ടി കന്നി അങ്കം കുറിച്ചവരാണ് ഉമ്മൻചാണ്ടി (പുതുപ്പള്ളി), എ.സി. ഷണ്‍മുഖദാസ് (ബാലുശേരി), എൻ. രാമകൃഷ്ണൻ (എടക്കാട്), കൊട്ടറ ഗോപാലകൃഷ്ണൻ (കൊട്ടാരക്കര), പിന്നെ ചേര്‍ത്തലയില്‍ ഞാനും. കടുത്ത പരീക്ഷണത്തെ നേരിടാനാണ് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന് ജയസാദ്ധ്യത തീരെ കുറവായ ഇൗ അഞ്ചു മണ്ഡലങ്ങളില്‍ കെ.എസ്.യു.വിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പോരാട്ടങ്ങളില്‍ വളര്‍ന്ന യുവാക്കളായ ഞങ്ങള്‍ മത്സരിച്ചു. സീറ്റ് പിടിച്ചെടുക്കുക എന്ന ദുഷ്കരമായ ദൗത്യമാണ് കോണ്‍ഗ്രസ് ഏല്‍പ്പിച്ചത്. അഞ്ചുപേരും ജയിച്ചു. ഇൗ തിരഞ്ഞെടുപ്പിലാണ് അന്ന് യുവ നേതാവായിരുന്ന പിണറായി വിജയനും (കൂത്തുപറമ്ബ്) കന്നി അങ്കത്തില്‍ ജയിച്ചത്.

1977ല്‍ കരുണാകരൻ മുഖ്യമന്ത്രി ആയപ്പോള്‍ ഉമ്മൻചാണ്ടി തൊഴില്‍ ഭവന മന്ത്രിയായി. ഒരുമാസം കഴിഞ്ഞപ്പോള്‍ കരുണാകരൻ രാജിവച്ചു. 1977ലെ തിരഞ്ഞെടുപ്പില്‍ ഞാൻ മത്സരിച്ചില്ല. എങ്കിലും എം.എല്‍.എ അല്ലാത്ത എന്നെ നിയമസഭാ കക്ഷി നേതാവാക്കി. എന്റെ മന്ത്രിസഭയിലും ഉമ്മൻചാണ്ടി തൊഴില്‍ ഭവന മന്ത്രിയായി. ഒന്നര വര്‍ഷത്തിനുശേഷം ഞാനും രാജിവച്ചു. ഉമ്മൻചാണ്ടിയും ഞാനും ഒന്നരവര്‍ഷമേ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അത് നേട്ടങ്ങളുടെ കാലമായിരുന്നു. ഇന്ത്യയില്‍ ആദ്യമായി തൊഴിലില്ലായ്‌മാവേതനം നടപ്പാക്കിയ ചരിത്ര തീരുമാനം എന്റെ മന്ത്രിസഭ എടുത്തു. അത് പെട്ടെന്ന് നടപ്പാക്കാൻ തൊഴില്‍ മന്ത്രിയായ ഉമ്മൻചാണ്ടി പ്രധാന പങ്ക് വഹിച്ചു.

2004ല്‍ ഞാൻ രാജിവച്ചപ്പോള്‍ മുഖ്യമന്ത്രിയായത് ഉമ്മൻചാണ്ടിയാണ്. ആ കാലം കേരള വികസന ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമായിരുന്നു. അന്ന് കേരളത്തിലെമ്ബാടും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. അവ അദ്ദേഹത്തിന്റെ ഒാര്‍മ്മയ്ക്കായി ഉണ്ടാവും. ഉമ്മൻചാണ്ടിയും കെ.എം. മാണിയും ചേര്‍ന്ന് തുടങ്ങിയ കാരുണ്യപദ്ധതി അനേകം പേരുടെ കണ്ണീരൊപ്പി. 2002ല്‍ ഞാൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ജനസമ്ബര്‍ക്ക പരിപാടി ആരംഭിച്ചത്. എല്ലാ ജില്ലകളും സന്ദര്‍ശിച്ച്‌ പരാതികള്‍ കേട്ട് പരിഹാരം ഉണ്ടാക്കി. ആ ജനകീയ പരിപാടി ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയപ്പോള്‍ പതിൻമടങ്ങ് വിജയകരമായി.

വ്യക്തിപരമായ ഒരു കാര്യംകൂടി പറയാതെ ഇൗ കുറിപ്പ് പൂര്‍ണമാവില്ല. ഞാൻ 44 വയസു വരെ അവിവാഹിതനായിരുന്നു. 1984ല്‍ ഇന്ദിരാഗാന്ധി എന്നെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതോടെ ഡല്‍ഹിയില്‍ താമസിക്കേണ്ടി വന്നു. 1985ല്‍ രാജ്യസഭാംഗമായതോടെ കൂടുതല്‍ സമയവും ഡല്‍ഹിയിലായി. അക്കാലത്താണ് വിവാഹത്തെക്കുറിച്ച്‌ ആലോചിച്ചത്. ഉമ്മൻ ചാണ്ടിയോട് സംസാരിച്ചു. ഉമ്മൻചാണ്ടി ആ ചുമതല സഹധര്‍മ്മിണി മറിയാമ്മയെ (ബാവ) ഏല്പിച്ചു. അങ്ങനെ ബാവയുടെ സുഹൃത്തായിരുന്ന, തനിക്കൊപ്പം കനാറ ബാങ്കില്‍ ജോലി ചെയ്തിരുന്ന എലിസബത്തിനെ (എല്‍സി) നിര്‍ദ്ദേശിച്ചു. ഉമ്മൻചാണ്ടിക്കും ബാവയ്‌ക്കും സ്വീകാര്യമായ ഒരു കാര്യം എനിക്കും സമ്മതമാണെന്ന് ഞാൻ അറിയിച്ചു. ഉമ്മൻചാണ്ടിയുടെ വീട്ടില്‍വച്ച്‌ എല്‍സിയെ കണ്ട് സംസാരിച്ചു. 1985 മാര്‍ച്ച്‌ 17ന് ഉമ്മൻചാണ്ടിയുടെ വീട്ടില്‍ ഞങ്ങളുടെ രജിസ്റ്റര്‍ വിവാഹം നടന്നു.

57 വര്‍ഷമായി ഉറ്റ സുഹൃത്തായ ഉമ്മൻചാണ്ടി ഒരു ചരിത്ര നേട്ടത്തിന്റെ ഉടമയാണ്. ഒരേ മണ്ഡലത്തില്‍ നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കി. കേരള രാഷ്ട്രീയത്തിലെ അദ്ഭുതമാണ് ഉമ്മൻചാണ്ടിയുടെ തുടര്‍ച്ചയായ പന്ത്രണ്ട് തിരഞ്ഞെടുപ്പ് വിജയങ്ങള്‍. 1970 ല്‍ തുടങ്ങിയതാണ് ആ ജൈത്രയാത്ര. ജയിച്ചതെല്ലാം പുതുപ്പള്ളിയില്‍. അതും ചരിത്രമാണ്. കുറേ കഴിയുമ്ബോള്‍ തങ്ങളുടെ എം.എല്‍.എയോട് മടുപ്പ് കാട്ടുന്നവരാണ് കേരളത്തിലെ വോട്ടര്‍മാര്‍. പക്ഷേ ഉമ്മൻചാണ്ടിയെ എല്ലാ തിരഞ്ഞെടുപ്പിലും പുതുപ്പള്ളിക്കാര്‍ ജയിപ്പിച്ചു. മിക്ക തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ദ്ധിച്ചു. പുതുപ്പള്ളിക്കാരുടെ സുഖത്തിലും ദുഃഖത്തിലും ചേര്‍ന്നുഞനിന്നതാണ് ഉമ്മൻചാണ്ടിയുടെ വിജയ രഹസ്യം. ഉമ്മൻചാണ്ടി എപ്പോഴും ആള്‍ക്കൂട്ടത്തോടൊപ്പമാണ്. അതാണ് അദ്ദേഹത്തിന്റെ ശക്തി. നിരാശ്രയര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയാണ് ഉമ്മൻചാണ്ടി.

ഞാൻ പരിചയപ്പെട്ട കാലംമുതല്‍ അദ്ദേഹത്തില്‍ കണ്ട സ്വഭാവ വൈശിഷ്ട്യവും പ്രവര്‍ത്തന ശൈലിയും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും ജീവിത ലാളിത്യവും ജനങ്ങളെ സഹായിക്കാൻ അവസാനശ്രമം വരെ നടത്തുന്ന സേവന മനോഭാവവുമാണ് ഉമ്മൻചാണ്ടിയെ ജനപ്രിയനാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular