Friday, May 3, 2024
HomeKeralaഇംഫാലില്‍ അവശേഷിച്ച കുക്കികളെയും ഒഴിപ്പിച്ചു; പ്രതിഷേധം ശക്‌തം

ഇംഫാലില്‍ അവശേഷിച്ച കുക്കികളെയും ഒഴിപ്പിച്ചു; പ്രതിഷേധം ശക്‌തം

ഇംഫാല്‍: മണിപ്പുര്‍ തലസ്‌ഥാനമായ ഇംഫാലിലെ ന്യൂ ലാമ്ബുലെയിനില്‍നിന്നും അവസാനത്തെ 10 കുക്കി കുടുംബങ്ങളെയും ഒഴിപ്പിച്ചു.

വംശീയ കലാപത്തിനുശേഷവും ഇവിടെ തുടര്‍ന്ന 24 കുക്കി വംശജരെയാണ്‌ ഒഴിപ്പിച്ചത്‌. കുക്കി വംശജര്‍ കൂടുതലായി കഴിയുന്ന കാന്‍ഗ്‌പോക്‌പി ജില്ലയിലെ മോട്ട്‌ബംഗിലേക്കു 10 കുടുംബങ്ങളെയും നിര്‍ബന്ധിച്ചു മാറ്റുകയായിരുന്നു. തങ്ങളെ ന്യൂ ലാമ്ബുലെയിനില്‍നിന്നും ബലമായി ഒഴിപ്പിക്കുകയായിരുന്നെന്നു കുക്കി വംശജര്‍ ആരോപിച്ചു. ന്യൂ ലാംബുലേനിലെ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്‌. നേരത്തേ അറിയിക്കാതെ നിര്‍ബന്ധിച്ച്‌ കുടിയൊഴിപ്പിച്ചു എന്നാണ്‌ താമസക്കാരുടെ പരാതി.

“ധരിച്ച വസ്‌ത്രങ്ങളല്ലാതെ മറ്റൊന്നും എടുക്കാന്‍ പോലും സമയം തരാതെ കൂട്ടത്തോടെ വാഹനങ്ങളില്‍ കയറ്റി പ്രദേശത്തുനിന്നും ഒഴിപ്പിക്കുകയായിരുന്നു. സെപ്‌റ്റംബര്‍ ഒന്നിന്‌ രാത്രി സൈനിക വേഷത്തിലെത്തിയ ഉദ്യോഗസ്‌ഥര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമാണെന്നു പറഞ്ഞാണു കുടുംബങ്ങളെ ഒഴിപ്പിച്ചത്‌” -ഇംഫാലിന്റെ ഹൃദയഭാഗത്തുള്ള കുക്കി പ്രദേശത്തെ വൊളന്റിയറായ എസ്‌.പ്രിം വൈഫേയ്‌ പറഞ്ഞു.

മേയ്‌ മൂന്നിനു വംശീയ കലാപം ആരംഭിച്ചതിനു പിന്നാലെ ന്യൂ ലാമ്ബുലെയിനില്‍നിന്നും 300 ഓളം കുടുംബങ്ങള്‍ ഒഴിഞ്ഞുപോയിരുന്നു. എന്നാല്‍, പതിറ്റാണ്ടുകളായി താമസിച്ചിരുന്ന സ്‌ഥലത്തുനിന്നും വിട്ടുപോവാന്‍ തയാറാകാതിരുന്ന അവസാന 10 കുടുംബങ്ങളെയാണു സര്‍ക്കാര്‍ ഇടപെട്ട്‌ ഒഴിപ്പിച്ചത്‌. അതേസമയം, നാലുമാസം പിന്നിട്ടിട്ടും മണിപ്പുരില്‍ സംഘര്‍ഷം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം നരന്‍സേനയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക്‌ പരുക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്‌ചയ്‌ക്കുശേഷം തുടങ്ങിയ പുതിയ അക്രമങ്ങളില്‍ ഇതുവരെ എട്ടുപേരാണ്‌ സംസ്‌ഥാനത്തു കൊല്ലപ്പെട്ടത്‌. സുരക്ഷാഭടന്മാരടക്കം ഡസനിലധികം പേര്‍ക്കു പരുക്കേറ്റു. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്കെതിരേ സംസ്‌ഥാനത്തെ വിവിധ സംഘടനകളുടെ സംയുക്‌ത സമിതി ജനകീയ നിയമലംഘന പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌. അസം റൈഫിള്‍സിനെതിരേയും സമിതി സമരപാതയിലാണ്‌. തങ്ങളുടെ ആവശ്യത്തിനു ചെവികൊടുക്കാത്ത സര്‍ക്കാരുകളെ അനുസരിക്കാന്‍ പൗരന്മാരും ബാധ്യസ്‌ഥരല്ലെന്ന വാദമാണ്‌ പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നവരുടെ പക്ഷം.

മണിപ്പുരിലെ സംഘര്‍ഷം ശമനമില്ലാതെ നീളുന്നതിന്‌ കാരണം കേന്ദ്രസര്‍ക്കാരാണെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആരോപണം. സംഘര്‍ഷം ഇല്ലാതാക്കാന്‍ കേന്ദ്രമോ സംസ്‌ഥാനമോ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. കലാപവുമായി ബന്ധപ്പെട്ട 27 കേസുകള്‍ കഴിഞ്ഞ ദിവസം സി.ബി.ഐ. ഏറ്റെടുത്തിരുന്നു. ഇവയില്‍ 19 കേസുകള്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്‌. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയാണ്‌ മറ്റുകേസുകള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular