Saturday, May 18, 2024
HomeKeralaകോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിലും പുതിയ വകഭേദമായ ജെ.എൻ.1 കണ്ടെത്തിയതിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും എന്നാല്‍, മുൻകരുതല്‍ നടപടികളില്‍ ഒരു വീഴ്ചയും പാടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. ആരോഗ്യ മേഖല രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും സംസ്ഥാനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാൻ കേന്ദ്രം തയാറാണെന്നും മൻസൂഖ് മാണ്ഡവ്യ യോഗത്തില്‍ വ്യക്തമാക്കി. മുഴുവൻ സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് മാണ്ഡവ്യ പറഞ്ഞു. എല്ലാ ആശുപത്രികളോടും മൂന്ന് മാസത്തിലൊരിക്കല്‍ മോക് ഡ്രില്‍ നടത്തണം. ശൈത്യകാലവും വരാനിരിക്കുന്ന ഉത്സവകാലവും കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

പുതിയ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചിരുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം, ജില്ലതലത്തില്‍ രോഗലക്ഷണങ്ങള്‍ കൂടുന്നത് നിരീക്ഷിക്കണം, ആര്‍.ടി.പി.സി.ആര്‍, ആന്റിജൻ പരിശോധനകള്‍ കൂടുതല്‍ നടത്തണം, പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്രം നല്‍കുകയുണ്ടായി.

ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഇന്ത്യൻ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബഹല്‍, നിതി ആയോഗ് അംഗം (ആരോഗ്യം) വി.കെ പോള്‍, ലോകാരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular