Friday, May 3, 2024
HomeGulfരാജ്യത്ത് കാര്‍ഷിക ഭൂമി വര്‍ധിച്ചു

രാജ്യത്ത് കാര്‍ഷിക ഭൂമി വര്‍ധിച്ചു

സ്കത്ത്: ഒമാനിലെ മൊത്തം കൃഷിസ്ഥലങ്ങളുടെ വിസ്തൃതി 2022ല്‍ 3.9 ശതമാനം വര്‍ധിച്ച്‌ 2.76 ലക്ഷം ഏക്കറിലെത്തിയതായി നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫര്‍മേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട കണക്ക്.

2021 അവസാനത്തില്‍ 2.66 ലക്ഷം ഏക്കറായിരുന്നു കൃഷിസ്ഥലത്തിന്‍റെ ആകെ വിസ്തൃതി. ഇതാണ് 10,000 ഏക്കറിലേറെ ഒരുവര്‍ഷ കാലയളവില്‍ വര്‍ധിച്ചതെന്ന് എൻ.സി.എസ്.ഐ പുറപ്പെടുവിച്ച പ്രാഥമിക സ്ഥിതിവിവരക്കണക്കുകളില്‍ വ്യക്തമായിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം മൊത്തം കാര്‍ഷിക ഉല്‍പാദനം 35.01 ലക്ഷം ടണ്ണാണ്.

1.17 ലക്ഷം ഏക്കര്‍ വിസ്തൃതിയുള്ള 18.21 ലക്ഷം ടണ്‍ ഉല്‍പാദനമുള്ള കൃഷിഭൂമിയുടെ 42.5 ശതമാനവും കാലിത്തീറ്റ വിളകളാണുള്ളത്. പഴവര്‍ഗങ്ങളാണ് 29.4 ശതമാനം കാര്‍ഷിക നിലങ്ങളിലുള്ളത്. ഇത് മൊത്തം 81,129 ഏക്കര്‍ വിസ്തീര്‍ണത്തില്‍ 4,84,270 ടണ്‍ ഉല്‍പാദനമാണ് രേഖപ്പെടുത്തിയത്. ഇതിനു പിറകിലായി പച്ചക്കറി ഉല്‍പാദനമാണുള്ളത്. 69,074 ഏക്കര്‍ വിസ്തൃതിയിലുള്ള പച്ചക്കറികള്‍ 11.37 ലക്ഷം ടണ്‍ ഉല്‍പാദിപ്പിക്കുന്നു. ധാന്യങ്ങള്‍ അടക്കമുള്ള വസ്തുക്കളുടെ ഉല്‍പാദനമാണ് പിന്നീടുള്ളത്. 8,408 ഏക്കറില്‍ 57,711 ടണ്‍ ഉല്‍പാദനമാണ് ഈ മേഖലയിലുണ്ടാകുന്നത്. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്ത് കൃഷി മന്ത്രാലയത്തിന് കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

പച്ചക്കറി വിളവെടുപ്പില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സഹായമാകുന്നതിനുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം രാജ്യത്താകമാനം അടുക്കളത്തോട്ടം പദ്ധതി ആരംഭിക്കുമെന്ന് കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. ചീര, തക്കാളി, വെള്ളരി, സ്‌ട്രോബറി, കുരുമുളക് തുടങ്ങിയ പച്ചക്കറികളും പഴങ്ങളും വീട്ടുവളപ്പില്‍ വളര്‍ത്താനും ഇതുവഴി കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുമാണ് പദ്ധതി. ഉയര്‍ന്ന നിലവാരമുള്ള പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിന് കൂടുതല്‍ മണ്ണും ജലവും കൂടുതല്‍ ആവശ്യമില്ലാത്ത ഹൈഡ്രോപോണിക്സ് രീതിയും ഉപയോഗപ്പെടുത്താൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഉയര്‍ന്ന വിലയുള്ള കാലയളവിലേക്ക് വിളവെടുപ്പ് നീട്ടാനും സാധാരണ അനുയോജ്യമല്ലാത്ത കാലാവസ്ഥയില്‍ വിളകള്‍ വളര്‍ത്താനും ഈ രീതി വഴി സാധിക്കും.

ഗ്രാമീണ വനിത കര്‍ഷകര്‍, തൊഴിലന്വേഷകര്‍, സാമൂഹിക സുരക്ഷ കുടുംബങ്ങള്‍, കാര്‍ഷിക മേഖലയിലെ വനിത സംരംഭകര്‍ എന്നിവരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. അടുക്കളത്തോട്ട സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനു പുറമെ, കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം വളര്‍ത്തുന്നതിനും തോട്ടങ്ങള്‍ പരിപാലിക്കുന്നതില്‍ സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular