Sunday, May 19, 2024
HomeKeralaനീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല -വി.ഡി സതീശൻ

നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല -വി.ഡി സതീശൻ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയാണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

വീണ വിജയന്റെ കമ്ബനിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മൗനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നവകേരള സദസ്സിനിടെ തരംതാണ രീതിയില്‍ പ്രതിപക്ഷത്തുള്ള നേതാക്കളെ അധിക്ഷേപിച്ചയാളാണ് പൊതുമരാമത്ത് മന്ത്രി. ഇപ്പോള്‍ അദ്ദേഹത്തിന്റെ നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയാണോയെന്ന് വി.ഡി സതീശൻ ചോദിച്ചു.

കേരളത്തില്‍ സി.പി.എമ്മും സംഘ്പരിവാറും തമ്മില്‍ രഹസ്യധാരണയുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലും കരുവന്നൂര്‍ കേസിലും ഈ ധാരണ പ്രകാരമാണ് അന്വേഷണം നിലച്ചത്. എക്സാലോജിക്കിനെതിരായ അന്വേഷണവും നീതിപൂര്‍വമായി നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

അന്വേഷണപരിധിയിലേക്ക് കെ.എസ്.ഐ.ഡി.സി കൂടി എത്തിയത് ഗൗരവതരമായ കാര്യമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിനെതിരെയും രൂക്ഷവിമര്‍ശനമാണ് വി.ഡി സതീശൻ നടത്തിയത്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ ക്രൂരമര്‍ദനമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുരോധ്യനന്റെ സഭയില്‍ സംഭവിച്ചതാണ് ഇന്നലെ കണ്ണൂരും ആവര്‍ത്തിച്ചത്. പെണ്‍കുട്ടികളെയടക്കം പൊലീസ് ക്രൂരമായി മര്‍ദിച്ചു. നട്ടെല്ല് ഇല്ലാത്ത ഡി.ജി.പിയാണ് കേരളത്തിന്റെ പൊലീസ് തലപ്പത്തുള്ളതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്ബനിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എക്സാലോജിക്കിനെതിരായ അന്വേഷണത്തിന് കേന്ദ്ര കമ്ബനികാര്യ മന്ത്രാലയമാണ് ഉത്തരവിട്ടത്. മൂന്നംഗ സംഘമാണ് കേസില്‍ അന്വേഷണം നടത്തുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

സി.എം.ആര്‍.എല്‍ എന്ന സ്വകാര്യ കമ്ബനിയില്‍ നിന്ന് വീണക്ക് പണം ലഭിച്ചുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണം. സി.എം.ആര്‍.എല്‍, കെ.എസ്.ഐ.ഡി.സി എന്നിവയും അന്വേഷണ പരിധിയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular