Friday, May 3, 2024
HomeIndiaമൈസൂരു ദസറ; കൊട്ടാരനഗരത്തില്‍ സന്ദര്‍ശകരുടെ പ്രവാഹം, നാളെ സമാപനം

മൈസൂരു ദസറ; കൊട്ടാരനഗരത്തില്‍ സന്ദര്‍ശകരുടെ പ്രവാഹം, നാളെ സമാപനം

ബെംഗളൂരു: ദസറയുടെ അവസാനദിനത്തിനായൊരുങ്ങി മൈസൂരു കൊട്ടാരം. ദസറ കാഴ്ചകള്‍കാണാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ് നഗരത്തിലേക്കുള്ളത്.

നവരാത്രിയോടനുബന്ധിച്ചുള്ള തുടര്‍ച്ചയായ അവധി ലഭിച്ചതിനാല്‍ നഗരത്തിലേക്ക് മുന്‍പെങ്ങും കാണാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. അംബാവിലാസ് കൊട്ടാരം, മൃഗശാല, ചാമുണ്ഡിഹില്‍സ്, ബൃന്ദാവന്‍ ഗാര്‍ഡന്‍, കെആര്‍എസ് അണക്കെട്ട്, ശ്രീരംഗപട്ടണ, രംഗനത്തിട്ടു പക്ഷി സങ്കേതം എന്നിവ സന്ദര്‍ശിക്കാനാണ് കൂടുതല്‍ സന്ദര്‍ശകരെത്തുക.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ചാമുണ്ഡി ഹില്‍സില്‍ വെച്ച്‌ സംഗീതസംവിധായകന്‍ ഹംസലേഖയാണ് തുടക്കം കുറിച്ചത്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, മറ്റ് മന്ത്രിമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇതിനോടകം ദസറയ്‌ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നഗരത്തില്‍ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധവേദികളിലായി സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയിരുന്നു. ദസറയുടെ പാരമ്ബര്യ ചടങ്ങുകള്‍ക്കായി അംബാ വിലാസ് കൊട്ടാരത്തിലെ സുവര്‍ണ സിംഹാസനവും തയ്യാറായിട്ടുണ്ട്.

അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് മൈസൂരുവിലേക്കുള്ള ടാക്‌സി വാഹനങ്ങള്‍ക്ക് 24 വരെ നികുതി ഇളവ് പ്രഖ്യാപിച്ചതോടെ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും ദസറ പരിപാടികള്‍ കാണാനായെത്തും. നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നവംബര്‍ വരെയുള്ള ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. കര്‍ണാടകയുടെ വിനോദസഞ്ചാര സീസണും ദസറയോടനുബന്ധിച്ചാണ് ആരംഭിക്കുന്നത്.

ദീപാവലി സീസണില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ തിരക്ക് ആരംഭിക്കും. ദസറയോടനുബന്ധിച്ചുള്ള എയര്‍ഷോ ഇന്ന് വൈകിട്ട് 4 മുതല്‍ 5 വരെ ബന്നിമണ്ഡപ് ഗ്രൗണ്ടില്‍ നടക്കും. ഇന്നലെ വൈകിട്ട് 4ന് പരിശീലനം പറക്കല്‍ നടത്തിയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷമാണ് ദസറ എയര്‍ ഷോ പുനരാരംഭിക്കുന്നത്. കൊവിഡ് കാരണവും മറ്റ് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണവും മുന്‍ വര്‍ഷങ്ങളില്‍ ദസറയുടെ ഭാഗമായി എയര്‍ ഷോ നടന്നിരുന്നില്ല.

നേരത്തെ, സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം പ്രതിരോധ മന്ത്രാലയം ദസറ സമയത്ത് എയര്‍ ഷോയ്‌ക്ക് അനുമതി നല്‍കിയിരുന്നു. വ്യോമസേനാ ഉദ്യോഗസ്ഥര്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ദസറയ്‌ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയത്. അതേസമയം ദസറ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 16 മുതല്‍ 22 വരെ നടന്നു. ഈ കാലയളവില്‍ ഐഎന്‍എക്സിലും ഡിആര്‍സി സിനിമാസിലും മൊത്തം 112 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. സിനിമകളില്‍ വാണിജ്യ ഹിറ്റുകളും കലയും ദേശീയ അവാര്‍ഡ് നേടിയ സിനിമകളും ഉള്‍പ്പെട്ടിരുന്നു. ലോക ചലച്ചിത്ര വിഭാഗത്തില്‍ 18 സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും 30 കന്നഡ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

യുവാക്കളുടെ കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള യുവദസറയും സംഘടിപ്പിച്ചു. സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതിനാല്‍ ഇത്തവണ ചെലവ് കുറച്ചുള്ള ആഘോഷമാണ് സംഘടിപ്പിക്കുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ചന്ദ്രയാന്‍-3യുടെ മാതൃക രൂപകല്പന ചെയ്തിട്ടുണ്ട് എന്നതാണ് ഈ വര്‍ഷത്തെ ദസറ പുഷ്പമേളയുടെ പ്രത്യേകത. ലക്ഷക്കണക്കിന് പൂക്കള്‍ ഉപയോഗിച്ചാണ് ചന്ദ്രയാന്‍-3യുടെ മാതൃക തയാറാക്കിയിരിക്കുന്നത്. ഐഎസ്‌ആര്‍ഒയുടെ മുഴുവന്‍ ടീമിനും ചാന്ദ്രദൗത്യത്തിന്റെ വിജയത്തിനും സമര്‍പ്പിച്ചു കൊണ്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിജയകരമായ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പും ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ചേര്‍ന്നാണ് ചന്ദ്രയാന്‍-3 മാതൃക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രദര്‍ശന വേളയില്‍ റോക്കറ്റ്, വിക്രം ലാന്‍ഡര്‍, പ്രഗ്യാന്‍ റോവര്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദസറ പുഷ്പമേളയുടെ പ്രധാനആകര്‍ഷണമാണിത്. കുപ്പണ്ണ പാര്‍ക്കിലെ ഗ്ലാസ് ഹൗസിനുള്ളിലാണ് പുഷ്പങ്ങളിലൂടെ ചന്ദ്രയാന്‍-3 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാവര്‍ഷവും ഗ്ലാസ് ഹൗസിനുള്ളില്‍ ഒരു പ്രത്യേക മാതൃക സൃഷ്ടിക്കാറുണ്ട്.

രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ തന്നെ ചരിത്ര വിജയം കണക്കിലെടുത്താണ് ഈ വര്‍ഷം ചന്ദ്രയാന്‍-3യുടെ മാതൃക നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. ഇതിന് പുറമെ 90,000 പൂച്ചെടികളോളം പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ഫ്ളവര്‍ ഷോയില്‍ ക്രിക്കറ്റ് ലോകകപ്പിനെ അനുസ്മരിച്ചു കൊണ്ടുള്ള പുഷ്പ പ്രദര്‍ശനവും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ഒമ്ബത് മുതല്‍ രാത്രി 9.30 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശനഫീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular