Friday, May 3, 2024
HomeIndiaഇത് എസ്പി സൗമ്യ സാംബശിവന്‍; ഹിമാചല്‍ പ്രളയത്തില്‍ ജനങ്ങള്‍ക്ക് തുണയായ മലയാളി പെണ്‍കരുത്ത്

ഇത് എസ്പി സൗമ്യ സാംബശിവന്‍; ഹിമാചല്‍ പ്രളയത്തില്‍ ജനങ്ങള്‍ക്ക് തുണയായ മലയാളി പെണ്‍കരുത്ത്

മാണ്ഡി: പ്രളയം നാശം വിതച്ച ഹിമാചല്‍ പ്രദേശില്‍ ഇപ്പോഴും കാണാതായവര്‍ക്ക് വേണ്ടി ബിയാസ് നദിയുടെ തീരത്ത് പോലീസ് തിരച്ചില്‍ തുടരുകയാണ്.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് ഹിമാചല്‍ പോലീസ് തിരച്ചില്‍ നടത്തുന്നത്. പ്രളയം തകര്‍ത്ത ഹിമാചലിലെ കുളുവിലും മാണ്ഡിയിലും രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയത് രണ്ട് വനിതാ എസ്പിമാരാണ്. കുളു പോലീസ് സൂപ്രണ്ട് സാക്ഷി വര്‍മ്മയും മാണ്ഡി പോലീസ് സൂപ്രണ്ട് സൗമ്യ സാംബശിവനുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

പ്രളയത്തില്‍ വിറങ്ങലിച്ചു നിന്ന മാണ്ഡിയില്‍ പ്രതികൂല കാലാവസ്ഥയെ മറികടന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗമ്യയുടെ ചിത്രങ്ങള്‍ നേരത്ത തന്നെ പുറത്തുവന്നിരുന്നു. പ്രളയ ജലം ഉയരുമ്ബോഴും സ്വന്തം വീട് വിട്ടിറങ്ങാൻ തയ്യാറാകാതിരുന്ന ആളുകളെ ഫലപ്രദമായി ഒഴിപ്പിച്ചതിലൂടെയാണ് സൗമ്യ ശ്രദ്ധ നേടിയത്. 2010 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ സൗമ്യ സാംബശിവൻ മലയാളിയാണ് എന്നതില്‍ കേരളത്തിന് അഭിമാനിക്കാം.

പാലക്കാട് ജില്ലയിലാണ് സൗമ്യ സാംബശിവൻ ജനിച്ചത്. സൗമ്യയുടെ പിതാവ് ഇന്ത്യൻ ആര്‍മിയില്‍ എഞ്ചിനീയര്‍ ആയിരുന്നതിനാല്‍ വിവിധ സ്കൂളുകളിലായാണ് സൗമ്യ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോയമ്ബത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ ബയോടെക്‌നോളജിയില്‍ ബിരുദവും ഹൈദരാബാദിലെ ഐസിഎഫ്‌എഐയില്‍ മാര്‍ക്കറ്റിംഗിലും ഫിനാൻസിലും പിജിഡിബിഎയും പൂര്‍ത്തിയാക്കി. പിജിഡിബിഎ നേടിയ ശേഷം ഒരു അന്താരാഷ്ട്ര ബാങ്കിന്റെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി മൂന്ന് വര്‍ഷത്തോളം സൗമ്യ ജോലി ചെയ്തു.

സൗമ്യ സാംബശിവനും സാക്ഷി വര്‍മ്മയും ഹിമാചല്‍ പ്രദേശിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ പങ്കാണ് വഹിച്ചതെന്ന് എഡിജി (വിജിലൻസ്) സത്വന്ത് അത്വല്‍ ത്രിവേദി പറഞ്ഞു. പ്രളയബാധിത ജില്ലകളില്‍ ഇരുവരും കഠിനാധ്വാനം ചെയ്തു. പുരുഷൻമാരായ ഉദ്യോഗസ്ഥര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്നാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. ഇക്കാര്യങ്ങളില്‍ ലിംഗ ഭേദമില്ലെന്നാണ് ഇതിലൂടെ അവര്‍ തെളിയിച്ചിരിക്കുന്നത്. ഇപ്പോഴും പുരുഷന്മാര്‍ക്ക് തുല്യമായി പ്രവര്‍ത്തിക്കാൻ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന ധാരണയുണ്ട്. സ്ത്രീയും പുരുഷനും തുല്യരായി കണക്കാക്കുന്ന ദിവസത്തിനായി താൻ കാത്തിരിക്കുകയാണെന്നും സേനയില്‍ ഇപ്പോള്‍ മികച്ച പ്രകടനം നടത്തുന്ന നിരവധി സ്ത്രീകള്‍ ഉണ്ടെന്നും സത്വന്ത് അത്വല്‍ ത്രിവേദി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular