Friday, May 3, 2024
HomeKeralaനിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച ഹൈകോടതി മുൻ ഗവ. പ്ലീഡര്‍ കീഴടങ്ങി

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച ഹൈകോടതി മുൻ ഗവ. പ്ലീഡര്‍ കീഴടങ്ങി

പുത്തൻകുരിശ്: നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ ഹൈകോടതിയിലെ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു കീഴടങ്ങി. പുത്തൻകുരിശ് പൊലീസിന് മുമ്ബാകെയാണ് കീഴടങ്ങിയത്. ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മനു ഒളിവിലായിരുന്നു. പി.ജി.

മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയും ഹൈകോടതിയും നേരത്തെ തള്ളിയിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ തന്നെ മനു പല തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. താൻ ഉള്‍പ്പെട്ട മറ്റൊരു കേസില്‍ നിയമസഹായം തേടിയാണ് യുവതി അഡ്വ. മനുവിനെ സമീപിച്ചത്. പല തവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും രണ്ടു തവണ ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിക്കുന്നു. യുവതിയെ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജഡ്ജി പാനലില്‍ ഉള്‍പ്പെടാൻ സാധ്യതയുള്ളയാളാണ് താനെന്നും പരാതി പിൻവലിക്കണമെന്നും സഹോദരനെ ഫോണില്‍ വിളിച്ച്‌ ഇയാള്‍ അഭ്യർഥിച്ചു. ഇതിന്‍റെ ശബ്ദരേഖയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ഡോക്ടറുടെ ഭാഗത്തു നിന്നും അപമാനമുണ്ടായി.

മാനസികമായി തകർന്ന അവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടിയും വന്നു. ബലം പ്രയോഗിച്ചെടുത്ത നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതി പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ചേർത്തതിന് പിന്നാലെ ഹൈകോടതി സീനിയർ ഗവണ്‍മെന്‍റ് പ്ലീഡർ പദവിയില്‍ നിന്ന് പി.ജി. മനുവിനെ പുറത്താക്കിയിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന് ഐ.ടി. ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളും ചോറ്റാനിക്കര പൊലീസ് ചുമത്തിയിട്ടുണ്ട്. ഇരയായ യുവതിയെ കോടതി കേസില്‍ കക്ഷി ചേർത്തിട്ടുണ്ട്.

മുമ്ബ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം തന്നില്‍ നിന്നുണ്ടായിട്ടില്ലെന്നുമാണ് മനുവിന്‍റെ വാദം. കേസ് തൊഴില്‍ മേഖലയിലെ ശത്രുക്കള്‍ കെട്ടിച്ചമച്ചതാണെന്നും മനു പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular