Friday, May 17, 2024
HomeUncategorizedഇറാൻ ഇരട്ട സ്ഫോടനം: പിന്നില്‍ ഐസിസ്

ഇറാൻ ഇരട്ട സ്ഫോടനം: പിന്നില്‍ ഐസിസ്

ടെഹ്‌റാൻ: ഇറാനില്‍ ബുധനാഴ്ചയുണ്ടായ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു. തങ്ങളുടെ രണ്ട് ചാവേറുകളാണ് കൃത്യം നിര്‍വഹിച്ചതെന്നും ഇന്നലെ ടെലിഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ഐസിസ് അറിയിച്ചു.

സ്യൂട്ട്കേസ് ബോംബുകള്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു ഇറാൻ അധികൃതരുടെ നിഗമനം. സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേലും യു.എസുമാണെന്ന് ആരോപിച്ച്‌ ഇറാൻ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്കോ ഇസ്രയേലിനോ പങ്കില്ലെന്ന് യു.എസ് പ്രതികരിച്ചിരുന്നു.

അതേസമയം, സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 84 ആണെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്‌മ്മദ് വഹീദി അറിയിച്ചു. 103 പേര്‍ മരിച്ചെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് പ്രാഥമിക കണക്കില്‍ സംഭവിച്ച പിഴവാണെന്ന് അദ്ദേഹം വ്യക്തമാക്കി. 280 പേര്‍ക്ക് പരിക്കേറ്റു.

ഇറാൻ റെവലൂഷനറി ഗാര്‍ഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മുൻ തലവൻ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാര്‍ഷികദിന അനുസ്മരണത്തിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച ഇരട്ട സ്ഫോടനമുണ്ടായത്. തെക്കൻ നഗരമായ കെര്‍മാനിലെ സാഹിബ് അല്‍ – സമാൻ പള്ളിക്ക് സമീപം സുലൈമാനിയെ അടക്കിയ കബറിടത്തിന് സമീപമായിരുന്നു 13 മിനിറ്റ് ഇടവേളയില്‍ സ്ഫോടനങ്ങളുണ്ടായത്.

യു.എൻ, യൂറോപ്യൻ യൂണിയൻ എന്നിവയും ചൈന, സൗദി അറേബ്യ, ജോര്‍ദ്ദാൻ, ജര്‍മ്മനി, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. ഞെട്ടലും അഗാധമായ ദുഃഖവും രേഖപ്പെടുത്തിയ ഇന്ത്യ ദുരന്തത്തിനിരയായവര്‍ക്കും ഇറാൻ ഭരണകൂടത്തിനും ഐക്യദാര്‍ഢ്യം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular