Saturday, May 4, 2024
HomeCinemaദോശക്കല്ലില്‍ നിന്നും ഇഡ്ഡലി പ്രതീക്ഷിക്കരുത്, ലിജോ മാനസികമായി തകര്‍ന്നു: ഷിബുബേബി ജോണ്‍

ദോശക്കല്ലില്‍ നിന്നും ഇഡ്ഡലി പ്രതീക്ഷിക്കരുത്, ലിജോ മാനസികമായി തകര്‍ന്നു: ഷിബുബേബി ജോണ്‍

ലൈക്കോട്ടൈ വാലിബൻ സിനിമയെ തകർക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമായ താല്‍പര്യങ്ങളുമുണ്ടെന്നു ചിത്രത്തിന്‍റെ നിർമാതാവ് ഷിബു ബേബി ജോണ്‍.
സിനിമ വ്യവസായത്തെ തകർക്കുന്ന പ്രവണതയാണ് ഇപ്പോള്‍ നടക്കുന്നത്. സിനിമ ഇഷ്ടമായില്ലെങ്കില്‍ പറയുന്നതില്‍ തെറ്റില്ല. പക്ഷേ ആ വ്യവസായത്തെ തകർക്കാൻ ശ്രമിക്കുകയാണ്.

മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും സൗഹൃദത്തിന്‍റെ ആഴം അളക്കാനാവില്ല. അവരുടെ പേരില്‍ ആരെങ്കില്‍ സിനിമയെ തകർക്കാൻ ശ്രമിച്ചാല്‍ അവർ വിഡ്ഢികളാണെന്നും ഷൂട്ടിംഗ് ആരംഭിച്ച ദിവസം മുതല്‍ റിലീസിന്‍റെ തലേദിവസം വരെ ലിജോ അനുഭവിച്ച ടെൻഷൻ താൻ നേരിട്ടു കണ്ടതാണെന്നും മാനസികമായി തകർന്നിരിക്കുകയാണ് അദ്ദേഹമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

സിനിമയ്ക്കെതിരായ ആക്രമണത്തില്‍ പുതുമ തോന്നുന്നില്ല. രാഷ്ട്രീയത്തില്‍ ഇതൊക്കെ അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ. പക്ഷേ സിനിമയിലും ഇതുണ്ട് എന്ന് മനസിലാക്കിയതിലുള്ള വിഷമം എനിക്കുണ്ട്.

വളരെ പ്രതികൂലമായേക്കും എന്നൊരു ഘട്ടത്തില്‍ ഭയന്നിരുന്നു. അതുപോലുള്ള റിവ്യൂ ബോംബിംഗ് നടന്നു. പക്ഷേ അത് മാറി ഇപ്പോള്‍ നല്ലൊരു സിനിമ എന്ന അഭിപ്രായം ഉയർന്നു വരുന്നുണ്ട്.

നിയമം കൊണ്ടൊന്നും ഇതിന് തടയിടാൻ കഴിയില്ല. കാരണം അഭിപ്രായം പറയുക നമ്മുടെ അവകാശമാണ്. പക്ഷേ എനിക്കിഷ്ടപ്പെട്ടില്ല എന്നു പറയുന്നതും കൊല്ലാൻ ശ്രമിക്കുന്നതും രണ്ടാണ്.

അതൊരു പൗരബോധത്തില്‍നിന്ന് സ്വയം ആർജിച്ചെടുക്കേണ്ട ചില മര്യാദകളാണ്. ദോശക്കല്ലില്‍നിന്നു നല്ല ദോശ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന ആളാണ് ലിജോ. ആ ദോശക്കല്ലില്‍നിന്ന് ഇഡ്ഡലി വേണമെന്നു പറഞ്ഞാല്‍ അത് ആ പ്രതീക്ഷയർപ്പിച്ചവരുടെ തെറ്റാണെന്നേ ഞാൻ പറയൂ.

ഡീഗ്രേഡിംഗ് നടത്തുന്നവരുടെ പശ്ചാത്തലം നോക്കുകയാണെങ്കില്‍ പല രാഷ്ട്രീയ താല്‍പര്യങ്ങളും മറ്റു താല്‍പര്യങ്ങളും നമുക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്. മമ്മൂട്ടി ഫാൻസും മോഹൻലാല്‍ ഫാൻസും തമ്മില്‍ പണ്ട് മുതലേ ഒരു മത്സരമുണ്ടായിരുന്നു.

അതില്‍ മമ്മൂക്കയുടെ എല്ലാ പരീക്ഷണങ്ങളെയും അദ്ദേഹത്തെ ഇഷ്ടമുള്ളവർ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ലാലിനെ ഇഷ്ടപ്പെടുന്നവർ അത് ചെയ്യുന്നില്ല. ലാല്‍ അതില്‍ മാത്രം പരിമിതപ്പെടണം എന്ന് ഇവർ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

നാല്‍പതു വർഷത്തോളം ലാലുമായി പരിചയമുണ്ട്. ഈ നാല്‍പത് വർഷമായി ഒരിക്കല്‍പോലും മമ്മൂക്കയെക്കുറിച്ച്‌ മോശമായി ഒരു വാക്ക് എന്നോടോ എന്‍റെ സാന്നിധ്യത്തില്‍ മറ്റൊരാളാടോ ലാല്‍ പറഞ്ഞിട്ടില്ല. ഇവർ തമ്മില്‍ ആ മര്യാദകളുണ്ട്. ഇവരുടെ പേരില്‍ ആരെങ്കിലും ചെയ്താല്‍ പോലും അവർ വിഡ്ഢികളാണെന്നേ പറയാൻ പറ്റൂ.

ലിജോയുമായി ഈ സിനിമയിലൂടെയാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ അദ്ദേഹവുമായി വളരെ അടുത്ത ബന്ധവുമായി. ഷൂട്ടിംഗ് ആരംഭിച്ച ദിവസം മുതല്‍ റിലീസിന്‍റെ തലേദിവസം വരെ ആ മനുഷ്യൻ അനുഭവിച്ച ടെൻഷൻ ഞാൻ നേരിട്ടു കണ്ടതാണ്.

മോശം പടം എടുക്കാൻ വേണ്ടിയല്ലല്ലോ ഈ ടെൻഷൻ മുഴുവൻ അനുഭവിച്ചത്. അദ്ദേഹത്തിന്‍റെ സ്പേസില്‍ നിന്നുകൊണ്ട് മോഹൻലാലിനെ എങ്ങനെ പുള്ളി കാണാൻ ആഗ്രഹിക്കുന്നോ അതാണ് ഈ സിനിമയില്‍ ചെയ്തത്. അങ്ങനെയൊരു വ്യക്തിയെ പെട്ടെന്നെല്ലാവരും വലിച്ചുകീറുമ്ബോഴുണ്ടാകുന്ന മാനസിക സമ്മർദമുണ്ട്. വലിയൊരു ആഘാതം തന്നെയാണത്.

അദ്ദേഹത്തിനുണ്ടായ വേദന ഇവർ മനസിലാക്കുന്നില്ല, ലിജോ വേറെ കുഴപ്പമൊന്നും ചെയ്തില്ലല്ലോ? ഒന്നരവർഷം കൊണ്ട് ആലോചിച്ച്‌ എടുത്ത സിനിമ, ചിലർക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല, ചിലർക്ക് വേഗം കുറവായി തോന്നി. പക്ഷേ അതിനുവേണ്ടി ഒരാളെ ഇല്ലായ്മ ചെയ്യേണ്ട സാഹചര്യത്തിലേക്കു പോകേണ്ട കാര്യമുണ്ടോ? ഷിബു ബേബി ജോണ്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular