Friday, May 17, 2024
HomeKeralaകരുവന്നൂര്‍: തിരികെ നല്‍കാനുള്ളത് 150 കോടിയുടെ സ്ഥിര നിക്ഷേപം

കരുവന്നൂര്‍: തിരികെ നല്‍കാനുള്ളത് 150 കോടിയുടെ സ്ഥിര നിക്ഷേപം

തൃശൂര്‍: കരുവന്നൂരില്‍ മടക്കി നല്‍കാനുള്ളത് 150 കോടി രൂപയുടെ സ്ഥിര നിക്ഷേപം. നിശ്ചിത കാലാവധിയില്‍ നിക്ഷേപിച്ച 5000ത്തോളം പേര്‍ക്കാണ് ഇത്രയും തുക മടക്കി നല്‍കാനുള്ളതെന്ന് സഹകരണ വകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പലരുടെയും നിക്ഷേപ കാലാവധി ഒന്നും ഒന്നരയും വര്‍ഷം മുമ്ബ് കഴിഞ്ഞതാണ്. ഇവ വീണ്ടും ദീര്‍ഘകാലത്തിലേക്ക് പുതുക്കി നല്‍കിയിട്ടുണ്ട്. മറ്റ് നിക്ഷേപങ്ങള്‍ ഇതിന് പുറമെയാണ്. അടിയന്തരാവശ്യത്തിന് പോലും വേണ്ട പണം കിട്ടുന്നില്ലെന്നതാണ് നിക്ഷേപകരെ വിഷമത്തിലാക്കുന്നത്. ചികിത്സക്കും വിവാഹ ആവശ്യങ്ങള്‍ക്കും സമീപിച്ചാല്‍ പതിനായിരം മുതല്‍ അമ്ബതിനായിരം രൂപ വരെയാണ് ഇപ്പോഴും നല്‍കുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധി സമയത്ത് പണമിടപാടിന് ഹൈകോടതി നിര്‍ദേശിച്ചതാണിത്.

മാസങ്ങള്‍ക്കുശേഷവും സ്വര്‍ണമടക്കം വിറ്റ് തുക കണ്ടെത്തിയിട്ടും ഇതില്‍ മാറ്റം വരുത്താൻ ബാങ്കിനായിട്ടില്ല. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റര്‍ ഭരണമാണ് ഇപ്പോള്‍. ക്രമക്കേടുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും ബാങ്ക് പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിനുമായി സഹകരണ വകുപ്പ് നിയോഗിച്ച ഒമ്ബതംഗ കമ്മിറ്റി ശിപാര്‍ശകള്‍ ഇപ്പോഴും നടപ്പായിട്ടില്ല. ജില്ലയിലെ മറ്റ് സഹകരണ സംഘങ്ങളില്‍നിന്ന് 50 കോടി സമാഹരിച്ച്‌ കരുവന്നൂര്‍ ബാങ്കിനെ സഹായിക്കണമെന്നായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍, ഇങ്ങനെ തുക കൈമാറരുതെന്ന് അര്‍ബൻ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ നല്‍കിയതോടെയാണ് ഈ നീക്കം നിലച്ചത്.

റബ്കോയിലെ എട്ടുകോടിയുടെ നിക്ഷേപം തിരികെ വാങ്ങണം, കൈയിലുള്ള ഉപയോഗിക്കാത്ത ആസ്ഥികള്‍ വിറ്റ് പണം സമാഹരിക്കണം എന്നീ ശിപാര്‍ശകളും നടപ്പായില്ല. സ്വര്‍ണ ലേലത്തിലാകട്ടെ പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല. നൂറോളം ജാമ്യ ഭൂമികള്‍ പലവട്ടം ലേലത്തില്‍ വെച്ചെങ്കിലും വാങ്ങാനാളില്ല. ജാമ്യവസ്തുവിന്റെ മൂല്യം പത്തിരട്ടിവരെ പെരുപ്പിച്ചുകാട്ടിയാണ് വായ്പകളെടുത്തിട്ടുള്ളത്.

അതിനാല്‍ വിപണിമൂല്യത്തിന്റെ പല മടങ്ങാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളതെന്നതാണ് വാങ്ങാനാളില്ലാത്തതിന് കാരണം. മാടായിക്കോണം, പൊറത്തിശ്ശേരി, ആറാട്ടുപുഴ തുടങ്ങിയ മേഖലകളിലാണ് ഈ ജാമ്യഭൂമികള്‍. 20 ലക്ഷം രൂപ മുതല്‍ നാലരക്കോടി വരെ വായ്പയെടുത്തശേഷം തിരിച്ചടക്കാത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ ചെറിയ തുകകളൊഴികെ ബഹുഭൂരിപക്ഷവും തട്ടിപ്പ് വായ്പകളുടെ കൂട്ടത്തിലുള്ളവയാണ്. 50 ലക്ഷം രൂപ പരമാവധി വ്യക്തിഗത വായ്പ പരിധിയുള്ളപ്പോഴാണ് നാലരക്കോടി വരെ നല്‍കിയത്.

മുഖ്യപ്രതികളിലൊരാളും ബാങ്കിന്റെ മുൻ മാനേജരുമായ ബിജു കരീമിന്റെ കാര്‍ ക്രൈംബ്രാഞ്ച് ലേലം ചെയ്തിട്ടുണ്ടെങ്കിലും കിട്ടിയ വരുമാനം എത്രയെന്ന് അറിയില്ല. ഇടപാടിന് തൃശൂര്‍ വിജിലൻസ് കോടതിയുടെ അനുമതി ലഭിച്ചാലേ അത് ബാങ്കിലേക്ക് വരവ് വെക്കാനാവൂ. നിക്ഷേപകര്‍ക്ക് മുഴുവൻതുകയും കൊടുത്ത് തീര്‍ക്കാൻ സര്‍ക്കാര്‍ ഇടപെടലല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular