Sunday, May 19, 2024
HomeIndiaജയം അനിവാര്യം; ഇന്ത്യ-ന്യൂസിലന്‍ഡ് ‘മിനി സെമി ഫൈനല്‍’ ഇന്ന്

ജയം അനിവാര്യം; ഇന്ത്യ-ന്യൂസിലന്‍ഡ് ‘മിനി സെമി ഫൈനല്‍’ ഇന്ന്

ദുബായ്: ആത്മവിശ്വാസത്തോടെ കളിയെ സമീപിക്കുന്ന ഒരു ടീമിനെതിരെ വിജയം അനിവാര്യമായ മത്സരത്തിന് ഇറങ്ങുന്നത് അത്ര എളുപ്പമല്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഐസിസി ടൂര്‍ണമെന്റുകളില്‍ കെയിന്‍ വില്യംസണിന്റെ ടീമിനോട് പരാജയം രുചിച്ചായിരുന്നു ഇന്ത്യ മടങ്ങിയത്. ഒന്ന് 2019 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍, രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ട്വന്റി 20 ലോകകപ്പില്‍ നിന്ന് അപ്രതീക്ഷിത പുറത്താകലാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ടീമിനോടും വില്യംസണ്‍ എന്ന ‘നിഷ്കളങ്കനായ’ നായകനോടുള്ള ഇഷ്ടവും മൂലം 2019 സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി സമ്മാനിച്ചിട്ടും ന്യൂസിലന്‍ഡ് ടീമിനോട് ആര്‍ക്കും വിരോധമുണ്ടായില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍ ശേഷം കോഹ്ലിയുടെ തോളില്‍ തല ചായ്ച്ചുള്ള വില്യംസണിന്റെ ചിത്രം ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക. 2020 ല്‍ നടന്ന ടെസ്റ്റ് പരമ്പരയിലും ന്യൂസിലന്‍ഡിനോട് കോഹ്ലിയും സംഘവും പരാജയപ്പെട്ടു. ക്ലാസുകൊണ്ട് ഹൃദയം കീഴടക്കുന്ന ഒരു കിവിക്കൂട്ടം.

ഇന്ത്യയാവട്ടെ മുന്‍താരങ്ങളില്‍ നിന്ന് പോലും വിമര്‍ശനം നേരിടുകയാണ്. പാക്കിസ്ഥാനെതിരായുള്ള 10 വിക്കറ്റ് പരാജയത്തിന് ശേഷമുണ്ടായ പ്രതികരണം പ്രതീക്ഷിച്ചതായിരുന്നു. ടീമിന്റെ സന്തുലിതാവസ്ഥ ചോദ്യം ചെയ്യപ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യയുടെ ശാരീരിക ക്ഷമതയാണ് പ്രധാന ആശങ്ക. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവോ ഇഷാന്‍ കിഷനോ എന്ന സംശയം. യുസുവേന്ദ്ര ചഹലിന് മുകളില്‍ രാഹുല്‍ ചഹറിനെ പരിഗണിക്കാനുള്ള കാരണം. അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍.

ടീമിലെ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനമാണ് നിലവിലെ ചര്‍ച്ച. ഇന്ത്യയുടെ ‘ആസിഫ് അലി’യാകാന്‍ ഹാര്‍ദിക്കിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. മത്സരം മികച്ച പ്രഹരശേഷിയില്‍ അവസാനിപ്പിക്കാനുള്ള താരത്തിന്റെ മികവാണ് ഇന്ത്യക്ക് ഇപ്പോള്‍ ആവശ്യം. ഐപിഎല്ലിലും സന്നാഹ മത്സരങ്ങളിലും ഹാര്‍ദിക്കിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് നിര്‍ണായകമാകുക രോഹിത് ശര്‍മ – കെ.എല്‍. രാഹുല്‍ കൂട്ടുകെട്ട് നല്‍കുന്ന തുടക്കമായിരിക്കും.

ഇന്ത്യന്‍ ടീമിന്റെ തിരിച്ചു വരാനുള്ള കഴിവാണ് പ്രതീക്ഷ നല്‍കുന്ന ഒന്ന്. ഇതിലും വലിയ തിരിച്ചടികളില്‍ നിന്ന് ഉയര്‍ത്ത് എണീറ്റ് വന്ന ചരിത്രം നമുക്ക് മുന്നിലുണ്ട്. അഡ്ലെയിഡ് ടെസ്റ്റില്‍ കേവലം 36 റണ്‍സിന് ഓള്‍ ഔട്ടായതിന് ശേഷമായിരുന്നു ഇന്ത്യ ഓസിസിനെതിരെ പരമ്പര വിജയം സ്വന്തമാക്കിയത് വിസ്മരിക്കാനാകില്ല. ടീമിനെ ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ കഴിവുള്ളവരാല്‍ സമ്പന്നമായ ഇന്ത്യക്ക് തിരിച്ചു വരവ് അസാധ്യമായ ഒന്നല്ല.

കോഹ്ലിയുടെ വാക്കുകളില്‍ നിന്നും അത് വ്യക്തമായിരുന്നു. “കൂട്ടായ ശ്രമത്തിലൂടെ എങ്ങനെ കളിയെ സമീപിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ ശക്തിയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കളത്തിന് പുറത്തുള്ള വിമര്‍ശനങ്ങള്‍ ഞങ്ങളെ ബാധിക്കുന്ന ഒന്നല്ല. കായികമാകുമ്പോള്‍ എന്ത് സംഭവിക്കുമെന്നതില്‍ നിശ്ചയമുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ക്ക് ടീമിനുള്ളില്‍ സ്ഥാനമില്ല,” കോഹ്ലി വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെതിരെ ടീം തിരഞ്ഞെടുപ്പാകും ഏറെ നിര്‍ണായകമാകുക. ഹാര്‍ദിക്കിന് പകരം ശാര്‍ദൂല്‍ എത്തുമോ എന്നതിന് കോഹ്ലി വ്യക്തമായ മറുപടി നല്‍കിയിരുന്നു. “ഹാര്‍ദിക്കിന് പരിക്കുകളില്ല. ഞങ്ങളുടെ പദ്ധതികളിലുള്‍പ്പെട്ട താരമാണ് ഹാര്‍ദിക്. ടീമിന്റെ മൂല്യം വര്‍ധിപ്പിക്കുന്ന താരം. എപ്പോള്‍ നല്‍കിയിരുക്കന്ന ജോലി ചെയ്യാനാകുന്ന വ്യക്തി തന്നെയാണ് അദ്ദേഹം. ആറാം ബോളറുടെ ആവശ്യം വന്നാല്‍ ഹാര്‍ദിക്കിന് എറിയാന്‍ കഴിയും,” കോഹ്ലി കൂട്ടച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular